ലോകകപ്പ്: 25 ലക്ഷം ടിക്കറ്റ് വിറ്റഴിച്ചു

2014 world cup

ലോകകപ്പ് ഫുട്‌ബോള്‍ കാണാന്‍ ഇക്കുറി കാണികളുടെ തിരക്ക് മുന്‍കാല റെക്കോഡുകള്‍ മറികടക്കാന്‍ സാധ്യത. മത്സരങ്ങള്‍ ആരംഭിക്കുന്നതിന് രണ്ടര മാസം മുമ്പേ ഇഷ്ടടീമിന്റെ കളികളുടെ ടിക്കറ്റുകള്‍ കൈക്കലാക്കാന്‍ ആരാധകരുടെ വമ്പന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. ഇതിനോടകം 25 ലക്ഷം ടിക്കറ്റുകള്‍ വിറ്റഴിക്കപ്പെട്ടതായി ഫിഫ അറിയിച്ചു.

ബ്രസീലിലെ പ്രാദേശികരായ കാണികള്‍ക്കിടയിലാണ് ടിക്കറ്റിന് വന്‍ ഡിമാന്‍ഡ്. 10 ലക്ഷത്തിലേറെ ടിക്കറ്റുകളാണ് ബ്രസീലുകാര്‍ വാങ്ങിക്കൂട്ടിയിട്ടുള്ളത്. രണ്ടാംസ്ഥാനത്ത് അമേരിക്കക്കാരും(1.54 ലക്ഷം),മൂന്നാമത് ഓസ്‌ട്രേലിയക്കാരും(40,000) ആണ്. ഇംഗ്ലണ്ട്(38,000), കൊളംബിയ(33,000) എന്നിവിടങ്ങളില്‍ നിന്നുള്ള ആരാധകരും കുറവല്ല. ഏപ്രില്‍ ഒന്നിന് നിലവിലുള്ള ടിക്കറ്റ് വില്പന അവസാനിക്കും. അവസാന ഘട്ടം ഏപ്രില്‍ 15-ന് ആരംഭിക്കും. ജൂണ്‍ 12 മുതല്‍ ജൂലായ് 13 വരെ നടക്കുന്ന ടൂര്‍ണമെന്റിന്റെ റിയോ ഡി ജെനെയ്‌റോ, സാവോ പോളോ എന്നിവിടങ്ങളില്‍ നടക്കുന്ന 13 മത്സരങ്ങളുടെയും ടിക്കറ്റുകള്‍ മുഴുവന്‍ വിറ്റതായി ഫിഫ വ്യക്തമാക്കി. ജര്‍മനി-പോര്‍ച്ചുഗല്‍(സാല്‍വഡോര്‍, ജൂണ്‍ 16), ഇറ്റലി-ഉറുഗ്വായ്(നറ്റല്‍, ജൂണ്‍ 24), ഇംഗ്ലണ്ട്- ഇറ്റലി(മനാസ്, ജൂണ്‍ 14) എന്നീ മത്സരങ്ങളുടെയും ടിക്കറ്റ് വില്പന പൂര്‍ത്തിയായി.