പ്രതിപക്ഷ നേതൃസ്ഥാനം: സുപ്രീംകോടതി വിമര്‍ശിച്ചിട്ടില്ലെന്ന് സ്​പീക്കര്‍

ലോക്‌സഭയിലെ പ്രതിപക്ഷ നേതാവിനെ നിയമിക്കാത്തതുമായി ബന്ധപ്പെട്ട് സുപ്രീംകോടതി തന്നെ വിമര്‍ശിച്ചിട്ടില്ലെന്ന് സ്​പീക്കര്‍ സുമിത്രാ മഹാജന്‍. പ്രതിപക്ഷനേതാവിനെക്കൂടാതെ എങ്ങനെ ലോക്പാല്‍നിയമനം നടത്തുമെന്ന കാര്യത്തിലാണ് സുപ്രീംകോടതി കേന്ദ്ര സര്‍ക്കാറിന്റെ വിശദീകരണം തേടിയത്. സര്‍ക്കാറിന്റെ നിലപാട് അറ്റോര്‍ണി ജനറല്‍ അറിയിക്കും. സ്​പീക്കര്‍ക്കെതിരെ കോടതി നിരീക്ഷണമൊന്നും നടത്തിയിട്ടില്ല-സ്​പീക്കര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

നിലവിലുള്ള ചട്ടങ്ങളും പാരമ്പര്യങ്ങളും അനുസരിച്ചാണ് കോണ്‍ഗ്രസിന് പ്രതിപക്ഷ നേതൃസ്ഥാനം നിഷേധിച്ചതെന്നും തീരുമാനമെടുക്കുംമുമ്പ് നിയമജ്ഞരുമായി ആലോചിച്ചിരുന്നുവെന്നും സ്​പീക്കര്‍ പറഞ്ഞു. ലോക്‌സഭയുടെ അംഗസംഖ്യയുടെ പത്തു ശതമാനമെങ്കിലും അംഗബലമുള്ള പാര്‍ട്ടിക്ക് മാത്രമാണ് പ്രതിപക്ഷനേതൃസ്ഥാനത്തിന് നിയമപരമായ അര്‍ഹത. ഇപ്പോഴത്തെ ലോക്‌സഭയില്‍ ഒരു പ്രതിപക്ഷപാര്‍ട്ടിക്കും 55 സീറ്റില്ല. എന്നാല്‍ പ്രതിപക്ഷ നേതാവില്ലെങ്കിലും സഭയില്‍ പ്രതിപക്ഷം അതിന്റെ പങ്ക് വഹിക്കുന്നുണ്ടെന്നും സ്​പീക്കര്‍ അഭിപ്രായപ്പെട്ടു.

ലോക്പാല്‍ നിയമനവുമായി ബന്ധപ്പെട്ട് പ്രതിപക്ഷനേതാവ് ആരെന്നത് വ്യാഖ്യാനിക്കുമെന്ന് ചീഫ് ജസ്റ്റിസ് ആര്‍.എം. ലോധ അധ്യക്ഷനായ ബെഞ്ച് വെള്ളിയാഴ്ചയാണ് പ്രഖ്യാപിച്ചത്. രാജ്യത്തെ പല ഉന്നതനിയമനങ്ങളും നടത്തുന്ന സമതിയില്‍ പ്രതിപക്ഷനേതാവും അംഗമാണ്. പ്രതിപക്ഷനേതാവില്ലാത്തതിനാല്‍ മുഖ്യവിവരാവകാശകമ്മീഷണര്‍ നിയമനനടപടി കേന്ദ്രസര്‍ക്കാര്‍ തത്കാലം മരവിപ്പിച്ചിരിക്കുകയാണ്.