ലിബിയയില്‍ വിമതര്‍ സൈനിക കേന്ദ്രം പിടിച്ചെടുത്തു

ബെന്‍ഗാസി പട്ടണത്തിലെ ലിബിയന്‍ സൈന്യത്തിന് കീഴിലുള്ള പ്രത്യേക സേനയുടെ ആസ്ഥാനം ദിവസങ്ങള്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ ഇസ്ലാമിക സഖ്യം പിടിച്ചെടുത്തു. കിഴക്കന്‍ സിറിയയിലെ ഈ സുപ്രധാന സൈനിക കേന്ദ്രം പിടിച്ചെടുത്തതായി ചൊവ്വാഴ്ച തന്നെ വിമത സഖ്യം പ്രഖ്യാപിച്ചിരുന്നു. ഇത് സൈനിക വക്താവും സ്ഥിരീകരിച്ചിട്ടുണ്ട്.

അമേരിക്ക കരിമ്പട്ടികയില്‍ പെടുത്തിയ ഭീകര സംഘടനയായ അന്‍സാര്‍ അല്‍ ശരീഅ അടക്കമുള്ള സംഘടനകള്‍ ഈ സഖ്യത്തിലുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. സൈനിക കേന്ദ്രത്തില്‍ നിന്ന് പിടിച്ചെടുത്ത ആയുധങ്ങളുടെയും വെടിക്കോപ്പ് ശേഖരത്തിന്റെയും ചിത്രങ്ങള്‍ അന്‍സാര്‍ അല്‍ ശരീഅ ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

തുടര്‍ച്ചയായ ആക്രമണത്തെത്തുടര്‍ന്ന് കേണല്‍ വാനിസ് അബു കമാദയുടെ കീഴിലുള്ള പ്രത്യേക സേന പിന്‍വാങ്ങുകയായിരുന്നു. ലിബിയയിലെ വിമതര്‍ക്കെതിരായ സൈനിക നടപടിയില്‍ ഇതുവരെയുണ്ടായ ഏറ്റവും ശക്തമായ തിരിച്ചടിയാണിത്. ലിബിയന്‍ സൈന്യത്തിന്റെ യൂണിറ്റുകളിലൊന്നായ പ്രത്യേക സേന ജനറല്‍ ഖലീഫ ഹഫ്താറിനെ പിന്തുണയ്ക്കുന്ന വിഭാഗമാണ്. ബെന്‍ഗാസിയിലെ ഇസ്ലാമിക സംഘങ്ങള്‍ക്ക് നേരേ മെയ് മാസം മുതല്‍ ഓപ്പറേഷന്‍ ഡിഗ്നിറ്റി എന്ന പേരില്‍ ആക്രമണം നടത്തിവരികയായിരുന്നു ഹഫ്താര്‍. കഴിഞ്ഞ ഒരാഴ്ചയായി ബെന്‍ഗാസിയില്‍ ശക്തമായ ഏറ്റുമുട്ടലില്‍ ശനിയാഴ്ച വരെ മാത്രം 60 പേര്‍ കൊല്ലപ്പെട്ടിരുന്നു.

കഴിഞ്ഞദിവസം തട്ടിക്കൊണ്ടുപോയ മുന്‍ ലിബിയന്‍ ഉപപ്രധാനമന്ത്രിയും പാര്‍ലമെന്റംഗവുമായ ഡോ. മുസ്തഫ അബു ശഗുറിനെ റാഞ്ചികള്‍ വിട്ടയച്ചു. ട്രിപ്പോളിയിലെ അദ്ദേഹത്തിന്റെ വസതിയില്‍ നിന്നാണ് അബു ശഗൂറിനെ തട്ടിക്കൊണ്ടുപോയത്. അദ്ദേഹം ക്ഷീണിതനാണെങ്കിലും ആരോഗ്യപ്രശ്‌നങ്ങളെന്നുമില്ലെന്ന് മരുമകന്‍ അല്‍നാസ് അറിയിച്ചു. ഡോ. ശഗൂറിനെ തട്ടിക്കൊണ്ടുപോയത് ആരാണെന്ന് വ്യക്തമായിട്ടില്ല.

ലിബിയയിലെ ക്രമസമാധാന നില കൂടുതല്‍ വഷളായതിനെ തുടര്‍ന്ന് ഫ്രാന്‍സ്, പോര്‍ച്ചുഗല്‍, ഹോളണ്ട്, കാനഡ, ബള്‍ഗേറിയ എന്നീ രാജ്യങ്ങള്‍ അവരുടെ പൗരന്മാരെ ഒഴിപ്പിച്ചു. ട്രിപ്പോളിയിലെ നയതന്ത്ര കാര്യാലയങ്ങളും അടച്ചുപൂട്ടിയിട്ടുണ്ട്.