മലേഷ്യന്‍ വിമാനം : അടിമുടി ആശയക്കുഴപ്പം

 

malasia

അഞ്ച് ഇന്ത്യക്കാരുള്‍പ്പെടെ 239 പേരുമായി പുറപ്പെട്ട മലേഷ്യന്‍വിമാനം കാണാതായി ഒരാഴ്ച പിന്നിട്ടെങ്കിലും തിരച്ചിലുമായി ബന്ധപ്പെട്ട് അടിമുടി ആശയക്കുഴപ്പം. ഇതിനിടെ, ദൗത്യത്തിന് നേതൃത്വംനല്‍കുന്ന രാജ്യങ്ങള്‍ക്കിടയില്‍ തിരച്ചിലിനെച്ചൊല്ലി ഭിന്നതയും ഉടലെടുത്തു. തെക്കന്‍ ചൈനാക്കടലിന് മുകളില്‍വെച്ചാണ് വിമാനം അപ്രത്യക്ഷമായത്. തങ്ങളുടെ അധീനതയിലുള്ളതെന്ന് ചൈന അവകാശപ്പെടുന്ന മേഖലയാണിത്. മലേഷ്യ, വിയറ്റ്നാം, ഫിലിപ്പീന്‍സ്, ബ്രുണെ, തായ്വാന്‍ തുടങ്ങിയ രാജ്യങ്ങളും ഈ മേഖലയില്‍ അവകാശവാദം ഉന്നയിക്കുന്നുണ്ട്. വിമാനം കണ്ടെത്തുന്നതിലുപരി തെക്കന്‍ ചൈനക്കടലില്‍ തങ്ങളുടെ താത്പര്യം സംരക്ഷിക്കാനുള്ള നീക്കമാണ് ഈ രാജ്യങ്ങള്‍ നടത്തുന്നതെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്. ഇന്ത്യയും അമേരിക്കയും ഉള്‍പ്പടെ 12 രാജ്യങ്ങളുടെ നേതൃത്വത്തില്‍ 42 കപ്പലുകളും 39 വിമാനങ്ങളുമാണ് ദൗത്യത്തില്‍ പങ്കെടുക്കുന്നത്. തിരച്ചിലിനെച്ചൊല്ലിയുള്ള ഭിന്നത വ്യാഴാഴ്ച പരസ്യമായി മറനീക്കി. വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി ഉപഗ്രഹചിത്രം ചൈന പുറത്തുവിട്ടതും ആശയക്കുഴപ്പത്തിനിടയാക്കി. വിയറ്റ്നാമിന് സമീപം കടലില്‍ വിമാനത്തിന്റേതെന്ന് തോന്നിക്കുന്ന മൂന്ന് ഭാഗങ്ങള്‍ ഒഴുകിനടക്കുന്നതിന്റെ ചിത്രമാണ് ചൈന പുറത്തുവിട്ടത്. എന്നാല്‍, ചൈന പുറത്തുവിട്ട വിവരം തെറ്റാണെന്ന് മലേഷ്യന്‍ ഗതാഗത മന്ത്രി ഹിഷാമുദ്ദീന്‍ ഹുസൈന്‍ പറഞ്ഞു. ഉപഗ്രഹചിത്രം ചൈന പുറത്തുവിട്ടതിനെത്തുടര്‍ന്ന് വിയറ്റ്നാമും മലേഷ്യയും ഈ മേഖലയിലേക്ക് വിമാനങ്ങള്‍ അയച്ചിരുന്നെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഇതിന് പിന്നാലെ ചൈന കൃത്യമായ വിവരങ്ങള്‍ കൈമാറിയില്ലെന്ന് വിയറ്റ്നാം കുറ്റപ്പെടുത്തി. ഔദ്യോഗികമായി