മടക്കയാത്ര ദുരിതമായി

mangaladevi

പതിവുപോലെ ഈ വര്‍ഷവും ക്ഷേത്രദര്‍ശനം നടത്തി മടങ്ങിയവര്‍ വാഹനം കിട്ടാതെ വലഞ്ഞപ്പോള്‍, വാഹനം കിട്ടിയവരെ വനത്തില്‍ ഇറക്കിവിട്ടതായി പരാതി. മുന്‍വര്‍ഷങ്ങളില്‍ ഏറ്റവും കൂടുതല്‍ ഭക്തരെ വലച്ചത് മംഗളാദേവി ചിത്രാപൗര്‍ണമി ഉത്സവം കഴിഞ്ഞ് കുമളിയിലേക്കുള്ള മടക്കയാത്രയായിരുന്നു. പൊരിവെയിലില്‍ മണിക്കൂറുകള്‍ കാത്തുനിന്ന് മടുത്തവര്‍ പലരും ആരോഗ്യം വകവയ്ക്കാതെ തിരികെനടക്കാന്‍ തയ്യാറായി. കഴിയുന്നത്ര ആളുകളെ കയറ്റിയാണ് ട്രിപ്പ് ജീപ്പുകള്‍ കുമളിയിലേക്ക് മടങ്ങിയത്.
മണിക്കൂറുകള്‍ കാത്തുനിന്ന് ഇടിയും ചവിട്ടും വാങ്ങി ജീപ്പില്‍ കയറിപ്പറ്റിയവര്‍ കുമളിയില്‍നിന്ന് നാല് കിലോമീറ്റര്‍ അകലെ കൊക്കരകണ്ടത്ത് ജീപ്പുകള്‍ തടഞ്ഞ് പോലീസ് ഇറക്കിവിട്ടത് തര്‍ക്കത്തിനിടയാക്കി.
കുമളി വരെ സഞ്ചരിക്കുവാന്‍ ടിക്കറ്റ് നിരക്ക് നല്‍കി എത്തിയവരെ യാതൊരു വാഹനസൗകര്യവുമില്ലാത്ത വനത്തില്‍ ഇറക്കിവിട്ടത് പ്രായം ചെന്നവരെയും കുട്ടികളെയും വലച്ചു. കൊക്കരയില്‍ തടഞ്ഞ ജീപ്പുകള്‍ ആളെ ഇറക്കിയശേഷം തിരികെ മംഗളാദേവിയില്‍ കാത്തുനിന്നവരെ കൊണ്ടുവരുവാന്‍ അയയ്ക്കുകയായിരുന്നുവെന്നാണ് പോലീസിന്റെ വാദം.