ബാര്‍ ലൈസന്‍സ്: ഇടക്കാല ഉത്തരവില്ല

സംസ്ഥാനത്ത് 312 ബാറുകളുടെ ലൈസന്‍സ് റദ്ദാക്കുന്നതിനെതിരെ പത്തോളം ഹര്‍ജികള്‍ കോടതിയില്‍ തിങ്കളാഴ്ച വന്നെങ്കിലും ഇടക്കാല ഉത്തരവ് നല്‍കാന്‍ ഹൈക്കോടതി വിസമ്മതിച്ചു. ഫൈവ് സ്റ്റാറിനു താഴെയുള്ള ബാറുകള്‍ അടയ്ക്കണമെന്ന് തത്ത്വത്തില്‍ തീരുമാനമായെങ്കിലും അതിനുള്ള നടപടിക്രമങ്ങള്‍ നിശ്ചയിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഹര്‍ജികളില്‍ അഡ്വക്കേറ്റ് ജനറലിന്റെ വിശദീകരണത്തിനായി ജസ്റ്റിസ് സി.ടി. രവികുമാര്‍ ചൊവ്വാഴ്ചയ്ക്ക് മാറ്റി.
ഫോര്‍ സ്റ്റാര്‍ ബാറുകള്‍ പോലും അടയ്ക്കുന്നത് ടൂറിസം മേഖലയെ തളര്‍ത്തുമെന്നാണ് ഹര്‍ജിക്കാരുടെ ഒരു വാദം. എന്നാല്‍ നാടിനൊരു സംസ്‌കാരമുണ്ടെന്നും വിനോദസഞ്ചാരികള്‍ ആവശ്യപ്പെടുന്നതെന്തും നല്‍കുന്ന സംസ്‌കാരമല്ല അതെന്നും ജസ്റ്റിസ് സി.ടി. രവികുമാര്‍ അഭിപ്രായപ്പെട്ടു.
ഫൈവ് സ്റ്റാര്‍ ബാറുകള്‍ നിലനിര്‍ത്തിക്കൊണ്ട് താഴെയുള്ളവ മാത്രം പൂട്ടുന്നത് വിവേചനമാണെന്നും തുല്യ നീതിയുെട ലംഘനമാണെന്നുമാണ് മറ്റൊരു വാദം. എന്നാല്‍ ഈ ഘട്ടത്തില്‍ സര്‍ക്കാറിന്റെ നയ തീരുമാനത്തില്‍ ഇടപെടാനാവില്ലെന്ന് കോടതി വിലയിരുത്തി.
312 ബാറുകള്‍ കൂടി പൂട്ടാനുള്ള സര്‍ക്കാര്‍ !തീരുമാനം സ്വേച്ഛാപരവും നിയമ വിരുദ്ധവുമാണെന്നും ഹര്‍ജിക്കാര്‍ വാദിച്ചു. ഹോട്ടലുകള്‍ക്ക് ഫൈവ്, ഫോര്‍ സ്റ്റാര്‍ പദവി ലഭിക്കാന്‍ ടൂറിസ്റ്റുകള്‍ക്കായി ബാര്‍ വേണമെന്ന് വ്യവസ്ഥയുണ്ടെന്നും ബോധിപ്പിച്ചു.
ബിവറേജസ് കോര്‍പ്പറേഷന്‍ പ്രവര്‍ത്തനം തുടരുമ്പോള്‍ ഫോര്‍ സ്റ്റാര്‍ വരെയുള്ള ബാറുകള്‍ മാത്രം അടപ്പിക്കുന്നത് നീതിയുക്തമല്ലെന്നായിരുന്നു മറ്റൊരു വാദം. എന്നാല്‍ ബിവറേജസ് കോര്‍പ്പറേഷന്റെ വില്പനശാലകളും ഘട്ടം ഘട്ടമായി അടയ്ക്കുമെന്നല്ലേ സര്‍ക്കാറിന്റെ നിലപാട് എന്ന് കോടതി ആരാഞ്ഞു.
കണ്ണൂരിലെ ഹോട്ടല്‍ എലഗന്‍സ്, പുല്‍പ്പള്ളിയിലെ ഹോട്ടല്‍ മരിയ, കൊച്ചി ഹൈവേ ഗാര്‍ഡന്‍, കൊല്ലം സേവ്യേഴ്‌സ് തുടങ്ങിയ ബാര്‍ ഹോട്ടലുകളുടെ ഉടമകളാണ് തിങ്കളാഴ്ച തന്നെ പരിഗണന ആവശ്യപ്പെട്ട് കോടതിയിലെത്തിയത്. പുതിയ മദ്യനയം സംബന്ധിച്ച ആഗസ്ത് 23-ലെ സര്‍ക്കാര്‍ ഉത്തരവിനെയും മദ്യനയത്തെയും ചോദ്യം ചെയ്യുന്ന ഒരു കൂട്ടം ഹര്‍ജികളാണ് കോടതിയിലെത്തിയിട്ടുള്ളത്. ആലപ്പുഴ ഹോട്ടല്‍ ലേക് പാലസിനു വേണ്ടി വാട്ടര്‍ വേള്‍ഡിന്റേതുള്‍പ്പെടെ മറ്റ് ഹര്‍ജികളും ചൊവ്വാഴ്ച പരിഗണനയ്‌ക്കെത്തും.
418 ബാറുകളുടെ ലൈസന്‍സ് പുതുക്കല്‍ സംബന്ധിച്ച തര്‍ക്കം ചൊവ്വാഴ്ച ഡിവിഷന്‍ ബെഞ്ചിന്റെ പരിഗണനയ്ക്ക് വരുന്നുണ്ട്. അതില്‍ സര്‍ക്കാര്‍ പത്രിക നല്‍കേണ്ടതുണ്ട്.