ബാറുകള്‍ അടുത്തമാസം 12ന് പൂട്ടും

പഞ്ചനക്ഷത്ര ഹോട്ടലുകളിലേത് ഒഴികെ സംസ്ഥാനത്തെ എല്ലാ ബാറുകളും സപ്തംബര്‍ 12 ന് പൂട്ടുമെന്ന് മന്ത്രി കെ.ബാബു പറഞ്ഞു. നിലവില്‍ അടച്ചിട്ടിരിക്കുന്ന 418 ബാറുകള്‍ അടക്കം 712 ബാര്‍ ഉടമസ്ഥര്‍ക്കും ലൈസന്‍സ് റദ്ദാക്കുന്നത് സംബന്ധിച്ച് വ്യാഴാഴ്ച എക്‌സൈസ് കമ്മീഷണര്‍ നോട്ടീസ് നല്‍കും. വിദേശമദ്യവിപണന ചട്ടം പ്രകാരം 15 ദിവസത്തെ നിയമപരമായ സാവകാശം ബാറുടമകള്‍ക്ക് നല്‍കിയിട്ടുണ്ട്. അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശപ്രകാരമാണ് ഈ നടപടി.

പുതിയ മദ്യനയം നടപ്പാക്കുന്നതിനായി തലസ്ഥാനത്ത് ചേര്‍ന്ന ഉന്നതതലയോഗ തീരുമാനം വിശദീകരിക്കുകയായിരുന്നു മന്ത്രി കെ. ബാബു.

ബാറുകളില്‍ സ്റ്റോക്കുള്ള മദ്യം തിരിച്ചെടുക്കും. റൂള്‍ 33 പ്രകാരം ലൈസന്‍സ് റദ്ദാക്കുമ്പോള്‍ മദ്യശേഖരം മറ്റൊരു ലൈസന്‍സിയിലേക്ക് മാറ്റാം. ഇവിടെ കെ.എസ്.ബി.സി ഗോഡൗണിലേക്കാകും മദ്യം മാറ്റുക. ഇതിനായി എക്‌സൈസ് ചട്ടം ലഘൂകരിക്കും. ബിയര്‍, വൈന്‍ പാര്‍ലറുകളുടെ ലൈസന്‍സ് ഫീ നാലില്‍നിന്ന് അഞ്ചു ലക്ഷമായി ഉയര്‍ത്തിയിട്ടുണ്ട്. ബാര്‍ ലൈസന്‍സ് നഷ്ടമാകുന്നവര്‍ക്കു പുതിയ അപേക്ഷ നല്‍കി മാത്രമേ ബിയര്‍ വില്‍പനയ്ക്കുള്ള ലൈസന്‍സ് (എഫ്എല്‍- 11) എടുക്കാന്‍ കഴിയുകയുള്ളു.

സംസ്ഥാനത്താകെ 732 ബാര്‍ ലൈസന്‍സികളാണുള്ളത്. ഇതില്‍ 418 എണ്ണം ഏപ്രില്‍ മുതല്‍ അടച്ചിട്ടിരിക്കുകയാണ്. ഇതിനുപുറമെ രണ്ടു ബാറുകളുടെ ലൈസന്‍സ് കൂടി നിഷേധിച്ചിട്ടുണ്ട്. തുറന്ന 312 ബാറുകളില്‍ 20 എണ്ണം പഞ്ചനക്ഷത്ര ഹോട്ടലുകളിലേതാണ്. അതൊഴികെ 292 ബാറുകളാണ് പൂട്ടുന്നത്. ലൈസന്‍സ് തിരിച്ചെടുക്കുന്നതിനുള്ള റിവോക്കേഷന്‍ നോട്ടീസാണ് നല്‍കുന്നത്. ഇതുപ്രകാരം അടുത്ത മാസം 12ന് ബാറുകള്‍ അടയ്ക്കണം.

ബുധനാഴ്ചത്തെ മന്ത്രിസഭായോഗത്തിന്റെ അനുമതി ലഭിച്ചശേഷമായിരിക്കും നടപടി ആരംഭിക്കുക. ബാറുകളുടെ ലൈസന്‍സ് ഫീസ് തിരിച്ചുനല്‍കുന്നത് അടക്കമുള്ള നയപരമായ കാര്യങ്ങള്‍ മന്ത്രിസഭായോഗത്തില്‍ ചര്‍ച്ച ചെയ്യും. ബിയര്‍, വൈന്‍ പാര്‍ലറുകളുടെ ലൈസന്‍സുകള്‍ തുടരുന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല. ഇവ അടച്ചുപൂട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചാല്‍ നടപ്പാക്കാന്‍ ഒട്ടും വൈകില്ല. ക്ലബുകള്‍ക്കുള്ള ബാര്‍ ലൈസന്‍സിനെക്കുറിച്ചും മന്ത്രിസഭായോഗം തീരുമാനിക്കും. ബാറുകള്‍ അടച്ചുപൂട്ടുന്നതോടെ നിരവധി വെല്ലുവിളികള്‍ സര്‍ക്കാരിനു മുന്നിലുണ്ട്. ലൈസന്‍സ് തിരിച്ചെടുക്കുന്നതോടെ ഫീസ് ഇനത്തിലുള്ള തുക മടക്കി നല്‍കേണ്ട ബാധ്യത സര്‍ക്കാരിനുണ്ട്. – മന്ത്രി കെ.ബാബു പറഞ്ഞു.

മദ്യത്തിനെതിരായ ബോധവത്കരണം അടുത്ത വര്‍ഷത്തെ സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ മന്ത്രിസഭയോട് അഭ്യര്‍ഥിക്കാനും യോഗം തീരുമാനിച്ചു. ലഹരിപദാര്‍ഥങ്ങളുടെ ഉപയോഗം വര്‍ധിച്ചുവരുന്നത് വലിയ വെല്ലുവിളിയാണ്. ഇതു നേരിടുന്നതിനായി നാര്‍കോട്ടിക്‌സ് ആക്ടില്‍ ഭേദഗതി വേണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കെ.ബാബു പറഞ്ഞു.

പുതിയ മദ്യനയത്തിന്റെ ഭാഗമായി നോട്ടീസ് നല്‍കാതെ തന്നെ അവശേഷിക്കുന്ന ബാറുകള്‍ കൂടി പൂട്ടാനായിരുന്നു സര്‍ക്കാര്‍ ആദ്യം തീരുമാനിച്ചത്. 22 ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഇക്കാര്യം തീരുമാനിക്കുകയും ചെയ്തു. എന്നാല്‍ അത് നിയമ പ്രശ്‌നങ്ങളുണ്ടാക്കുമെന്ന വിമര്‍ശനം ഉണ്ടായപ്പോഴാണ് പുനരാലോചന നടത്തിയത്. ബാര്‍ പൂട്ടുന്നതിന് നിയമപരമായ പരിരക്ഷ വേണമെന്ന് തീരുമാനിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് തിങ്കളാഴ്ച എ.ജിയില്‍ നിന്നും നിയമോപദേശം തേടിയത്.

എക്‌സൈസ് കമ്മീഷണര്‍ അനില്‍സേവ്യര്‍, നികുതി സെക്രട്ടറി എ. അജിത്കുമാര്‍, നിയമ സെക്രട്ടറി രാമരാജപ്രസാദ് എന്നിവരും യോഗത്തില്‍ പങ്കെടുത്തു.