ബി.ജെ.പി പാര്‍ലമെന്ററി ബോര്‍ഡ്: വാജ്‌പേയിയേയും അദ്വാനിയേയും ജോഷിയേയും ഒഴിവാക്കി

എ.ബി വാജ്‌പേയി, എല്‍. കെ അദ്വാനി, മുരളി മനോഹര്‍ ജോഷി എന്നിവരെ ഒഴിവാക്കിയും ശിവരാജ് സിങ് ചൗഹാന്‍, ജെ.പി നഡ്ഡ എന്നിവരെ ഉള്‍പ്പെടുത്തിക്കൊണ്ടും ബി.ജെ.പി. പാര്‍ലമെന്ററി ബോര്‍ഡ് പുനസംഘടിപ്പിച്ചു. 75 വയസ്സ് കഴിഞ്ഞവരെ പാര്‍ലമെന്ററി ബോര്‍ഡില്‍ നിന്ന് ഒഴിവാക്കിയേക്കുമെന്ന് സൂചനയുണ്ടായിരുന്നു.

പാര്‍ട്ടി പ്രസിഡന്റും 11 അംഗങ്ങളും അടങ്ങുന്നതാണ് ബോര്‍ഡ്. ഇവരില്‍ ഒരാള്‍ പാര്‍ലമെന്ററിപാര്‍ട്ടി നേതാവായിരിക്കും. പാര്‍ട്ടി അധ്യക്ഷനാണ് ചെയര്‍മാന്‍.

അമിത് ഷാ, നരേന്ദ്ര മോദി, രാജ്‌നാഥ് സിങ്, അരുണ്‍ ജെയറ്റ്‌ലി, സുഷമ സ്വരാജ്, വെങ്കയ്യ നായിഡു, നിതിന്‍ ഗഡ്കരി, അനന്ത കുമാര്‍, തവര്‍ചന്ദ് ഗെഹ്‌ലോട്ട്, ശിവരാജ് സിങ് ചൗഹാന്‍, ജെ.പി നഡ്ഡ, രാംലാല്‍ എന്നിവരാണ് ബോര്‍ഡ് അംഗങ്ങള്‍.

രാജ്‌നാഥ് സിങ് പ്രസിഡന്റായിരുന്നപ്പോള്‍ എ.ബി. വാജ്‌പേയി, എല്‍.കെ. അദ്വാനി, നരേന്ദ്രമോദി, അരുണ്‍ജെയ്റ്റ്‌ലി, സുഷമാസ്വരാജ്, നിതിന്‍ ഗഡ്കരി, വെങ്കയ്യനായിഡു, തവര്‍ചന്ദ് ഗെഹ്‌ലോട്ട്, മുരളീ മനോഹര്‍ ജോഷി, അനന്ത് കുമാര്‍ എന്നിവരായിരുന്നു അംഗങ്ങള്‍.