പ്ലസ് ടു അധികബാച്ച്: സര്‍ക്കാര്‍ ഉത്തരവ് ഹാജരാക്കണമെന്ന് കോടതി

കൊച്ചി: സംസ്ഥാനത്തെ എട്ട് ജില്ലകളില്‍ പ്ലസ്ടുവിന് അധികബാച്ച് അനുവദിച്ചു കൊണ്ട് പുറത്തിറക്കിയ ഉത്തരവ് നാളെ ഹാജരാക്കാന്‍ ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു. മാനദണ്ഡങ്ങള്‍ മറികടന്നാണ് പ്‌ളസ് ടു അനുവദിച്ചതെന്ന് ആരോപിച്ച് അങ്കമാലി കിടങ്ങൂര്‍ ഹൈസ്‌കൂള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റീസി പി.എന്‍.രവീന്ദ്രന്റെ ഉത്തരവ്.
പ്ലസ് ടുവിന് അധിക ബാച്ചുകള്‍ അനുവദിക്കുന്നതിന് മന്ത്രിസഭാ ഉപസമിതി ചേര്‍ന്ന് തീരുമാനം എടുത്തതിന്റെ രേഖകളും സ്‌കൂളുകള്‍ അനുവദിക്കുന്നതിന് ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റ് ശുപാര്‍ശ ചെയ്തതിന്റെ വിശദാംശങ്ങളും ഇതോടൊപ്പം ഹാജരാക്കണം. അതേസമയം പ്ലസ് ടു സംബന്ധിച്ച ഉത്തരവ് നാളെ ഇറങ്ങുമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. അവധി ദിനങ്ങളായതിനാലാണ് ഉത്തരവ് ഇറങ്ങാന്‍ വൈകിയതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
ഹൈസ്‌കൂളുകള്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളായി ഉയര്‍ത്തുന്‌പോള്‍ കോര്‍പ്പറേറ്റ് മാനേജ്‌മെന്റുകള്‍ക്ക് മുന്‍ഗണന നല്‍കുമെന്നായിരുന്നു സര്‍ക്കാര്‍ നയപരമായ തീരുമാനം എടുത്തിരുന്നത്. ഇത് പാലിക്കപ്പെട്ടില്ലെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി.