മൂന്നാര്‍ വിധിക്കെതിരെ വി.എസ്. റിവ്യൂ ഹര്‍ജിക്ക്

മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കല്‍ സംബന്ധിച്ചു ചീഫ് ജസ്റ്റിസ് മഞ്ചുള ചെല്ലൂര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ വിധിക്കെതിരെ ഹൈക്കോടതിയില്‍ കക്ഷിചേര്‍ന്നു റിവ്യൂഹര്‍ജി നല്‍കുമെന്നു പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. വിധി ഭരണഘടനാ വിരുദ്ധമാണ്. സ്ഥലംമാറ്റ ഉത്തരവ് വന്നതിനുശേഷം ഔദ്യോഗിക കൃത്യങ്ങള്‍ ജഡ്ജിമാര്‍ നിര്‍വഹിക്കരുതെന്നു ഭരണഘടന അനുശാസിക്കുന്നുണ്ട്.

കേരള ഹൈക്കോടതിയുടെ 1966 ജൂലൈ 15ലെ ഉത്തരവിലും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. 21നാണു ചീഫ് ജസ്റ്റിസ് മഞ്ചുളാ ചെല്ലൂരിന്റെ സ്ഥലംമാറ്റ ഉത്തരവ് പ്രസിഡന്റ് ഒപ്പുവച്ചത്. അതുകൊണ്ടുതന്നെ 25ലെ ഉത്തരവ് ഹൈക്കോടതി വിധിയുടെ ലംഘനമാണ്.

ഗ്രീന്‍ ട്രൈബ്യൂണല്‍ നിലവില്‍ വന്ന സാഹചര്യത്തില്‍ മൂന്നാര്‍ കേസുകള്‍ ട്രൈബ്യൂണലിലേക്കു മാറ്റുകയായിരുന്നു ചീഫ് ജസ്റ്റിസിന്റെ ഭരണഘടനാപരമായ ഉത്തരവാദിത്തം. അതിനുപകരം കേസുകള്‍ നിയമവിരുദ്ധമായി കേള്‍ക്കുകയും വിധി പ്രസ്താവിക്കുകയുമാണു ചീഫ് ജസ്റ്റിസ് മഞ്ചുള ചെല്ലൂര്‍ ചെയ്തത്.

വാദം കേട്ടതിനുശേഷം ഒന്‍പതു മാസം കഴിഞ്ഞ് അപ്രതീക്ഷിതമായാണു വിധി പ്രസ്താവിച്ചത്. ഇതു സുപ്രീംകോടതി വിധിയുടെ ലംഘനമാണ്. വാദംകേട്ടു രണ്ടു മാസമായിട്ടും വിധി പറഞ്ഞില്ലെങ്കില്‍ ബെഞ്ച് മാറ്റിക്കിട്ടാന്‍ കക്ഷികള്‍ക്ക് അപേക്ഷിക്കാം. ആറു മാസത്തിനകം വിധി വൈകിയാല്‍ വീണ്ടും വാദം കേള്‍ക്കണമെന്നു കക്ഷികള്‍ക്ക് ആവശ്യപ്പെടാം. സുപ്രീംകോടതിയുടെ ഇത്തരം നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ ബാധ്യസ്ഥയായ ചീഫ് ജസ്റ്റിസ് ഇതു ലംഘിച്ചാണു മൂന്നാര്‍ വിധി പ്രസ്താവിച്ചതെന്നു വി.എസ്. ആരോപിച്ചു.