മഴ കനത്തു; എട്ടുപേര്‍ മരിച്ചു

സംസ്ഥാനത്ത് മഴ കനത്തതോടെ വിവിധ ജില്ലകളില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. തുടര്‍ച്ചയായ മഴയെത്തുടര്‍ന്ന് മലയോരമേഖലകള്‍ ഉരുള്‍പൊട്ടല്‍ ഭീഷണിയിലാണ്. തിരുവനന്തപുരം ജില്ലയില്‍ 1500-ലേറെപ്പേരെ മാറ്റിത്താമസിപ്പിച്ചു. കോഴിക്കോട്, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, മലപ്പുറം ജില്ലകളിലായി മഴക്കെടുതികളില്‍ എട്ടുപേര്‍ മരിച്ചു.

കോഴിക്കോട്ട് എലത്തൂരിലെ പുത്തലത്ത് ശിവരാമന്‍(53) വെള്ളക്കെട്ടില്‍ വീണുമരിച്ചു. ജില്ലയില്‍ 17 സെന്റിമീറ്റര്‍ മഴയാണ് രേഖപ്പെടുത്തിയത്. ഈ വര്‍ഷം ലഭിച്ച കൂടിയ മഴയാണിത്. പത്തനംതിട്ടയില്‍ മൂന്ന് പേര്‍ മരിച്ചു. കൊല്ലത്ത് രണ്ടരവയസ്സുകാരിയടക്കം രണ്ടുപേരാണ് മരിച്ചത്. വ്യാപകമായ കൃഷിനാശവും ഉണ്ടായിട്ടുണ്ട്. തൃശ്ശൂരില്‍ രണ്ട് കുട്ടികളെ കനാലില്‍ വീണ് കാണാതായി.

മഴക്കെടുതിയില്‍ മരിച്ചവര്‍ക്ക് രണ്ട് ലക്ഷം രൂപയും വീട് നഷ്ടപെട്ടവര്‍ക്ക് ധനസഹായവും നല്‍കുമെന്ന് റവന്യൂമന്ത്രി അടൂര്‍ പ്രകാശ് അറിയിച്ചു. ദുരിതാശ്വാസം എത്തിക്കാന്‍ ബന്ധപ്പെട്ട ജീവനക്കാര്‍ ഞായറാഴ്ച ജോലിക്കെത്തണമെന്ന് മന്ത്രി നിര്‍ദേശിച്ചു.

കല്ലാര്‍, പൊന്മുടി, ബോണക്കാട് പ്രദേശങ്ങളടക്കം തിരുവനന്തപുരം ജില്ലയുടെ മലയോരമേഖലയിലെ പലയിടങ്ങളും ഒറ്റപ്പെട്ടു. ഇരുനൂറോളം വീടുകള്‍ തകര്‍ന്നു. മുപ്പതോളം ദുരിതാശ്വാസക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. അരുവിക്കര, പേപ്പാറ ഡാമുകളുടെ എല്ലാ ഷട്ടറുകളും തുറന്നു. ജില്ലയില്‍ ശനിയാഴ്ച ഒരാളാണ് മരിച്ചത്. കൂവക്കുടിയാറ്റില്‍ ഒഴുക്കില്‍ പെട്ട നെടുമങ്ങാട് സ്വദേശി അപ്പുക്കുട്ടന്‍ നായരുടെ മൃതദേഹം വെള്ളനാട് കരയ്ക്കടിഞ്ഞു. വാമനപുരം നദി കരകവിഞ്ഞൊഴുകി ഹെക്ടര്‍ കണക്കിന് കൃഷി പൂര്‍ണമായി നശിച്ചു. പാലോട് പ്രദേശം വെള്ളത്തിലായതിനാല്‍ ഗതാഗതം നിര്‍ത്തിവെച്ചു. അമ്പൂരിയില്‍ രണ്ട് വീടുകള്‍ക്കുമുകളില്‍ മണ്ണിടിഞ്ഞുവീണു. തിരുവനന്തപുരം നഗരത്തില്‍ കരമനയാറിന്റെ തീരത്ത് വീടുകളില്‍ വെള്ളം കയറി. മരപ്പാലത്ത് പത്മകുമാറിന്റെ വീട് തകര്‍ന്നെങ്കിലും വീട്ടിലുള്ളവര്‍ രക്ഷപ്പെട്ടു.

