നിയന്ത്രണരേഖയില്‍ ശക്തമായ വെടിവയ്പ്പ് തുടരുന്നു

ശക്തമായ വെടിവയ്പ്പു തുടരുന്ന നിയന്ത്രണരേഖയില്‍ പാക്കിസ്ഥാന്‍  25 ഓളം ബിഎസ്എഫ് പോസ്റ്റുകളെ ലക്ഷ്യം വയ്ക്കുന്നു. ഇന്നലെ രാത്രിയില്‍ ആരംഭിച്ച വെടിവയ്പ്പ് ഇപ്പോഴും തുടരുകയാണ്. അര്‍നിയ, ആര്‍എസ് പുര, അഖ്‌നൂര്‍ സെക്ടറുകളിലെ സൈനിക പോസ്റ്റുകള്‍ക്കു നേരെയാണ് പാക്കിസ്ഥാന്‍ വെടിയുതിര്‍ത്തത്. ഇന്ത്യ ശക്തമായി തന്നെ തിരിച്ചടിക്കുന്നുണ്ട്.

രാജ്യാന്തര അതിര്‍ത്തിയില്‍ ഇന്ത്യയുടെ 22 സൈനിക പോസ്റ്റുകള്‍ക്കും 13 ഗ്രാമങ്ങള്‍ക്കും നേരെ പാക്കിസ്ഥാന്‍ സൈന്യം ഇന്നലെ പുലര്‍ച്ചെ നടത്തിയ ആക്രമണത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെടുകയും ബിഎസ്എഫ് ഭടന്‍ ഉള്‍പ്പെടെ ആറു പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ജമ്മു മേഖലയിലെ രാജ്യാന്തര അതിര്‍ത്തിയില്‍, 2003ലെ വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നതിനു ശേഷമുള്ള ഏറ്റവും വലിയ ആക്രമണമാണ് ഇന്നലെ നടന്നത്. അതിര്‍ത്തിയില്‍ താമസിക്കുന്ന ആയിരക്കണക്കിനു കുടുംബങ്ങള്‍ ഇതോടെ ഭീതിയിലായിലാണ്.

അതേസമയം, എല്ലാ വെടിനിര്‍ത്തല്‍ ലംഘനങ്ങള്‍ക്കും ശക്തമായി തിരിച്ചടിക്കാന്‍ സൈന്യം തയാറാണെന്ന് പ്രതിരോധമന്ത്രി അരുണ്‍ ജയ്റ്റ്‌ലി പറഞ്ഞു. രാജ്യത്തെ സംരക്ഷിക്കുന്നത് സൈനികര്‍ക്ക് കഴിമെന്നതില്‍ വിശ്വാസമുണ്ടെന്നും ജയ്റ്റ്‌ലി പറഞ്ഞു.