പന്ത്രണ്ടാം ദിനം

12

ദുര്‍ഗാ മനോജ്

[dropcap]പൂ[/dropcap] പറിച്ചുകൊണ്ട് നിന്ന സീത കണ്ടു ആ പുള്ളിമാനിനെ. എന്തൊരു ഭംഗി! രത്‌നങ്ങള്‍ പോലെ ശോഭിക്കുന്ന പുള്ളികള്‍ നിറഞ്ഞ ഇന്ദ്രനീല നിറത്തിലെ ശോഭിക്കുന്ന കൊമ്പുകള്‍! അത്ഭുതത്തോടെ സീത ആ മാനിനെ നോക്കിനിന്നു. പിന്നെ വേഗം രാമനേയും ലക്ഷ്മണനേയും വിളിച്ചു. ”സീതയുടെ വിളികേട്ട് എത്തിയ അവര്‍ക്ക് അതിമനോഹരമായ ആ മാനിനെ സീത കാട്ടിക്കൊടുത്തു. ആ മൃഗത്തെ കണ്ട് ആപത്ശങ്ക തോന്നിയ ലക്ഷ്മണന്‍ രാമനോട് പറഞ്ഞു ”ജ്യേഷ്ഠാ, കണ്ടിട്ട് ഇതൊരു മായാമൃഗമാണെന്ന് തോന്നുന്നു. ഇത് അസുരന്‍ മാരീചനാകാനാണ് സാധ്യത. ഇത്തരം മായാവേഷത്തില്‍ അവന്‍ ധാരാളം മുനിജനങ്ങളെ കൊന്നിരിക്കുന്നു.”

ഇതുകേട്ട് സീത പറഞ്ഞു, ”വിചിത്ര ശോഭയുള്ള ഈ മാന്‍ എന്റെ മനസ്സിനെ വല്ലാതെ മോഹിപ്പിക്കുന്നു. ഇത്തരത്തിലൊരു മാനിനെ ഞാന്‍ ഇതേവരെ കണ്ടിട്ടേയില്ല. ആര്യപുത്രാ, ഇതിന് എനിക്ക് പിടിച്ചുതന്നാലും നാം അയോധ്യയിലേക്ക് മടങ്ങുമ്പോള്‍ ഇതിനേയും കൊണ്ടുപോകണം. ഇത്ര മനോഹരമായ മൃഗം നമ്മുടെ അന്തഃപ്പുരത്തിന് ഒരു ശോഭയാകും. ഇനി ജീവനോടെ അതിനെ പിടിക്കാനാകുന്നില്ലെങ്കില്‍ അതിനെ കൊന്നു തോല്‍ എടുത്താല്‍ അതും സന്തോഷകരമാകും. ഇത്രയും മൃദുലമായ മറ്റൊരു വസ്തുവും ഈ ലോകത്തില്‍ ഉണ്ടാകാനിടയില്ല. എന്റെയീ വാശി സ്ത്രീകള്‍ക്ക് ചേര്‍ന്നതല്ല എന്നറിയാം. എങ്കിലും ഈ മൃഗത്തിന്റെ കാന്തിയില്‍ ഞാന്‍ വിസ്മയം കൊള്ളുന്നു.”

സീത പറഞ്ഞതുകേട്ട് രാമന്‍ ലക്ഷ്മണനോട് പറഞ്ഞു. ”എന്തൊരു ഭംഗിയാണീ മൃഗത്തിന്. ആരുടേയും മനം കവരുന്ന അത്രയും ഭംഗിയുണ്ടീ മൃഗത്തിന്. രാജാക്കന്മാര്‍ നായാട്ടില്‍ വിനോദത്തിനും മാംസത്തിനും വേണ്ടി മൃഗങ്ങളെ കൊല്ലാറുണ്ട്. അതുകൊണ്ട് ഞാന്‍ ഈ മൃഗത്തെ പിടിക്കുവാനായി പോകുകയാണ്. ഒരുപക്ഷേ, ഇത് മാരീച രാക്ഷസന്റെ മായാവിദ്യയാണെങ്കില്‍ അനവധി മുനിമാരെ അവന്‍ ഇതിനകം കൊന്നിട്ടുണ്ട്. അതിന്റെ ശിക്ഷയായി രാമബാണം ഏറ്റുവാങ്ങി അവന്‍ ചത്ത് മലയ്ക്കും. ഞാന്‍ വരും വരെ നീ സീതയെ കാത്തുകൊള്ളുക. അതാണ് ഏറ്റവും പ്രധാനമായ കാര്യം.”

