പ്രിയദര്‍ശന്റെ ആമയും മുയലും ഓണത്തിന് തുടങ്ങും

priyadarshan

പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ജയസൂര്യ നായകനാവും. മോഹന്‍ലാലിനെ നായകനാക്കിയ ഗീതാഞ്ജലിക്ക് ശേഷമാണ് പ്രിയന്‍ പുതിയ മലയാളചിത്രവുമായി വരുന്നത്. ആമയും മുയലും എന്നാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്. മുഴുനീള കോമഡിചിത്രമാണ് പ്രിയദര്‍ശന്‍ ഒരുക്കുന്നത്. ചിത്രത്തിന്റെ തിരക്കഥയും പ്രിയന്റേതാണ്.

ഇന്നസെന്റ്, മാമുക്കോയ തുടങ്ങി ചിരിപ്പടക്കത്തിന് തീകൊളുത്തുന്ന പ്രമുഖതാരങ്ങളെല്ലാം ചിത്രത്തിലുണ്ടാവും. ഫുള്‍ഹൗസ് എന്റര്‍ടെയിന്‍മെന്റാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.

ഇതേസമയം കൊച്ചിയില്‍ ലാല്‍ബഹാദൂര്‍ശാസ്ത്രി എന്ന സിനിമയുടെ ചിത്രീകരണത്തിരക്കിലാണ് ജയസൂര്യ ഉള്ളത്. നവാഗതനായ രജീഷ്മിഥുല തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ലാല്‍ ബഹാദൂര്‍ശാസ്ത്രി. ലാല്‍, ബഹാദൂര്‍, ശാസ്ത്രി എന്നിവരുടെ ജീവിതമാണ് ഈ സിനിമ അനാവരണം ചെയ്യുന്നത്. ലാല്‍ ആയി ജയസൂര്യ എത്തുമ്പോള്‍ ബഹാദൂര്‍ ആയി നെടുമുടിവേണുവും ശാസ്ത്രി ആയി അജുവര്‍ഗീസും വേഷമിടുന്നു. രഞ്ചി പണിക്കരാണ് മറ്റൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആലപ്പുഴയാണ് ചിത്രത്തിന്റെ മറ്റൊരു ലൊക്കേഷന്‍.

ഇയ്യോബിന്റെ പുസ്തകമാണ് പുറത്തിറങ്ങാനിരിക്കുന്ന ജയസൂര്യയുടെ പുതിയ ചിത്രം. ഫഹദ് ഫാസിലാണ് ഈ ചിത്രത്തിലെ നായകന്‍. മത്തായിയുടെ സുവിശേഷങ്ങള്‍, ആട് ഒരു സാധാരണ ജീവിയല്ല എന്നീ ചിത്രങ്ങളിലും ജയസൂര്യയാണ് നായകനാവുന്നത്.