ബാര്‍ പൂട്ടല്‍: ഉന്നതതലയോഗം ഇന്ന്; സര്‍ക്കാര്‍ നിയമോപദേശം തേടി

അവശേഷിക്കുന്ന 312 ബാറുകളും പൂട്ടുന്നത് തീരുമാനിക്കാന്‍ ചൊവ്വാഴ്ച ഉന്നതതലയോഗം ചേരും. ബാറുകള്‍ അടയ്ക്കുന്നതിനുവേണ്ട നടപടിക്രമങ്ങളെക്കുറിച്ച് സര്‍ക്കാര്‍ അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം തേടി. ചട്ടപ്രകാരം ബാറുടമകള്‍ക്ക് 15 ദിവസത്തെ സാവകാശം നല്‍കി നോട്ടീസ് നല്‍കേണ്ടതുണ്ടോ എന്നതിലാണ് നിയമോപദേശം തേടുന്നത്. എ.ജിയുടെ നിര്‍ദേശം ചൊവ്വാഴ്ചത്തെ യോഗം പരിഗണിക്കും. നോട്ടീസ് കാലാവധി അനുവദിക്കുകയാണെങ്കില്‍ ഓണക്കാലത്തും ബാറുകള്‍ പ്രവര്‍ത്തിക്കും. 26 ന് നോട്ടീസ് നല്‍കിയാല്‍ സപ്തംബര്‍ ഒമ്പതുവരെ 312 ബാറുകള്‍ക്കും പ്രവര്‍ത്തിക്കാം.

നോട്ടീസ് നല്‍കാതെ ബാറുകള്‍ പൂട്ടാനായിരുന്നു സര്‍ക്കാര്‍ തീരുമാനം. എന്നാല്‍ അത് നിയമ പ്രശ്‌നമുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടിയപ്പോഴാണ് പുനരാലോചന നടത്തിയത്.

22 ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് അവശേഷിക്കുന്ന 312 ബാറുകളും ഉടനടി പൂട്ടാന്‍ തീരുമാനിച്ചത്. 312 ബാറുകള്‍ക്ക് ഏപ്രില്‍ മുതല്‍ ലൈസന്‍സ് പുതുക്കി നല്‍കിയപ്പോള്‍, സര്‍ക്കാറിന്റെ മദ്യനയത്തിന് വിധേയമായിട്ടായിരിക്കുമെന്ന് വ്യവസ്ഥ ചെയ്തിരുന്നു. പുതിയ മദ്യനയം നിലവിലില്ലാത്തതിനാല്‍ താത്കാലികമായിട്ടാണ് ലൈസന്‍സ് നല്‍കിയത്. അത് എപ്പോള്‍ വേണമെങ്കിലും റദ്ദാക്കാനുള്ള അധികാരം സര്‍ക്കാരിനുണ്ട്.

എന്നാല്‍ വിദേശമദ്യ ലൈസന്‍സ് വ്യവസ്ഥപ്രകാരം ലൈസന്‍സ് റദ്ദാക്കുമ്പോള്‍ നിയമപരമായ സാവകാശത്തിന് ലൈസന്‍സി അര്‍ഹനാണെന്ന് നിയമവിദഗ്ധര്‍ അഭിപ്രായപ്പെട്ടു. നോട്ടീസ് നല്‍കി 15 ദിവസത്തെ സാവകാശം നല്‍കണം. ഇത് ലംഘിക്കുന്നപക്ഷം ബാറുടമകള്‍ക്ക് കോടതിയെ സമീപിക്കാന്‍ അവസരം ലഭിക്കുമെന്നും അഭിപ്രായമുയര്‍ന്നു. കെ.സി.ബി.സിയും മദ്യവിരുദ്ധ പ്രവര്‍ത്തകരും ഈ വാദം ഉന്നയിച്ചതോടെയാണ് സര്‍ക്കാര്‍ തീരുമാനം പുനഃപരിശോധിച്ചത്.

ഉന്നതതലയോഗം എ.ജിയുടെ നിയമോപദേശത്തിന് പുറമെ ബാറുകള്‍ പൂട്ടുന്നതിന്റെ നടപടിക്രമങ്ങളും തീരുമാനിക്കും. ബാറുകളിലെ മദ്യശേഖരം നീക്കേണ്ടതുമുണ്ട്. നിയമപ്രകാരം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തില്‍വേണം മദ്യം ബിവറേജസ് വെയര്‍ഹൗസിലേക്ക് മാറ്റാന്‍.

ലൈസന്‍സ് പുതുക്കിയിട്ടില്ലാത്തതിനാല്‍ ഏപ്രില്‍ മുതല്‍ അടച്ചിട്ടിരിക്കുന്ന 418 ബാറുകളിലും മദ്യമുണ്ട്. ഇവയിലെ മദ്യവും മാറ്റണം. ഏറെ സങ്കീര്‍ണമാണ് ഈ നടപടിക്രമം. ലൈസന്‍സ് ഇല്ലാത്ത സ്ഥലത്ത് മദ്യം സൂക്ഷിക്കാന്‍ കഴിയില്ല. അതിനാല്‍ മദ്യശേഖരം എത്രയും പെട്ടെന്ന് മാറ്റേണ്ടതുണ്ട്.

139 സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരാണ് സേനയിലുള്ളത്. ആവശ്യത്തിന് ഉദ്യോഗസ്ഥരില്ലാത്തതിനാല്‍ നടപടിക്രമങ്ങളില്‍ പ്രായോഗികമായ സമീപനം കൂടി സ്വീകരിക്കേണ്ടിവരും. 730 ബാറുകളിലെ മദ്യശേഖരം മാറ്റേണ്ടിവരുന്ന സാഹചര്യം ആദ്യമായാണ് എക്‌സൈസ് നേരിടുന്നത്.