സീതയെ ലക്ഷ്മണന്റെ അടുത്താക്കി രാമന്‍ ആ മായാമൃഗത്തിനു പിറകേ പാഞ്ഞു. ആ മായാമൃഗം കൈയ്യെത്തും ദൂരത്ത് നിന്ന് മോഹിപ്പിച്ചശേഷം അകലേക്ക് പായും. അങ്ങനെ ഒളിച്ചുകളിച്ച് രാമനെ ആശ്രമത്തില്‍ നിന്നും വളരെ ദൂരെ എത്തിക്കാന്‍ അതിനുകഴിഞ്ഞു. ഒടുവില്‍ ആ മൃഗത്തെ ജീവനോടെ പിടിക്കുവാനാകില്ലെന്ന് കണ്ട് രാമന്‍ അസ്ത്രമുപയോഗിച്ചു. അതോടെ മാരീചന്‍ തന്റെ യഥാര്‍ത്ഥരൂപം പുറത്തെടുത്ത് പിടഞ്ഞുതുടങ്ങി. ആ അവസാന പിടച്ചിലില്‍ അവന്‍ തന്റെ രാജാവായ രാവണനോടുള്ള പ്രതിപത്തി വിട്ടില്ല. അവന്‍ ഉറക്കെക്കരഞ്ഞത് രാമന്റെ ശബ്ദത്തോട് സാദൃശ്യം തോന്നത്തക്കവിധത്തില്‍ ”സീതേ-ലക്ഷ്മണാ….” എന്നുപറഞ്ഞുകൊണ്ടായിരുന്നു. മാരീചന്‍ ചത്തുവെങ്കിലും അവന്‍ സീതേ എന്നും ലക്ഷ്മണാ എന്നും വിളിച്ചത് സീതയോ ലക്ഷ്മണനോ കേട്ടിരിക്കുമോ എന്ന് രാമന്‍ ഭയന്നു. പിന്നെ വേഗം ആശ്രമത്തിലേക്ക് രാമന്‍ മടങ്ങി.

”ഹാ…..സീതേ…..ലക്ഷ്മണാ” എന്ന വിളി സീത കേട്ടു. ലക്ഷ്മണനും. സീത വല്ലാതെ പരിഭ്രമിച്ചു. അവള്‍ പറഞ്ഞു ”ലക്ഷ്മണാ അദ്ദേഹത്തിന് എന്തോ ആപത്ത് സംഭവിച്ചിരിക്കുന്നു. വേഗം ചെല്ലുക. അദ്ദേഹത്തെ രക്ഷിക്കുക.” ഇതുകേട്ട് ലക്ഷ്മണന്‍ പറഞ്ഞു. ”ഇല്ല, ഞാന്‍ രാമാജ്ഞ ധിക്കരിക്കില്ല. ഇത് ആ മായാവിയുടെ മായാവിദ്യകളാണ്. ഈ ലോകത്തെ രാമനെ ജയിക്കുവാന്‍ ഒരു അസുരനുമാകില്ല. ജ്യേഷ്ഠന്‍ ഉടന്‍ എത്തും.”

