ലിബിയയില്‍ ആക്രമണങ്ങളില്‍ 38 മരണം

ഇസ്ലാമിക ഭീകര സംഘടനകളും സൈന്യവും തമ്മില്‍ രൂക്ഷമായ പോരാട്ടം നടക്കുന്ന ലിബിയയില്‍ 24 മണിക്കൂറിനുള്ളില്‍ 38 പേര്‍ കൊല്ലപ്പെട്ടു. മരിച്ചവരിലേറെയും സൈനികരാണ്. രാജ്യത്തിന്റെ കിഴക്കന്‍ പ്രവിശ്യയായ ബെന്‍ഗാസിയിലാണ് രൂക്ഷമായ പോരാട്ടം.
പ്രത്യേക സുരക്ഷാസേനയുടെ ആസ്ഥാനം ഇസ്ലാമിക തീവ്രവാദികള്‍ ആക്രമിച്ചതോടെയാണ് ബെന്‍ഗാസിയില്‍ സംഘര്‍ഷം രൂക്ഷമായത്. സൈനിക ആസ്ഥാനത്തേക്ക് ശക്തമായി ആക്രമണം നടത്തുന്നുവെന്ന് അവകാശപ്പെട്ട സ്വയം പ്രഖ്യാപിത ഷൂറ കൗണ്‍സിലിന്റെ വക്താവ്, തങ്ങളുടെ എട്ടുപോരാളികള്‍ കൊല്ലപ്പെട്ടതായി സമ്മതിച്ചു.
ശനിയാഴ്ച തലസ്ഥാനമായ ട്രിപ്പോളിയില്‍ തീവ്രവാദി സംഘങ്ങള്‍ തമ്മിലുണ്ടായ റോക്കറ്റ് ആക്രമണത്തില്‍ ഈജിപ്തുകാരായ 23 തൊഴിലാളികളും മരിച്ചിരുന്നു. തീവ്രവാദിസംഘം അയച്ച റോക്കറ്റ് തൊഴിലാളികള്‍ താമസിച്ചിരുന്ന വീട്ടില്‍ ഇടിച്ചാണ് മരണം. ഇതോടെ രണ്ട് ദിവസത്തിനിടെയുണ്ടായ ഏറ്റുമുട്ടലുകളില്‍ മരിച്ചവരുടെ എണ്ണം 59 ആയി.
രണ്ടാഴ്ചയായി ഇസ്ലാമിക തീവ്രവാദികളുടെ രൂക്ഷമായ ഏറ്റുമുട്ടലാണ് രാജ്യത്ത് നടക്കുന്നത്. സ്ഥിതിഗതികള്‍ മോശമായതിനെ തുടര്‍ന്ന്‌ െഎക്യരാഷ്ട്ര സഭയും അമേരിക്കയും തുര്‍ക്കിയും തങ്ങളുടെ നയതന്ത്ര പ്രതിനിധികളെ ലിബിയയില്‍ നിന്ന് തിരികെ വിളിച്ചു.
ശനിയാഴ്ചയാണ് അമേരിക്ക നയതന്ത്ര പ്രധിനിധികളെ പിന്‍വലിച്ചത്. ഉദ്യോഗസ്ഥരെ പിന്നീട് കനത്ത സുരക്ഷയില്‍ ടുണിഷ്യന്‍ അതിര്‍ത്തിയിലെത്തിച്ചു. തീവ്രവാദികള്‍ തലസ്ഥാനത്തും സമീപ നഗരങ്ങളിലും ക്യാമ്പുകള്‍ ആരംഭിക്കുന്നത് തടയാനുള്ള ശ്രമത്തിലാണ് സൈന്യം.
ലിബിയയിലുള്ള പൗരന്മാരോട് മടങ്ങാന്‍ ബ്രിട്ടനും ആവശ്യപ്പെട്ടിട്ടുണ്ട്. സംഘര്‍ഷത്തെ തുടര്‍ന്ന് ജൂലായ് 13 മുതല്‍ ട്രിപ്പോളി വിമാനത്താവളം അടച്ചിട്ടിരിക്കുകയാണ്.