ദേശവേലസംഗമത്തിനിടെ ആനകള്‍ പരസ്​പരം കുത്തിവീഴ്ത്തി: പാപ്പാന് പരിക്ക്;

മണ്ണാര്‍ക്കാട്: പെരിമ്പടാരി പോര്‍ക്കൊരിക്കല്‍ ഭഗവതിക്ഷേത്രത്തിലെ താലപ്പൊലിയാഘോഷത്തിന്റെ ദേശവേലസംഗമത്തിനിടെ ആനകളിടഞ്ഞ് പരിഭ്രാന്തി പരത്തി. സംഭവത്തില്‍ പാപ്പാന്മാരിലൊരാള്‍ക്ക് പരിക്കേറ്റു. ആനകള്‍ തമ്മില്‍ കൊമ്പുകോര്‍ത്ത് ഒരാനയെ കുത്തിവീഴ്ത്തിയതോടെ തടിച്ചുകൂടിയ ജനക്കൂട്ടം ചിതറിയോടി. ഓട്ടത്തിനിടെ വീണ് ചിലര്‍ക്കെല്ലാം ചില്ലറ പരിക്കും പറ്റിയിട്ടുണ്ട്.

പെരിമ്പടാരി കൂത്തുമാടം ഗ്രൗണ്ടില്‍ ചൊവ്വാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. കുമരംപുത്തൂര്‍ ദേശവേലയിലും പോത്തോഴി ദേശവേലയിലുമായി ആദ്യം ഗ്രൗണ്ടിലെത്തിയ നാല് ആനകളില്‍ ചുള്ളിപ്പറമ്പില്‍ വിഷ്ണുശങ്കര്‍ എന്ന ആനയാണ് പ്രശ്‌നമുണ്ടാക്കിയത്. നെറ്റിപ്പട്ടവും തിടമ്പുമേന്തി ആനകള്‍ തമ്മില്‍ കുത്തിയതോടെ ഒരാന താഴെ വീണു. ആനപ്പുറത്തിരുന്ന തിടമ്പും താഴെ വീണു. ഇതിനിടയിലാണ് പാപ്പാന് പരിക്കേറ്റത്.

പാപ്പാന്‍ മണികണ്ഠനെ (42) താലൂക്കാസ്​പത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സനല്‍കി. ആനകള്‍ തമ്മില്‍ കുത്തുകൂടിയപ്പോള്‍ താലപ്പൊലിപ്പറമ്പില്‍ കൂടിനിന്ന ജനക്കൂട്ടം പലവഴിക്കും ചിതറിയോടുകയായിരുന്നു. ഇതിനിടെ കൂത്തുമാടം ഗ്രൗണ്ടിലുണ്ടായിരുന്ന ആനകളുടെ മുകളിലിരുന്നവര്‍ക്ക് താഴെയിറങ്ങാന്‍ കഴിയാത്ത സ്ഥിതിയായി. എസ്.ഐ. ദീപകുമാറിന്റെ നേതൃത്വത്തില്‍ പോലീസ് സംഘവും എലിഫന്റ് സ്‌ക്വാഡും രംഗത്തുണ്ടായിരുന്നതിനാല്‍ പ്രശ്‌നക്കാരായ ആനകളുള്‍പ്പെടെ ഗ്രൗണ്ടിലെത്തിയ നാല് ആനകളെയും സമീപത്തെ പറമ്പിലേക്ക് കൂച്ചുവിലങ്ങിട്ട് പാപ്പാന്മാര്‍ തന്നെ കൊണ്ടുപോയി. തുടര്‍ന്നാണ് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമായത്.ആനകള്‍ തമ്മില്‍ ഇടഞ്ഞതോടെ കൂത്തുമാടം ഗ്രൗണ്ടിലെ ദേശവേലസംഗമം നടന്നില്ല.