പക്ഷേ, എന്തുതന്നെ ലക്ഷ്മണന്‍ പറഞ്ഞിട്ടും സീത കൂട്ടാക്കിയില്ല. ലക്ഷ്മണന്‍ പോകുന്നില്ല എന്നുകണ്ട് സീത പറഞ്ഞു ”രാമന് എന്തെങ്കിലും സംഭവിച്ചാല്‍ ഞാന്‍ ജീവനോടിരിക്കില്ല. അത് സത്യം. രാമനില്ലാതായാല്‍ ഞാന്‍ നിനക്ക് സ്വന്തമാകുമെന്ന് നീ ധരിക്കുന്നു അല്ലേ ലക്ഷ്മണാ. ആ ആഗ്രഹംകൊണ്ടാണ് നീ ജ്യേഷ്ഠന് ആപത്ത് പെട്ടിരിക്കുമ്പോഴും അദ്ദേഹത്തെ സഹായിക്കാതെ ഇവിടെത്തന്നെ നില്ക്കുന്നത്.”
അതിക്രൂരമായ ഈ വാക്കുകള്‍ കേട്ട് കൈകൂപ്പിത്താണ് ലക്ഷ്മണന്‍ പറഞ്ഞു: ”ഭവതി ഈപ്പറഞ്ഞതിന് ഞാന്‍ ഉത്തരം നല്കുകയില്ല. ഭവതി എനിക്ക് ദേവതയാണ്. ഈ ക്രൂരമായ വാക്കുകള്‍ കേട്ട് എന്റെ കാത് ഈയം പഴുപ്പിച്ച് ഒഴിച്ചതുപോലെ ആയിരിക്കുന്നു. എന്നോടീ വിധം പറഞ്ഞുവല്ലോ കഷ്ഠം! ഞാനിതാ രാമനെ തേടിപ്പോകുന്നു. ദുര്‍ന്നിമിത്തങ്ങള്‍ പലതു കാണുന്നു. മടങ്ങിവന്ന് രാമനോടൊത്ത് ഭവതിയെ കാണാന്‍ എനിക്ക് സാധിക്കട്ടെ.”

പിന്നെ ലക്ഷ്മണന്‍ സീതയെ അടുത്തുചെന്ന് കൈകൂപ്പി അഭിവാദ്യം ചെയ്ത് പലവട്ടം തിരിഞ്ഞുനോക്കി രാമന്റെ അടുത്തേക്ക് പോയി.
രാമനെ ഓര്‍ത്ത് കരഞ്ഞുകൊണ്ടിരിക്കുന്ന സീതയുടെ മുന്നിലേക്ക് ഒരു ബ്രാഹ്മണന്‍ കയറിവന്നു. ബ്രാഹ്മണനെ കണ്ട് സീത വേണ്ടവിധം ഉപചരിക്കാന്‍ തുടങ്ങി. പീഠം നല്കി, പിന്നെ പാദ്യം നല്കി. വേഗം ഭക്ഷണം നല്കാം എന്നും അറിയിച്ചു.
കടന്നുവന്നത് വെറും ബ്രാഹ്മണനല്ല. ബ്രാഹ്മണവേഷധാരിയായ രാവണനായിരുന്നു. സീതയുടെ ഭംഗികണ്ട് വിസ്മയിച്ച രാവണന്‍ അവളോട് ”ഇത്ര സുന്ദരിയായ ഭവതി ആരാണ്” എന്ന് അന്വേഷിച്ചു.

സീതാപഹരണം

സീതാപഹരണം

ചോദിക്കുന്നത് ഒരു ബ്രാഹ്മണനാണല്ലോ എന്നുകരുതി സീത മുഴുവന്‍ കഥകളും പറഞ്ഞു. സീത പറഞ്ഞതുകേട്ട് രാവണന്‍ പറഞ്ഞു: ”നോക്കൂ, വെറുമൊരു ബ്രാഹ്മണനല്ല. ഞാന്‍ രാവണനാണ്. ദേവേന്ദ്രന്‍ പോലും എനിക്ക് മുന്നില്‍ നിസാരന്‍. നീ എന്റെ അന്തഃപുരം അലങ്കരിക്കേണ്ടവളാണ്. നീ എന്നോടൊപ്പം വന്ന് കഴിഞ്ഞാല്‍ എന്റെ പത്‌നിമാരില്‍ നീ ഒന്നാമതാകും. സര്‍വ്വവും നിന്റെ നിയന്ത്രണത്തിലും. നിന്നെ സേവിക്കാന്‍ അയ്യായിരം നാരിമാര്‍ വേറെയുണ്ടാകും. വരൂ രാമനെ വിട്ട് എന്നോടൊപ്പം പോരൂ….”