ചൈന വിവരങ്ങള്‍ കൈമാറിയില്ലെന്നും ഇന്റര്‍നെറ്റിലൂടെയാണ് വിവരങ്ങള്‍ അറിഞ്ഞതെന്നും വിയറ്റ്നാം സിവില്‍ ഏവിയേഷന്‍ ഉപമേധാവി ദിന്‍ വിയെത് താങ് പറഞ്ഞു. അതേസമയം, മലേഷ്യന്‍ സര്‍ക്കാറിന്റെ ഉടമസ്ഥതയിലുള്ള വിമാനമാണ് കാണാതായത് എന്നതിനാല്‍ ദൗത്യം ഏകോപിപ്പിക്കേണ്ടത് അവരാണെന്ന് ചൈന വ്യക്തമാക്കി. തിരച്ചില്‍ സുതാര്യമല്ലെങ്കില്‍ ദൗത്യം കൂടുതല്‍ ദുഷ്‌കരമാകുമെന്ന് ചൈനീസ് അധികൃതര്‍ പറഞ്ഞു. എന്നാല്‍ ചൈനയുടെ പ്രതികരണം തള്ളിയ മലേഷ്യന്‍ ഗതാഗതമന്ത്രി, എല്ലാം തങ്ങളുടെമാത്രം ചുമലില്‍ ഇടുന്നത് നന്നാവില്ലെന്നും അഭിപ്രായപ്പെട്ടു. മേഖലയിലെ സുരക്ഷാ താത്പര്യങ്ങള്‍ മൂലം റഡാര്‍, ഉപഗ്രഹവിവരങ്ങള്‍ കൈമാറുന്നില്ലെന്ന് രാജ്യങ്ങള്‍ പരസ്പരം കുറ്റപ്പെടുത്തി. മലേഷ്യയുടെ അഭ്യര്‍ഥനപ്രകാരം ഇന്ത്യയുടെ മൂന്ന് കപ്പലുകളും നാല് വിമാനങ്ങളും തിരിച്ചില്‍ തുടങ്ങി. നാവികസേനയുടെ ഐ.എന്‍.എസ്. കുംഭിര്‍, ഐ.എന്‍.എസ്. സരയു കപ്പലുകളും കോസ്റ്റ് ഗാര്‍ഡിന്റെ കനകലത ബറുവ എന്ന കപ്പലും ആന്തമാന്‍ ദ്വീപുകളില്‍നിന്ന് പുറപ്പെട്ടു. വിമാനം കണ്ടെത്തുന്നതിന് രുക്മിണി ഉപഗ്രഹത്തിന്റെ സേവനവും ഇന്ത്യ ഉപയോഗപ്പെടുത്തും. കഴിഞ്ഞ വെള്ളിയാഴ്ചമുതല്‍ കാണാതായ വിമാനത്തെക്കുറിച്ച് ഒട്ടേറെ തെറ്റായ വാര്‍ത്തകളും ഊഹാപോഹങ്ങളും പ്രചരിക്കുന്നുണ്ട്. * ശനിയാഴ്ച പുലര്‍ച്ച ഒന്നരയ്ക്കാണ് വിമാനം റഡാര്‍ സ്‌ക്രീനില്‍നിന്ന് അപ്രത്യക്ഷമായത്. ഇതിന് ശേഷം നാല് മണിക്കൂറോളം വിമാനം യാത്രതുടര്‍ന്നതായി യു.എസ്. ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ മലേഷ്യ ഇത് തള്ളി. ഈയൊരു സാധ്യതയെക്കുറിച്ച് ഞായറാഴ്ചതന്നെ പരിശോധിച്ചിരുന്നതായും അടിസ്ഥാനമില്ലെന്ന് ബോധ്യപ്പെട്ടതായും മലേഷ്യന്‍അധികൃതര്‍ പറഞ്ഞു. * അജ്ഞാതകേന്ദ്രത്തിലേക്ക് പൈലറ്റ് വിമാനം പറത്തിയിട്ടുണ്ടോ എന്നതിനെക്കുറിച്ച് യു.എസ്. ഭീകര