പൂനെ മണ്ണിടിച്ചില്‍; മരണം 18 ആയി

മഹാരാഷ്ട്രയിലെ പൂനെയില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ 18 പേര്‍ മരിച്ചു. ഇരുന്നൂറോളം പേര്‍ മണ്ണിനടിയില്‍ അകപ്പെട്ടതായാണ് സൂചന. 10 പേരെ രക്ഷപ്പെടുത്തി. ദുരന്തനിവാരണ സേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.  കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് പൂനയിലെ ആദിവാസി മേഖലയായ അംബേ ഗാവില്‍ മലയുടെ ഒരു ഭാഗം ഇടിഞ്ഞ് താഴേക്ക് പതിക്കുകയായിരുന്നു.

താഴ്വാരത്തുണ്ടായ നാല്‍പതിലധികം വീടുകള്‍ മണ്ണിനടിയിലായി.പ്രദേശവാസികള്‍ രാവിലെ മുതല്‍ തന്നെ രക്ഷാ പ്രവര്‍ത്തനം തുടങ്ങി. 12 മണിയോടെ ദുരന്തനിവാരണ സേനയുടെ  ആദ്യ നൂറംഗം സംഘം പ്രദേശത്തെത്തി. 10 മൃതദേഹങ്ങളാണ് ഇതുവരെ പുറത്തെടുത്തത്.  മണ്ണിനടിയില്‍ നിന്ന് രക്ഷിച്ചവരെ അംബേഗാവ് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 170  അധികം പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് സൂചന.

കനത്ത മഴുയും ഇപ്പോഴും തുടരുന്ന മണ്ണിടിച്ചിലും രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാണ്.  മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. ഉള്‍പ്രദേശമായതിനാല്‍ ഗതാഗത, വാര്‍ത്താ വിനിമയ സൗകര്യങ്ങളുടെ അപര്യാപ്തത രക്ഷാ പ്രവര്‍ത്തനത്തെ ബാധിക്കുന്നതായി ദുരന്തനിവാരണ സേന അറിയിച്ചു. മുഖ്യമന്ത്രി പൃഥ്വിരാജ് ചവാനും പ്രദേശത്തെത്തിയിട്ടുണ്ട്, സംഭവം ഏറെ ദുഃഖകരമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. സ്ഥിതി ഗതികള്‍ വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് ഇന്ന് പൂനെയിലെത്തും . ദുരന്തനിവാരണ സേനയുടെ 200 അംഗങ്ങളെ കൂടി പ്രദേശത്തേക്ക് തിരിച്ചിട്ടുണ്ട്.