രാവണന്റെ ഈ ക്രൂരവാക്കുകള്‍ കേട്ട് സീത കാത് പൊത്തി, പിന്നെപ്പറഞ്ഞു. കഷ്ടം രാമപത്‌നിയെ ഭോഗിക്കാന്‍ മാത്രം നീ ധൈര്യവാനോ? നിന്റെ ജീവിതം തീരാറായി രാവണാ. എന്റെ ഭര്‍ത്താവ് ഒന്ന് എത്തിക്കോട്ടെ നിന്നെ അദ്ദേഹം കാലപുരിക്കയയ്ക്കും.
രാവണന്റെ ഒരു പ്രലോഭനത്തിലും സീത വഴങ്ങാതായപ്പോള്‍ വിപ്രവേഷം വെടിഞ്ഞ് രാവണന്‍ സീതയെ ബലമായി പിടിച്ച് എടുത്തുകൊണ്ട് തേരിലേറി. ഇതുകണ്ട് വനദേവതകള്‍ പേടിച്ചരണ്ടു.

സീത അലമുറയിട്ട് കരഞ്ഞു ഹാ രാമാ…… ഹാ ലക്ഷ്മണാ എന്നെ രാവണന്‍ അപഹരിക്കുന്നത് നിങ്ങള്‍ അറിയുന്നില്ലേ? ദുഷ്ടനായ രാവണനെ തടയൂ, എന്നെ രക്ഷിക്കൂ……….

അപ്പോള്‍ ഒരു മരത്തിലിരിക്കുന്ന ജടായുവിനെ അവള്‍ കണ്ടു. അവളുടെ കരച്ചില്‍ കേട്ട് ജടായു പറന്നുവന്ന് രാവണനെ ആക്രമിച്ചു. ജടായുവിന്റെ ആക്രമണത്തില്‍ പലപ്രാവശ്യം രാവണന് പരിക്കേറ്റു.

ജടായു

ജടായു

രാവണന്റെ വില്ലൊടിച്ചു അവന്റെ പോര്‍ച്ചട്ട തെറിപ്പിച്ചു. രാവണനെ നിരായുധനാക്കി. ഒടുവില്‍ അവശേഷിച്ച വാളുകൊണ്ട് വര്‍ദ്ധിച്ച കോപത്തോടെ രാവണന്‍ ജടായുവിനെ ആക്രമിച്ചു. ജടായുവിന്റെ പാദങ്ങളും ചിറകുകളും രാവണന്‍ മുറിച്ചിട്ടു. അതോടെ ഭൂമിയില്‍ പതിച്ച ജടായുവിനടുത്തേക്ക് സീത ഓടിവന്ന് അതിനെ കെട്ടിപ്പിടിച്ച് വിലപിച്ചു.

പക്ഷേ, രാവണന്‍ വേഗം കടന്നുവന്ന് അവളുടെ മുടിക്കെട്ടില്‍ പിടിച്ച് എടുത്ത് അവളേയും കൊണ്ട് വാനിലേക്ക് ഉയര്‍ന്നു. അവളുടെ മുടിക്കെട്ടില്‍ നിന്ന് ഉതിര്‍ന്നുവീണ പൂക്കള്‍ കാറ്റില്‍ അവരുടെ പിന്നാലെ പറന്നു. അവളുടെ ശരീരത്തില്‍ നിന്ന് ആഭരണങ്ങള്‍ ഊരിത്തെറിച്ച് വീണുകൊണ്ടിരുന്നു.

കുറേ യാത്ര ചെയ്തപ്പോള്‍ ഒരു പര്‍വ്വതമുകലില്‍ ഇരിക്കുന്ന അഞ്ച് വാനരന്മാര്‍ സീതയുടെ ശ്രദ്ധയില്‍പ്പെട്ടു. അവര്‍ക്ക് നടുവിലേക്ക് പൊന്‍നിറമാര്‍ന്ന ഉത്തരീയവും ആഭരണങ്ങളും സീത ഇട്ടുകൊടുത്തു. കേഴുന്ന സീതയേയും കൊണ്ട് പറക്കുന്ന രാവണന്‍ ഇതൊന്നും അറിഞ്ഞതേയില്ല. പിന്നെ അവന്‍ ലങ്കാപുരിയില്‍ എത്തിച്ചേര്‍ന്നു. അവിടെ അന്തഃപ്പുരത്തില്‍ എത്തിച്ച് അവളുടെ പരിരക്ഷണത്തിന് രാക്ഷസികളെ ഏര്‍പ്പെടുത്തിയശേഷം വേഗം രാവണന്‍ തന്റെ കിങ്കരന്മാരെ വിളിച്ച് രാമനെ വധിക്കുവാനായി ദണ്ഡകാരണ്യത്തിലേക്ക് അയച്ചു.

