മന്‍മോഹന്‍ പാക് തീവ്രവാദികളെ കാണാന്‍ ആഗ്രഹിച്ചു- യാസിന്‍ മാലിക്‌

മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പാക് തീവ്രവാദിനേതാക്കളുമായി ബന്ധപ്പെടാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നതായി ജെ.കെ.എല്‍.എഫ് നേതാവ് യാസിന്‍ മാലിക് . വാര്‍ത്താചാനല്‍ പരിപാടിയിലാണ് മാലിക് ഇക്കാര്യം വ്യക്തമാക്കിയത്.
ഇന്ത്യ-പാക് ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് മന്‍മോഹന്‍ തീവ്രവാദിനേതാക്കളെ കാണാന്‍ താത്പര്യം പ്രകടിപ്പിച്ചതെന്ന് മാലിക് പറഞ്ഞു. 2006-ലായിരുന്നു ഇത്.

സന്ദര്‍ശനത്തിനിടെ സമാധാനചര്‍ച്ചകളില്‍ ഇരുസര്‍ക്കാറുകള്‍ക്കുമൊപ്പം തീവ്രവാദി നേതാക്കളെയും പങ്കെടുപ്പിക്കണമെന്ന് താന്‍ അഭിപ്രായപ്പെട്ടപ്പോഴായിരുന്നു മന്‍മോഹന്‍ ഇക്കാര്യം വെളിപ്പെടുത്തിയതെന്ന് മാലിക് പറഞ്ഞു. ഇതിന് മന്‍മോഹന്‍സിങ് തങ്ങളുടെ സഹായം തേടിയതായും മാലിക് വ്യക്തമാക്കി. ഇന്ത്യ കശ്മീരിനെ രാജ്യത്തിന്റെ അവിഭാജ്യഘടകമായി കണക്കാക്കുമ്പോള്‍ പാകിസ്താന്‍ അതിനെ അവരുടെ പ്രധാന സിരയായാണ് പരിഗണിക്കുന്നതെന്നും മാലിക് പറഞ്ഞു. ജനാധിപത്യ സംവിധാനത്തിലൂടെ കശ്മീരികള്‍ അവരുടെ വിധി നിര്‍ണയിക്കണമെന്നാണ് തന്റെ നിലപാടെന്നും മാലിക് പറഞ്ഞു.