പ്രധാനമന്ത്രിപദം; സോണിയയെ തടഞ്ഞത് രാഹുലെന്ന് നട്‌വര്‍ സിങ്‌

natwar singh

സോണിയ ഗാന്ധി 2004ല്‍ പ്രധാനമന്ത്രിപദം വേണ്ടെന്നുവച്ചത് രാഹുലിന്റെ നിര്‍ബന്ധത്തെ തുടര്‍ന്നെന്നു മുന്‍ വിദേശകാര്യമന്ത്രി നട്‌വര്‍ സിങ്. ഒരു ടെലിവിഷന്‍ ചാനലിനു നല്‍കിയ അഭിമുഖത്തിലാണു നട്‌വര്‍ സിങ്ങിന്റെ വെളിപ്പെടുത്തല്‍. പ്രധാനമന്ത്രിയാകില്ലെന്നു സോണിയ തീരുമാനിച്ചതു മനഃസാക്ഷിയുടെ അഭിപ്രായം മാനിച്ചായിരുന്നില്ല.

മുത്തശ്ശി ഇന്ദിരാഗാന്ധിയെയും പിതാവ് രാജീവ് ഗാന്ധിയെയും പോലെ അമ്മയും കൊല്ലപ്പെടുമെന്നുള്ള രാഹുലിന്റെ ഭയം മൂലം സോണിയ പ്രധാനമന്ത്രിമോഹം ഉപേക്ഷിക്കുകയായിരുന്നു. ഉടന്‍ പുറത്തിറങ്ങുന്ന ആത്മകഥയില്‍ (വണ്‍ ലൈഫ് ഈസ് നോട്ട് ഇനഫ്) ഇക്കാര്യം പരാമര്‍ശിക്കരുതെന്നാവശ്യപ്പെട്ട് സോണിയയും പ്രിയങ്കയും മേയ് ഏഴിനു തന്നെ സന്ദര്‍ശിച്ചിരുന്നുവെന്നും അഭിമുഖത്തില്‍ നട്‌വര്‍ സിങ് വെളിപ്പെടുത്തി.

2004 മേയ് 18നു പ്രധാനമന്ത്രിപദത്തെക്കുറിച്ചു ചര്‍ച്ചചെയ്യുന്ന വേളയില്‍ താന്‍ പങ്കെടുത്തിരുന്നെന്നും ഗാന്ധി കുടുംബസുഹൃത്ത് സുമന്‍ ദുബേയും മന്‍മോഹന്‍ സിങ്ങും പ്രിയങ്ക ഗാന്ധിയും സാക്ഷികളായിരുന്നെന്നും നട്‌വര്‍ സിങ് പറഞ്ഞു. 2005ല്‍ വിദേശകാര്യമന്ത്രിയായിരിക്കേ ‘ഇറാഖിന്റെ എണ്ണയ്ക്കു പകരം ഭക്ഷണം പദ്ധതി കുംഭകോണത്തില്‍ ആരോപണവിധേയനായ നട്‌വര്‍ സിങ് തൊട്ടുപിന്നാലെ രാജിവച്ചിരുന്നു.

2008ല്‍ ഇദ്ദേഹം കോണ്‍ഗ്രസ് വിട്ടു. 2005ല്‍ രാജിക്കു നയിച്ച സാഹചര്യത്തെക്കുറിച്ചു സോണിയ തന്നോടു മാപ്പു പറഞ്ഞുവെന്നും നട്‌വര്‍സിങ് വെളിപ്പെടുത്തി. 1991ല്‍ പി.വി. നരസിംഹറാവുവിനെയല്ല പ്രധാനമന്ത്രിയായി സോണിയ ഗാന്ധി നിശ്ചയിച്ചത്. ശങ്കര്‍ ദയാല്‍ ശര്‍മയെ ആയിരുന്നു. എന്നാല്‍ ശങ്കര്‍ ദയാല്‍ ശര്‍മ വിസമ്മതിച്ചു. അങ്ങനെയാണ് റാവുവിനു നറുക്കുവീണത്. യുപിഎ സര്‍ക്കാരിന്റെ കാലത്തു സുപ്രധാന ഫയലുകള്‍ സോണിയ ഗാന്ധിക്ക് അയച്ചുകൊടുത്തിരുന്നു. പ്രധാനമന്ത്രിയുടെ ഓഫിസിലുണ്ടായിരുന്ന പുലോക് ചാറ്റര്‍ജിയായിരുന്നു ഈ ഫയലുകള്‍ കൊണ്ടുപോയിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, വെളിപ്പെടുത്തലുകള്‍ രാഷ്ട്രീയപ്രേരിതമെന്നു കോണ്‍ഗ്രസ് തിരിച്ചടിച്ചു. പുസ്തകത്തിന്റെ വില്‍പന കൂട്ടാനുള്ള തന്ത്രമാണെന്നും പാര്‍ട്ടി വക്താവ് ആരോപിച്ചു.