പിന്നെ വേഗം രാവണന്‍ സീതയുടെ അടുത്തേക്ക് മടങ്ങി. പക്ഷേ, രാമാ, രാമാ എന്നല്ലാതെ സീത മാറ്റൊന്നും പറഞ്ഞില്ല. രാവണന്‍ പലമട്ടില്‍ അവളെ പ്രലോഭിപ്പിച്ചുകൊണ്ടിരുന്നു. പക്ഷേ, അതിനൊന്നും ഒരു പ്രതികരണവും സീതയില്‍ സൃഷ്ടിക്കാനായില്ല. ഒടുവില്‍ രാവണന്‍ സീതയോട് പറഞ്ഞു: ”മൈഥിലീ…….നിനക്ക് ഞാന്‍ പന്ത്രണ്ട് മാസം സമയം തരുന്നു. അതിനുള്ളില്‍ നീ എനിക്ക് വിധേയ ആകുന്നില്ലെങ്കില്‍ എന്റെ പരിചാരകന്‍ പ്രാതലിന് നിന്നെ വെട്ടിനുറുക്കും.” പിന്നെ രാക്ഷസികളെ വിളിച്ച് സീതയെ അശോകവനികയുടെ നടുവിലേക്ക് കൂട്ടിക്കൊണ്ടുപോകുവാന്‍ ആവശ്യപ്പെട്ടു. ഒപ്പം ശകാരിച്ചും പ്രലോഭിപ്പിച്ചും സീതയുടെ മനസ്സ് മാറ്റുവാന്‍ ആവശ്യപ്പെട്ടു.
ലങ്കയില്‍ ഇപ്രകാരം കാര്യങ്ങള്‍ നീങ്ങുമ്പോള്‍ മറുഭാഗത്ത് രാമന്‍ വേഗം ആശ്രമത്തിലേക്ക് മടങ്ങുകയായിരുന്നു. അപ്പോള്‍ ലക്ഷ്മണന്‍ വരുന്നത് രാമന്റെ ദൃഷ്ടിയില്‍പപെട്ടു. ഹൊ! സംഭവിക്കാന്‍ പാടില്ലാത്തത് സംഭവിച്ചിരിക്കുന്നു. ലക്ഷ്മണന്‍ സീതയെ ഒറ്റയ്ക്കാക്കി തനിക്ക് എന്തോ അപകടം പറ്റി എന്നുകരുതി വന്നിരിക്കുകയാണ്. രാമന്‍ ചിന്തിച്ചു.

രാമനെ കണ്ട് ലക്ഷ്മണന്‍ കാര്യങ്ങള്‍ പറഞ്ഞു. സീതയുടെ കോപവാക്കുകള്‍ കേട്ട് അവളെ തനിച്ചാക്കി വന്നതിന് രാമന് ലക്ഷ്മണനോട് കോപം തോന്നി. തിരികെ ആശ്രമത്തിലെത്തിയ അവര്‍ക്ക് സീതയെ കണ്ടെത്താനായില്ല. ഒരു ഉന്മാദിയെപ്പോലെ രാമന്‍ എല്ലായിടത്തും സീതയെ തേടി അലഞ്ഞു. സീതയെ കാണാഞ്ഞ് നിലവിളിച്ച് രാമന്‍ പലവട്ടം തളര്‍ന്നുവീണു. രാക്ഷസര്‍ സീതയെ വധിച്ചിരിക്കും എന്നുകരുതി വിലപിച്ചുകൊണ്ടിരുന്ന രാമനെ ലക്ഷ്മണന്‍ സമാധാനിപ്പിക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടു. മെയ്ക്കരുത്ത് നഷ്ടപ്പെട്ട രാമന്‍ ദീനനായ് കടുത്ത ദുഃഖത്തിലാണ്ടു.

durga_atl@yahoo.com                                                                                                                                                             തുടരും…

1000 x 80 ad