മകനെതിരായ ആരോപണം തെളിയിച്ചാല്‍ രാഷ്ട്രീയം ഉപേക്ഷിക്കുമെന്ന് രാജ്‌നാഥ് സിങ്

തന്റെ മകനെതിരായുള്ള ആരോപണങ്ങള്‍ തെളിയിച്ചാല്‍ രാഷ്ട്രീയം ഉപേക്ഷിക്കാന്‍ തയ്യാറാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്. ആരോപണങ്ങളെക്കുറിച്ച് പ്രധാനമന്ത്രിയേയും പാര്‍ട്ടി അധ്യക്ഷനേയും അറിയിച്ചുവെന്നും ഇരുവരും ആരോപണങ്ങളെ തള്ളിക്കളഞ്ഞുവെന്നും അദ്ദേഹം അറിയിച്ചു.

രാജ്‌നാഥ് സിങിന് പിന്തുണയുമായി പ്രധാനമന്ത്രിയുടെ ഓഫീസും രംഗത്തെത്തിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ രാജനാഥ് സിങിനെതിരെയുള്ള ആരോപണം ദുരുദ്ദേശപരവും വ്യക്തിഹത്യ ലക്ഷ്യം വച്ചുള്ളതാണെന്നും വ്യക്തമാക്കിയിട്ടുണ്ട്.

പോലീസുദ്യോഗസ്ഥരുടെ സ്ഥലം മാറ്റത്തിന് പങ്കജ് സിങ് കൈക്കൂലി വാങ്ങിയെന്നും ഇതറിഞ്ഞ പ്രധാനമന്ത്രി രാജ്‌നാഥ് സിങിനേയും മകനേയും വിളിച്ചു വരുത്തി ശാസിച്ചെന്നും പണം തിരികെ നല്‍കാന്‍ ആവശ്യപ്പെട്ടുവെന്നുമാണ് പ്രചരിക്കുന്ന ആരോപണം. എന്നാല്‍ മന്ത്രിസഭയിലെ ഒരു സഹപ്രവര്‍ത്തകനാണ് ഇത്തരം ആരോപണത്തിന് പിന്നിലെന്നും ഇത് തടയണമെന്നുമാവശ്യപ്പെട്ട് രാജ്‌നാഥ് സിങ് ബി.ജെ.പി-ആര്‍.എസ്.എസ് നേതൃത്വത്തിന് പരാതി നല്‍കിയിട്ടുണ്ട്.

ഉത്തര്‍പ്രദേശ് നിയമസഭയിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ നോയിഡയില്‍ നിന്ന് മകനെ മത്സരിപ്പിക്കാന്‍ രാജ്‌നാഥ് സിങ് ശ്രമിച്ചുവെന്നും എന്നാല്‍ പ്രധാനമന്ത്രി ഇത് തടഞ്ഞുവെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതും രാജ്‌നാഥ് സിങ് തള്ളിക്കളഞ്ഞു.