ഫോളോ ഓണ്‍ ഒഴിവാക്കാന്‍ ഇന്ത്യ പൊരുതുന്നു

ഇംഗ്ലണ്ടിനെതിരെ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച. മൂന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യ എട്ടിന് 323 എന്ന നിലയിലാണ്. ഫോളോ ഓണ്‍ ഒഴിവാക്കാന്‍ രണ്ടു വിക്കറ്റ് മാത്രം ശേഷിക്കെ ഇന്ത്യയ്ക്ക് ഇനി 46 റണ്‍സ് കൂടി വേണം. അര്‍ദ്ധസെഞ്ച്വറിയുമായി പുറത്താകാതെ നില്‍ക്കുന്ന നായകന്‍ എം എസ് ധോണിയെയാണ്(50) ഫോളോ ഓണ്‍ ഒഴിവാക്കാന്‍ ഇന്ത്യ ആശ്രയിക്കുന്നത്. ഒമ്പത് പന്തില്‍ നാല് റണ്‍സെടുത്ത മൊഹമ്മദ് ഷമിയാണ് ധോണിക്ക് കൂട്ടായി ഒപ്പമുള്ളത്.
നേരത്തെ ഒന്നിന് 25 എന്ന നിലയില്‍ മൂന്നാം ദിവസം ബാറ്റിംഗ് തുടര്‍ന്ന ഇന്ത്യയ്ക്ക് വേണ്ടി അര്‍ദ്ധ സെഞ്ച്വറി നേടിയ അജിന്‍ക്യ രഹാനെ മാത്രമാണ് ധോണിക്ക് പുറമെ തിളങ്ങിയത്. രഹാനെ 54 റണ്‍സ് എടുത്തു. കോഹ്‌ലി 39ഉം ജഡേജ 31ഉം റണ്‍സെടുത്തു പുറത്തായി. മുരളി വിജയ്(34), രോഹിത് ശര്‍മ്മ(28) ചേതേശ്വര്‍ പൂജാര(24) എന്നിവരും നീണ്ട ഇന്നിംഗ്സ് കളിക്കാതെ പുറത്തായത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. ഇംഗ്ലണ്ടിനുവേണ്ടി ആന്‍ഡേഴ്സണും സ്റ്റുവര്‍ട്ട് ബ്രോഡും മൂന്നു വിക്കറ്റ് വീതം വീഴ്ത്തി. സ്പിന്നര്‍ മൊയിന്‍ അലി രണ്ടു വിക്കറ്റെടുത്തു.

ഗാരി ബാലന്‍സ്(156), ഇയാന്‍ ബെല്‍(167) എന്നിവരുടെ തകര്‍പ്പന്‍ സെഞ്ച്വറികളാണ് ഇംഗ്ലണ്ടിനെ മികച്ച നിലയില്‍ എത്തിച്ചത്. 83 പന്തില്‍ 85 റണ്‍സെടുത്ത ജോസ് ബട്ട്‌ലറുടെ വെടിക്കെട്ട് ബാറ്റിംഗും ഇംഗ്ലണ്ട് ഇന്നിംഗ്സില്‍ നിര്‍ണായകമായി. ഇന്ത്യയ്ക്ക് വേണ്ടി ഭുവനേശ്വര്‍കുമാര്‍ മൂന്നും രവീന്ദ്ര ജഡേജ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.