നെയ്മറിന് പരുക്ക്; ലാലിഗയിലെ ആദ്യ മത്സരം നഷ്ടമാകും

ബാഴ്‌സലോണ താരം നെയ്മറിന് പരുക്ക്. സ്പാനിഷ് ലീഗില്‍ എല്‍ക്കെയുമായി നടക്കുന്ന ആദ്യ മത്സരം നെയ്മറിന് നഷ്ടമാകും. കാല്‍ക്കുഴയ്ക്ക് പരുക്കേറ്റ നെയ്മര്‍ കളിക്കില്ലെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. ലോകകപ്പ് ക്വാര്‍ട്ടറില്‍ കൊളംബിയയ്‌ക്കെതിരായ മത്സരത്തില്‍ ഗുരുതര പരുക്കേറ്റ ബ്രസീലിയന്‍ താരത്തിന് നിരവധി മത്സരങ്ങള്‍ നഷ്ടമായിരുന്നു. ഏറെക്കാലത്തെ ഇടവേളയ്ക്ക് ശേഷം തിങ്കളാഴ്ച നടന്ന സൗഹൃദ മത്സരത്തില്‍ നെയ്മര്‍ കളിച്ചിരുന്നു. ബാഴ്‌സയ്ക്ക് വേണ്ടി ലിയോണിനെതിരെ കളിച്ച നെയ്മര്‍ ഒരു ഗോള്‍ നേടി ശാരീരിക ക്ഷമത തെളിയിച്ചു. എന്നാല്‍ ചെറിയ പരുക്കാണെങ്കില്‍ കൂടി നെയ്മറിനെ കളത്തിലിറക്കി പരുക്ക് വഷളാക്കാന്‍ ബാഴ്‌സലോണ ആഗ്രഹിക്കുന്നില്ല. കഴിഞ്ഞ സീസണില്‍ പ്രധാന കിരീടങ്ങളൊന്നും നേടാന്‍ കഴിയാതിരുന്ന ബാഴ്‌സലോണ ഇത്തവണ പുതിയ പരിശീലകന്‍ ലൂയിസ് എന്റികിന്റെ കീഴിലാണ് കളിക്കാനിറങ്ങുന്നില്ല.