നോർത്ത് ഈസ്റ്റിനു വിജയം; കേരള – നോർത്ത് ഈസ്റ്റ് മത്സരം നിർണ്ണായകം

അവസാന നാലിൽ ആര്?… കേരള ബ്ലാസ്റ്റേഴ്സോ അതോ നോർത്ത് ഈസ്റ്റ് യുണെെറ്റഡോ?…

ഫൈനലിന് മുൻമ്പുള്ള ഫൈനൽ എന്ന് വിശേഷിപ്പിക്കാവുന്ന മത്സരമാണ് നാലാം തീയതി കൊച്ചിയിൽ നടക്കുന്നത്. ഇതിൽ ആരു ജയിക്കുന്നുവോ അവർക്കു സെമിഫൈനലിസ്റ്റാകാം

19 പോയിന്റുള്ള കേരള ബ്ലാസ്റ്റേഴ്സിന് ഞായറാഴ്ച്ചത്തെ മത്സരത്തിൽ ജയിക്കുകയോ സമനിലയോ കൊണ്ട് സെമിയിലെത്താം. എന്നാൽ 18 പോയിന്റുമായി അഞ്ചാമതുള്ള നോർത്ത് ഈസ്റ്റിന് അവസാനമത്സരം ജയിച്ചേ മതിയാകൂ.

ഗുവാഹത്തിയിൽ നടന്ന നിർണായക മത്സരത്തിൽ ഡൽഹി ഡെെനാമോസിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് വിജയിച്ചാണ് നോർത്ത് ഈസ്റ്റ് സെമി പ്രതീക്ഷ നിലനിർത്തിയത്. ഇതോടെയാണ് നോർത്ത് ഈസ്റ്റ് ബ്ലാസ്റ്റേഴ്സിന്റെ അരികിൽ എത്തി. ഈ മൽസരം ഡൽഹി ജയിച്ചിരുന്നെങ്കിൽ ബ്ലാസ്റ്റേഴ്സിന് സെമി ഉറപ്പിക്കാമായിരുന്നു.

ഗോൾ രഹിതമായിരുന്നു ആദ്യ പകുതി. രണ്ടാം പകുതിയിലായിരുന്നു നോർത്ത് ഈസ്റ്റിന്റെ ഗോളുകൾ. സെയ്ത്യാസെൻ സിങ് (60), ക്രിസ്റ്റ്യൻ റോമറിക് (71) എന്നിവരാണ് ഗോളുകൾ നേടിയത്. ഡൽഹിയുടെ ആശ്വാസ ഗോൾ മാർസലീഞ്ഞോ ഇഞ്ചുറി ടൈമിൽ നേടി.

13 മൽസരങ്ങളിൽനിന്ന് 20 പോയിന്റുള്ള ഡൽഹി നേരത്തേതന്നെ സെമി ഉറപ്പിച്ചതാണ്. ഐഎസ്എൽ മൂന്നാം സീസണിലെ ഉദ്ഘാടന മൽസരത്തിലും ഈ ടീമുകളാണ് ഏറ്റുമുട്ടിയത്. അന്ന് വിജയം നോർത്ത് ഈസ്റ്റിനൊപ്പം മായിരുന്നു.