മദ്യനയം: പെട്ടെന്നുള്ള തീരുമാനങ്ങള്‍ അപ്രായോഗികമെന്ന് ആര്‍.ചന്ദ്രശേഖരന്‍

മദ്യനയത്തില്‍ ഒരു മുന്നൊരുക്കവുമില്ലാതെ പൊടുന്നനെയെടുത്ത തീരുമാനം അപ്രായോഗികമാണെന്ന് ഐ.എന്‍.ടി.യു.സി. സംസ്ഥാന പ്രസിഡന്റ് ആര്‍.ചന്ദ്രശേഖരന്‍. ഞാന്‍ മാത്രം ശരി, മറ്റുള്ളവര്‍ തെറ്റ് എന്ന് ഏതെങ്കിലും രാഷ്ട്രീയ നേതാവിന് തോന്നിയാല്‍ അത് സമൂഹത്തില്‍ വലിയ പ്രത്യാഘാതമുണ്ടാക്കും. ബാര്‍ വിഷയത്തില്‍ മുഖ്യമന്ത്രിയെയും മന്ത്രിസഭയെയും പദ്മവ്യൂഹത്തില്‍ തളച്ചിട്ടത് അങ്ങേയറ്റം ഗുരതരവും നിര്‍ഭാഗ്യകരവുമാണെന്ന് ചന്ദ്രശേഖരന്‍ കൊല്ലത്ത് പത്രസമ്മേളനത്തില്‍ പറഞ്ഞു.

കെ.പി.സി.സി. പ്രസിഡന്റ് വി.എം.സുധീരന്റെ ഉദ്ദേശശുദ്ധിയില്‍ സംശയമില്ല. പക്ഷേ സ്വന്തം പാര്‍ട്ടിയുടെ സര്‍ക്കാരിനെ സ്വന്തം ഇമേജിനുവേണ്ടി മുള്‍മുനയില്‍ നിര്‍ത്തുന്നതും പരസ്യമായ നിലപാട് എടുക്കുന്നതും ശരിയല്ല. ജനം തിരഞ്ഞടുത്ത സര്‍ക്കാരിനെ ഭീഷണിപ്പെടുത്തുന്നത് രാഷ്ട്രീയ മര്യാദയാണോ എന്ന് ആലോചിക്കണം. ബാറുകള്‍ പൂട്ടാനുള്ള തീരുമാനം പ്രൈമറി ക്ലാസുകളില്‍ കുട്ടികള്‍ പിച്ചി, നുള്ളി എന്ന് പരാതിപ്പെടുന്നതുപോലെ വിവേകമില്ലാത്തതാണ്. അപ്രായോഗിക തീരുമാനം വഴി കേരളത്തിന്റെ സാമ്പത്തികരംഗത്തിനുണ്ടാകുന്ന അപ്രതീക്ഷിത ദുരന്തം വളരെ വലുതാണ്. ബാറുകള്‍ പൂട്ടുമ്പോള്‍ പണിയില്ലാതാകുന്ന രണ്ടുലക്ഷം തൊഴിലാളികള്‍ക്ക് അവരുടെ വിദ്യാഭ്യാസ യോഗ്യതയ്ക്കനുസരിച്ച് ജോലി നല്‍കണം. തൊഴിലാളികളുടെയും അവരുടെ കുടുംബത്തിന്റെയും അവസ്ഥ ഐ.എന്‍.ടി.യു.സി.ക്ക് കാണാതിരിക്കാനാവില്ല.

സുധീരന്‍ ഒറ്റദിവസം കൊണ്ട് നേതാവായ ആളല്ല എന്നോര്‍ക്കണം. കോടതിവിധി സര്‍ക്കാര്‍ ചോദിച്ചുവാങ്ങുകയാണെന്ന അദ്ദേഹത്തിന്റെ പരാമര്‍ശം ശരിയായില്ല. വിശദീകരണങ്ങള്‍കൊണ്ട് കാര്യമില്ല. സുധീരന്റെ ഈഗോയാണ് പ്രശ്‌നമായത്. ഇത്തരം കാര്യങ്ങള്‍ കേരളത്തിന് ദോഷംചെയ്യും. സഭാധ്യക്ഷന്മാരും സാമുദായിക നേതാക്കളും മദ്യം ഉപയോഗിക്കുന്ന ഒരു ചടങ്ങിലും തങ്ങള്‍ പങ്കെടുക്കില്ലെന്ന് പ്രഖ്യാപിച്ചിട്ട് വേണമായിരുന്നു ബാര്‍ പൂട്ടണമെന്ന നിലപാട് എടുക്കേണ്ടിയിരുന്നത്. അതുണ്ടായില്ല.

