പ്ലസ് ടു : അപ്പീല്‍ പരിഗണിക്കുന്നത് ബുധനാഴ്ചത്തേക്ക് മാറ്റി

സംസ്ഥാനത്തെ പുതിയ പ്ലസ് ടു സ്‌കൂളുകളും അധിക ബാച്ചുകളും സ്റ്റേ ചെയ്ത ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ബുധനാഴ്ചത്തേക്ക് മാറ്റി.

280 സ്‌കൂളുകളില്‍ പ്ലസ് ടു ഇല്ലാതാകുമെന്നും വിദ്യാര്‍ഥികളുടെ ഭാവിയെ കോടതി വിധിബാധിക്കുമെന്നും സര്‍ക്കാര്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനെ അറിയിച്ചു.

എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ കേസില്‍ കക്ഷിചേരാന്‍ ഹൈക്കോടതി അനുവദിച്ചിട്ടുണ്ട്. എസ്.എന്‍.ഡി.പിക്ക് 19 സ്‌കൂളുകള്‍ നഷ്ടമായെന്ന് കാണിച്ചാണ് വെള്ളാപ്പള്ളി കോടതിയെ സമീപിച്ചത്.

സര്‍ക്കാര്‍ പുതുതായി അനുവദിച്ച പ്ലസ് ടു സ്‌കൂളുകളുടെയും ബാച്ചുകളുടെയും കൂട്ടത്തില്‍ ഹയര്‍സെക്കന്‍ഡറി ഡയറക്ടറുടെ ശുപാര്‍ശ ഇല്ലാത്തവ റദ്ദാക്കാനാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് കഴിഞ്ഞയാഴ്ച ഇടക്കാല ഉത്തരവ് നല്‍കിയത്.

ഹയര്‍സെക്കന്‍ഡറി ഡയറക്ടറുടെ ശുപാര്‍ശ ലഭിച്ചിട്ടും പുതിയ ബാച്ച് ലഭിക്കാത്ത സ്‌കൂളില്‍ ഇതിനായി താല്‍ക്കാലിക അനുമതി നല്‍കണമെന്നും ജസ്റ്റീസ് ആര്‍. രാമചന്ദ്രമേനോന്‍ ഉത്തരവിട്ടിരുന്നു.