നിയമസഭാ ഉപതിരഞ്ഞെടുപ്പ് : ബി.ജെ.പിക്ക് തിരിച്ചടി

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ചൂടാറും മുമ്പ് നടന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് തിരിച്ചടി. നാലു സംസ്ഥാനങ്ങളിലെ 18 മണ്ഡലങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ഏഴെണ്ണത്തില്‍ മാത്രമാണ് ബി.ജെ.പിക്ക് മുന്നിലെത്താന്‍ കഴിഞ്ഞത്. ബിഹാര്‍, മധ്യപ്രദേശ്, പഞ്ചാബ്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പ് ഫലമാണ് ഇന്ന് പുറത്തുവന്നത്.

ബിഹാറില്‍ ബി.ജെ.പി.യെ നേരിടാന്‍ നിതീഷ് കുമാറിന്റെ ജെ.ഡിയു, ലാലു പ്രസാദ് യാദവിന്റെ ആര്‍.ജെ.ഡി., കോണ്‍ഗ്രസ് പാര്‍ട്ടികള്‍ എന്നിവ ചേര്‍ന്ന് രൂപം കൊടുത്ത വിശാല മതേതരസഖ്യം മുന്നേറ്റമുണ്ടാക്കി. 10 മണ്ഡലങ്ങളില്‍ ആറിടത്ത് ജെ.ഡി.യു-ആര്‍.ജെ.ഡി സഖ്യം വിജയിച്ചു.

ഉപതിരഞ്ഞെടുപ്പ് നടന്ന പത്തില്‍ അഞ്ചെണ്ണം ബി.ജെ.പി.യുടെയും നാലെണ്ണം ആര്‍.ജെ.ഡി.യുടെയും ഒരെണ്ണം ജെ.ഡിയു.വിന്റെയും സിറ്റിങ് സീറ്റുകളാണ്.

ബിഹാറില്‍ അടുത്തവര്‍ഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ സെമി ഫൈനലായാണ് ഈ ഉപതിരഞ്ഞെടുപ്പിനെ രാഷ്ട്രീയ പാര്‍ട്ടികള്‍ കാണുന്നത്. വിശാല മതേതരസഖ്യം, എന്‍.ഡി.എ., ഇടതുപക്ഷം എന്നിവയുള്‍പ്പെട്ട ത്രികോണമത്സരമാണ് നടന്നത്.

കര്‍ണാടകത്തിലെ മൂന്ന് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് രണ്ടും ബി.ജെ.പിയും ഒരു സീറ്റും നേടി. ബി.ജെ.പിയുടെ സിറ്റിംഗ് സീറ്റായിരുന്ന ബെല്ലാരി റൂറല്‍ കോണ്‍ഗ്രസ് പിടിച്ചെടുത്തത് ബി.ജെ.പിക്ക് വന്‍ തിരിച്ചടിയായി. ബി.ജെ.പിയുടെ ഒബലേഷിനെ 33,104 വോട്ടുകള്‍ക്കാണ് കോണ്‍ഗ്രസിന്റെ എന്‍.വൈ ഗോപാലകൃഷ്ണ പരാജയപ്പെടുത്തിയത്. ബി.ജെ.പിയുടെ ശ്രീരാമലു ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടത്തിയത്.

ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റ് ബി.എസ് യദ്യൂരപ്പയുടെ സിറ്റിംഗ് സീറ്റായിരുന്ന ശിക്കാരിപുര സീറ്റിലാണ് ബി.ജെ.പി വിജയിച്ചത്.
യദ്യൂരപ്പയുടെ മകന്‍ ബി.വൈ രാഘവേന്ദ്രയാണ് ഇവിടെ വിജയിച്ചത്. കോണ്‍ഗ്രസിലെ എച്ച്.എസ് ശാന്തവീരപ്പ ഗൗഡയെ 6430 വോട്ടുകള്‍ക്കാണ് രാഘവേന്ദ്ര പരാജയപ്പെടുത്തിയത്. ഏഴു തവണ യദ്യൂരപ്പ വന്‍ ഭൂരിപക്ഷത്തില്‍ ജയിച്ച മണ്ഡലമായ ശിക്കാരിപുരയില്‍ ഇത്തവണ ഭൂരിപക്ഷം വല്ലാതെ കുറഞ്ഞതും ബി.ജെ.പിക്ക് തലവേദനയായി.

മറ്റൊരു മണ്ഡലമായ ചിക്കോടി സഡാല്‍ഗയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഗണേഷ് പ്രകാശ് ഹുക്കേരി വിജയിച്ചു. ചിക്കോടി കോണ്‍ഗ്രസ്സിന്റെ സിറ്റിങ് സീറ്റാണ്. അതിനാല്‍തന്നെ വിജയം കോണ്‍ഗ്രസ്സിന്റെ അഭിമാനപ്രശ്‌നമായിരുന്നു. മുന്‍മന്ത്രിയും എം.പി.യുമായ പ്രകാശ് ഹുക്കേരിയുടെ മകനാണ് ഗണേഷ് ഹുക്കേരി.

രണ്ടു സീറ്റുകളിലേക്ക് ഉപതിരഞ്ഞെടുപ്പ് നടന്ന പഞ്ചാബില്‍ കോണ്‍ഗ്രസും ശിരോമണി അകാലിദളും ഓരോ സീറ്റുകള്‍ വീതം നേടി. പട്യാല മണ്ഡലത്തില്‍ മുന്‍ കേന്ദ്ര സഹമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പ്രണീത് കൗര്‍ 23,000 വോട്ടുകള്‍ക്ക് വിജയിച്ചു. അമൃത്സര്‍ എം.പിയും പഞ്ചാബ് മുന്‍ മുഖ്യമന്ത്രിയുമായ അമരീന്ദര്‍ സിങിന്റെ ഭാര്യയാണ് പ്രണീത് കൗര്‍. മൂന്നുതവണ പട്യാലയില്‍നിന്ന് ലോക്‌സഭയിലേക്ക് ജയിച്ച പ്രണീത് കൗര്‍ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടിരുന്നു.

തല്‍വാണ്ഡി സബോ സീറ്റില്‍ അകാലിദള്‍ സ്ഥാനാര്‍ഥി ജീത് മോഹിന്ദര്‍ സിദ്ദു മണ്ഡലം നിലനിര്‍ത്തി. കോണ്‍ഗ്രസ് എം.എല്‍.എയായിരുന്ന സിദ്ദു അകാലിദളില്‍ ചേര്‍ന്നതോടെയാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടത്തിയത്.

മധ്യപ്രദേശിലാണ് ബി.ജെ.പിക്ക് നേട്ടമുണ്ടാക്കാനായത്. മൂന്നില്‍ രണ്ടു സീറ്റും ബി.ജ.പി നേടി. അഗറും വിജയരാഖവ്ഗഡ്ഢുമാണ് ബി.ജെ.പി വിജയിച്ചത്.

അഗറില്‍ ബി.ജെ.പിയുടെ ഗോപാല്‍ പാര്‍മര്‍ 27,102 വോട്ടുകള്‍ക്ക് കോണ്‍ഗ്രസിലെ രാജ് കുമാര്‍ ഘോറിനെ പരാജയപ്പെടുത്തി. ഇവിടുത്തെ എം.എല്‍.എയായിരുന്ന മനോഹര്‍ ഉണ്ഡ് വാള്‍ ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്.

വിജയരാഖവ്ഗഡ്ഢ് മണ്ഡലത്തില്‍ ബി.ജെ.പിയുടെ സജ്ഞയ് പഥകാണ് കോണ്‍ഗ്രസിന്റെ ബിജേന്ദ്ര മിശ്രയെപരാജയപ്പെടുത്തിയത്. ഇവിടുത്തെ എം.എല്‍.എയായിരുന്ന പഥക് കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് കോണ്‍ഗ്രസില്‍ നിന്ന് ബി.ജെ.പിയിലേക്ക് മാറിയതിനെത്തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്.

ബഹോറിബന്ത് മണ്ഡലത്തിലാണ് കോണ്‍ഗ്രസ് വിജയിച്ചത്. ബി.ജെ.പിയുടെ സിറ്റിംഗ് സീറ്റ് കോണ്‍ഗ്രസ് പിടിച്ചെടുത്തതാണ് ഇത്. ബി.ജെ.പിയുടെ സിറ്റിംഗ് എം.എല്‍.എയായിരുന്ന പ്രഭാത് പാണ്ഡെ അന്തരിച്ചതിനെത്തുടര്‍ന്നായിരുന്നു ഇവിടുത്തെ ഉപതിരഞ്ഞെടുപ്പ്.