യു.ഡി.എഫിനെ വിമര്‍ശിച്ച് ഷോണ്‍ ജോര്‍ജ് ബി.ജെ.പി. വേദിയില്‍

ktm aug15

സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി.ജോര്‍ജിന് പിറകെ മകന്‍ ഷോണ്‍ ജോര്‍ജും ബി.ജെ.പി.യുടെ വേദിയില്‍. ബി.ജെ.പി.യുടെ പോഷക സംഘടനയായ യുവമോര്‍ച്ച കോട്ടയത്ത് സംഘടിപ്പിച്ച ലഹരിവിരുദ്ധ പദയാത്രയുടെ സമാപനസമ്മേളനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത് കേരള കോണ്‍ഗ്രസിന്റെ യുവജനവിഭാഗമായ യൂത്ത് ഫ്രണ്ട്-എം സംസ്ഥാന ജനറല്‍ സെക്രട്ടറി കൂടിയായ ഷോണ്‍ ജോര്‍ജാണ്.

യു.ഡി.എഫ് ഭരണം മടുത്തെന്നും കേരളത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുകയാണെങ്കില്‍ ബി.ജെ.പി.ക്ക് കേരളം ഭരിക്കാമെന്നും ഷോണ്‍ ജോര്‍ജ് പറഞ്ഞു. കേരളത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന പാര്‍ട്ടിയില്‍ ചേരുമെന്നും ഷോണ്‍ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.

നേരത്തെ സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ പ്രതിമാ നിര്‍മാണത്തിന്റെ പ്രചരണാര്‍ഥം കോട്ടയത്ത് സംഘടിപ്പിച്ച ചടങ്ങില്‍ നരേന്ദ്ര മോദിയുടെ ചിത്രം ആലേഖനം ചെയ്ത ടീ ഷര്‍ട്ട് ധരിച്ച് പി.സി. ജോര്‍ജ് പങ്കെടുത്തത് വലിയ രാഷ്ട്രീയ കോലാഹലത്തിന് വഴിവച്ചിരുന്നു.