കൊല്ലം ജില്ലയില്‍ കനത്ത മഴയെത്തുടര്‍ന്നു ണ്ടായ മണ്ണിടിച്ചിലില്‍ വീട് തകര്‍ന്നുവീണ് ഒരാള്‍ മരിച്ചു. പുനലൂര്‍ കരവാളൂര്‍ വെഞ്ചേമ്പ് അയണിക്കോട് ചരുവിള പുത്തന്‍വീട്ടില്‍ രാധാകൃഷ്ണന്‍ (45) ആണ് മരിച്ചത്. മണ്‍റോ തുരുത്തില്‍ വീട്ടിനടുത്തുള്ള തോട്ടില്‍ വീണ് രണ്ടരവയസ്സുകാരി മരിച്ചു. നെന്മേനി കിഴക്ക് പട്ടേല്‍മുക്ക് തോട്ടില്‍ പടിഞ്ഞാറ്റേതില്‍ അനില്‍കുമാര്‍- മാധുരി ദന്പതിമാരുടെ മകള്‍ അനശ്വരയാണ് മരിച്ചത്.

ചടയമംഗലം, തെന്മല, അച്ചന്‍കോവില്‍, കൊട്ടാരക്കര ഭാഗങ്ങളില്‍ മണ്ണിടിച്ചിലുണ്ടായി. കല്ലടയാറും പള്ളിക്കലാറും ഇത്തിക്കരയാറും കരകവിഞ്ഞൊഴുകി. എം.സി.റോഡിന്റെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായതിനാല്‍ ഗതാഗതം പലയിടത്തും തടസ്സപ്പെട്ടു.
കോട്ടയം ജില്ലയില്‍ ശനിയാഴ്ച കനത്തമഴ പെയ്തു. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ടുണ്ട്. ഈരാറ്റുപേട്ട, പൂഞ്ഞാര്‍ തെക്കേക്കര കൈപ്പള്ളി ഭാഗത്തും കുന്നോന്നിയിലും ഉരുള്‍പൊട്ടി വന്‍ കൃഷിനാശമുണ്ടായി. മണ്ണിടിച്ചിലില്‍ മൂന്ന് വീടുകള്‍ നശിച്ചു. മുണ്ടക്കയം കൊക്കയാര്‍ പഞ്ചായത്തിലെ മുക്കുളം വെള്ളപ്പൊട്ടില്‍ ഉരുള്‍പൊട്ടി ഒരേക്കറോളം കൃഷിയിടം ഒലിച്ചുപോയി. മണ്ണിടിച്ചിലില്‍ രണ്ടു വീടുകള്‍ തകര്‍ന്നു.
വീട്ടമ്മയ്ക്ക് പരിക്കേറ്റു. മൂന്ന് വീടുകളുടെ സംരക്ഷണഭിത്തി തകര്‍ന്നു. ചങ്ങനാശ്ശേരി മേഖലയില്‍ 600-ഓളം വീടുകള്‍ വെള്ളത്തിനടിയിലായി. സിവില്‍സപ്ലൈസ് കോര്‍പ്പറേഷന്റെ ചെത്തിപ്പുഴ ഗോഡൗണില്‍ വെള്ളം കയറി അഞ്ചുലക്ഷം രൂപയുടെ ഭക്ഷ്യവസ്തുക്കള്‍ നശിച്ചു.
പത്തനംതിട്ട ജില്ലയില്‍ ഒഴുക്കില്‍പ്പെട്ട് മല്ലപ്പള്ളി നെടുങ്ങാടപ്പള്ളി സി.എം.എസ്. സ്‌കൂള്‍വിദ്യാര്‍ഥി ആദര്‍ശ് (14) മരിച്ചു. മഞ്ഞത്താനം കരിക്കോട്ട് വിജയന്റെ മകനാണ്. കവിയൂര്‍ പി.ജെ.തങ്കച്ചന്‍, പ്രമാടം സ്വദേശി പ്രശാന്ത് എന്നിവരും മഴക്കെടുതികളില്‍ പെട്ട് മരിച്ചു. കൊക്കാത്തോട്ടില്‍ കനത്ത മഴയത്ത് കാട്ടില്‍ അകപ്പെട്ടുപോയ തൊഴിലാളികളെ ശനിയാഴ്ച പുലര്‍ച്ചെ ഫയര്‍ഫോഴ്‌സ് രക്ഷിച്ചു. കോന്നി, അട്ടിപ്പാറ, മണ്ണീറ, റാന്നി പെരുന്നാട്ടിലെ ബഥനിക്കുന്ന് എന്നിവിടങ്ങളില്‍ മലവെള്ളപ്പാച്ചിലില്‍ കനത്ത നാശമുണ്ടായി. നാല് ക്യാമ്പുകള്‍ തുറന്നു. 27 ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായി.

