മൂന്നാം ടെസ്റ്റ് ഇന്നുമുതല്‍

 

ഏറിയാസ് ബൗള്‍ : 28 കൊല്ലത്തെ ഇടവേളയ്ക്ക് ശേഷം ലോഡ്‌സില്‍ നേടിയ വിജയത്തിന്റെ ആഹ്‌ളാദവും ആത്മവിശ്വാസവുമായി ഇന്ത്യ ഇന്ന് ഇംഗ്‌ളണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിനിറങ്ങുന്നു. അഞ്ച് മത്സര പരമ്പരയില്‍ 10 ത്തിന് മുന്നിലുള്ളവ ഇന്ത്യയ്ക്ക് ഇനിയുള്ള കളികളില്‍ തോല്‍ക്കാതിരുന്നാല്‍ പരമ്പര നേടാമെന്ന അവസരം മുന്നിലുണ്ട്. അതേസമയം സ്വന്തം മണ്ണില്‍ വച്ച് മുറിവേറ്റതിന്റെ വേദനയിലാണ് ഇംഗ്‌ളണ്ട്. ലോഡ്‌സില്‍ ഒന്നാം ഇന്നിംഗ്‌സില്‍ ലീഡ് നേടിയിട്ടുപോലും തോല്‍ക്കേണ്ടിവന്നത് ആതിഥേയരെ അലട്ടുന്നുണ്ട്.

ബാറ്റിംഗിലും ബൗളിംഗിലും ഇംഗ്‌ളീഷ് മണ്ണില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയുന്ന താരങ്ങളുമായി ഇംഗ്‌ളണ്ടില്‍ ഇക്കുറി എത്തിയ ധോണിപ്പട ആദ്യടെസ്റ്റിലും മികച്ച പ്രകടനം നടത്തിയാണ് സമനില നേടിയിരുന്നത്. രണ്ടാം ടെസ്റ്റിലെ വിജയം ടീമിന് പ്രത്യേക ഉണര്‍വാണ് പകര്‍ന്നിരിക്കുന്നത്. മൂന്നുകൊല്ലംമുമ്പ് ഇതേ നായകന്റെ കീഴില്‍ തുടര്‍ച്ചയായി നാല് ടെസ്റ്റുകള്‍ തോറ്റിരുന്ന ഇന്ത്യന്‍ ടീമാണ് ഇക്കുറി കണക്കുകൂട്ടലുകള്‍ തെറ്റിച്ചിരിക്കുന്നത്.

പരമ്പരയില്‍ മുന്നിലാണെങ്കിലും ടീമിലെ കാര്യങ്ങളില്‍ ഇന്ത്യ ഇനിയും അവസാന തീരുമാനമെടുത്തിട്ടില്ല. ചില മുന്‍നിര താരങ്ങളുടെ ഫോമില്ലായ്മയും ആള്‍ റൗണ്ടര്‍ സ്റ്റുവര്‍ട്ട് ബിന്നിക്ക് പകരം അശ്വിനെ കളിപ്പിക്കണമോ എന്ന ചോദ്യവും ധോണിക്ക് മുന്നിലുണ്ട്. ആദ്യരണ്ട് ടെസ്റ്റുകളിലും ഫോം പ്രകടിപ്പിക്കാതിരുന്ന ചേതേശ്വര്‍ പുജാരയും വിരാട് കൊഹ്‌ലിയുമാണ് ക്യാപ്ടന് തലവേദന. ഇംഗ്‌ളണ്ട് തിരിച്ചടിക്കാനുറച്ചിറങ്ങുമ്പോള്‍ ഇരുവരെയും ഒഴിവാക്കാന്‍ ധോണിക്ക് കഴിയില്ല. അതേസമയം പ്‌ളേയിംഗ് ഇലവനിലേക്ക് രോഹിത് ശര്‍മ്മയെ തിരിച്ചുകൊണ്ടുവരികയെന്ന ആശയവും ധോണിക്ക് മുന്നിലുണ്ട്. രോഹിതിനൊപ്പം അശ്വിന്‍, ഗംഭീര്‍ എന്നിവരും അവസരം പ്രതീക്ഷിക്കുന്നുണ്ട്. ശിഖര്‍ ധവാന്‍ ഫോമിലല്ലാത്തതാണ് ഗംഭീറിന് പ്രതീക്ഷ നല്‍കുന്നത്.
ബാറ്റിംഗില്‍ നേരിയ കല്ലുകടികളുള്ളപ്പോള്‍ പേസര്‍മാര്‍ ഗംഭീര പ്രകടനം നടത്തുന്നത് ധോണിക്ക് ആശ്വാസം പകരുന്നു. ഭുവനേശ്വര്‍ കുമാര്‍, ഇശാന്ത് ശര്‍മ്മ, മുഹമ്മദ് ഷമി എന്നിവരെല്ലാം മികച്ച ഫോമിലാണ് സ്പിന്നറായി ജഡേജയും മോശമല്ല.
അതേസമയം നായകന്‍ അലക്‌സിറ്റയര്‍ കുക്കടമുള്ള സീനിയര്‍ താരങ്ങളുടെ ഫോമില്ലായ്മ ഇംഗ്‌ളണ്ടിനെ പിന്നോട്ടടിക്കുന്നു. പരിക്കേറ്റ വിക്കറ്റ് കീപ്പര്‍ പ്രയോറിന് പകരം ബട്ട്‌ലറെ ഇംഗ്‌ളണ്ട് ടീമിലെടുത്തിട്ടുണ്ട്.