ഡല്‍ഹിയില്‍ നരേന്ദ്രമോദിക്ക് പിന്തുണ പ്രഖ്യാപിച്ച് കേരളത്തില്‍ വന്ന ക്ലിമീസ് തിരുമേനി മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തി. ഇത് ശരിയാണോയെന്ന് ചന്ദ്രശേഖരന്‍ ചോദിച്ചു.

സമ്പൂര്‍ണ മദ്യനിരോധനം എന്ന ആശയത്തോട് ഐ.എന്‍.ടി.യു.സി.ക്ക് യോജിപ്പാണ്. ബോധവത്കരണത്തിലൂടെയും മറ്റും ഘട്ടംഘട്ടമായാണിത് നടപ്പാക്കേണ്ടിയിരുന്നത്. ഗുജറാത്തടക്കമുള്ള സംസ്ഥാനങ്ങളിലും വിദേശരാജ്യങ്ങളിലും നിയമാനുസൃതം നടപ്പാക്കിയ മദ്യനിരോധനം പ്രായോഗികമല്ലെന്ന് തെളിഞ്ഞിട്ടുണ്ട്.

സര്‍ക്കാര്‍ വരുമാനത്തിന്റെ 90 ശതമാനവും ജീവനക്കാരുടെ വേതനങ്ങള്‍ക്കും ആനുകൂല്യങ്ങള്‍ക്കുമാണ് പോകുന്നത്. സാമ്പത്തിക പ്രതിസന്ധിയില്‍ സര്‍ക്കാര്‍ നില്‍ക്കുമ്പോഴാണ് മദ്യനയം സംബന്ധിച്ച തീരുമാനങ്ങള്‍. മദ്യനിരോധനം വഴി തൊഴിലാളികള്‍ക്ക് ദുരന്തപൂര്‍ണമായ സാഹചര്യമാണ്. ഓണം അടുത്തതോടെ അത് രൂക്ഷമായി. അതിനാലാണ് വിവേകത്തോടെയും ആലോചിച്ചും എടുത്ത തീരുമാനമല്ലെന്ന് പറഞ്ഞത്.

മദ്യനയത്തില്‍ തൊഴിലാളികളുടെ പുനരധിവാസത്തെപ്പറ്റി പറയുന്നുണ്ട്. അതൊരിക്കലും നടക്കാത്തതാണ്. കാരണം ചാരായം നിരോധിച്ചപ്പോള്‍ ജോലി പോയവരുടെ പുനരധിവാസം ഇതുവരെ പൂര്‍ത്തിയായിട്ടില്ല. എന്നാല്‍ മദ്യ ഉപഭോഗം കുറച്ചുകൊണ്ടുവരണം എന്നതാണ് നിലപാട്. സമ്പൂര്‍ണ നിരോധനം വരുമ്പോഴത്തെ സ്ഥിതി നേരിടാന്‍ പോലീസിനും എക്‌സൈസിനും ആവശ്യത്തിന് ആള്‍ബലമില്ല. ഫൈവ് സ്റ്റാര്‍ നിലപാടിലും വിവേചനമുണ്ട്. കോണ്‍ഗ്രസ് നയിക്കുന്ന സര്‍ക്കാര്‍ എന്നനിലയ്ക്ക് ഇത്തരം നിര്‍ണായക തീരുമാനങ്ങളെപ്പറ്റി ഐ.എന്‍.ടി.യു.സി.യോട് ആലോചിക്കാന്‍ കെ.പി.സി.സി.ക്ക് ബാധ്യതയുണ്ട്. ഏതെങ്കിലും ഗ്രൂപ്പിന്റെ പ്രശ്‌നമല്ലിത്. ഗ്രൂപ്പിന്റെ ഭാഗമല്ല യൂണിയനും-ചന്ദ്രശേഖരന്‍ പറഞ്ഞു.