റിച്ചാര്‍ഡ് ആറ്റന്‍ബറോ അന്തരിച്ചു

പ്രശസ്ത ബ്രിട്ടീഷ് നടനും സംവിധായകനും ഓസ്‌കര്‍ ജേതാവുമായ റിച്ചാര്‍ഡ് ആറ്റന്‍ബറോ(90) അന്തരിച്ചു. മഹാത്മാഗാന്ധിയുടെ ജീവചരിത്രത്തെ ആസ്പദമാക്കിയെടുത്ത ഗാന്ധി സിനിമയുടെ സംവിധായകനാണ് ആറ്റന്‍ബറോ.

ബ്രിട്ടന്‍ ജന്മം നല്‍കിയ എക്കാലത്തെയും മഹാന്മാരായ നടന്മാരിലൊരാളായ ആറ്റന്‍ബറോ ആറ് പതിറ്റാണ്ട് നീണ്ട തന്റെ കരിയറില്‍ ബ്രൈറ്റന്‍ റോക്ക്, ദ ഗ്രേറ്റ് എസ്‌കേപ്പ്, 10 റോളിങ്ടണ്‍ പ്ലേസ്, മിറാക്കിള്‍ ഓണ്‍ 34ത് സ്ട്രീറ്റ്, ജൂറാസിക്പാര്‍ക്ക് അടക്കം നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

ഒരു വീഴ്ചയെത്തുടര്‍ന്ന് കഴിഞ്ഞ ആറ് വര്‍ഷമായി വീല്‍ ചെയറിലായിരുന്നു അദ്ദേഹം കഴിഞ്ഞിരുന്നത്. മകന്‍ മൈക്കള്‍ ആറ്റന്‍ബറോയാണ് മരണവിവരം മാധ്യമങ്ങളെ അറിയിച്ചത്. 1982 ലാണ് ഗാന്ധിയിലൂടെ സംവിധായകനും നിര്‍മ്മാതാവിനുമുള്ള രണ്ട് ഓസ്‌കര്‍ അദ്ദേഹം നേടിയത്. മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം ഉള്‍പ്പടെ എട്ട് ഓസ്‌കര്‍ അവാര്‍ഡുകളാണ് ആറ്റന്‍ബറോ ഒരുക്കിയ ഗാന്ധി നേടിയത്.

നാല് ബാഫ്റ്റ് അവാര്‍ഡുകളും നാല് ഗോള്‍ഡണ്‍ ഗ്ലോബ് പുരസ്‌കാരവും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

1942 ല്‍ ഇന്‍ വിച്ച് വി സേര്‍വ് എന്ന സിനിമയിലൂടെയായിരുന്നു നടനായി ആറ്റന്‍ബറോയുടെ സിനിമ അരങ്ങേറ്റം. 1947 ലെത്തിയ ബ്രൈറ്റന്‍ റോക്കിലെ പ്രകടനം അദ്ദേഹത്തെ പ്രശസ്തനാക്കി. 1959 ലാണ് ബ്രയാന്‍ ഫോര്‍ബ്‌സുമായി ചേര്‍ന്ന് നിര്‍മ്മാണരംഗത്തും സജീവമായത്.

സംവിധായകനെന്ന നിലയില്‍ 1969 ലെ ഓ വാട്ട് എ ലവ്‌ലി വാര്‍ മുതല്‍ ചാപ്ലിനും 90 ലെത്തിയ ഷാഡോലാന്‍ഡ്‌സ് വരെ നീണ്ട ചിത്രങ്ങളില്‍ അദ്ദേഹത്തിന് ഏറ്റവും ബഹുമതി നേടിക്കൊടുത്തത് ഗാന്ധി തന്നെയായിരുന്നു.