ആലപ്പുഴയില്‍ മുമ്പുണ്ടായിരുന്ന 18 ക്യാമ്പുകള്‍ക്കു പുറമെ ശനിയാഴ്ച അഞ്ച് ദുരിതാശ്വാസക്യാമ്പുകള്‍കൂടി തുടങ്ങി. കിഴക്കന്‍ വെള്ളത്തിന്റെ വരവ് ശക്തമായതോടെ കുട്ടനാട് വെള്ളപ്പൊക്ക ഭീഷണിയിലാണ്. എ.സി. റോഡില്‍ വെള്ളം കയറി.

വയനാട്ടില്‍ വെള്ളിയാഴ്ചത്തെ കനത്ത മഴയില്‍ 4.4 കോടിയുടെ കൃഷി നശിച്ചു. 300 ഹെക്ടര്‍ സ്ഥലത്തെ വാഴ, കാപ്പി, കുരുമുളക് എന്നിവയാണ് നശിച്ചത്. നെല്‍കൃഷിയും വ്യാപകമായി നശിച്ചിട്ടുണ്ട്. ഒരു വീട് പൂര്‍ണമായും 25 വീടുകള്‍ ഭാഗികമായും തകര്‍ന്നു. മഴ ശക്തമായതോടെ നൂല്‍പ്പുഴ വില്ലേജില്‍ മൂന്നും പാടിച്ചിറയില്‍ ഒന്നും നടവയലില്‍ രണ്ടും ക്യാമ്പും തുറന്നു.

പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് കരിമ്പ മേഖലയില്‍ ഉരുള്‍പൊട്ടല്‍ ഭീഷണിയുണ്ട്. തൃശ്ശൂര്‍ ജില്ലയിലെ ചാവക്കാട് 250-ഓളം കടകളില്‍ വെള്ളംകയറി. ശനിയാഴ്ച വൈകിട്ട് അരിമ്പൂരില്‍ കോള്‍പ്പടവിനടുത്ത കനാലില്‍ രണ്ടുകുട്ടികളെ കാണാതായി.

മഴയിലും മണ്ണിടിച്ചിലിലും മലപ്പുറം ജില്ലയിലെ മലയോരമേഖലയില്‍ കനത്ത നാശവും ഗതാഗതതടസ്സവും ഉണ്ടായി. എടക്കരയില്‍ ഒഴുക്കില്‍പ്പെട്ട് വഴിക്കടവ് മണിമൂളി കോഡൂര്‍ രതീഷ്(28) മരിച്ചു. പുന്നപ്പുഴയിലെ നമ്പൂതിരിപ്പൊട്ടി കടവില്‍ ഒഴുക്കില്‍പ്പെട്ട രതീഷിന്റെ മൃതദേഹം ശനിയാഴ്ച രാവിലെയാണ് കണ്ടെടുത്തത്. നിലമ്പൂര്‍, കരുവാരക്കുണ്ട്, കാളികാവ് എന്നിവിടങ്ങളിലാണ് മഴക്കെടുതി കൂടുതല്‍. ഒട്ടേറെ വീടുകളിലും റോഡിലും വെള്ളം കയറി.

എറണാകുളം ജില്ലയില്‍ പലയിടങ്ങളിലും വീടുകള്‍ വെള്ളത്തിലായി. ചെറായിയില്‍ ഒരു വീട് തകര്‍ന്നു. കൂത്താട്ടുകുളത്ത് റോഡിലെ ജലനിരപ്പുയര്‍ന്നതിനാല്‍ നിയന്ത്രണംവിട്ട കാര്‍ കുളത്തിലേക്ക് മറിഞ്ഞു. നഗരത്തില്‍ ഗതാഗതം താറുമാറായി.