ലൈബീരിയയില്‍നിന്ന് വന്നവര്‍ക്ക് എബോളയില്ല

ലൈബീരിയയില്‍നിന്ന് ചൊവ്വാഴ്ച ഡല്‍ഹിയിലെത്തിയ 13 ഇന്ത്യക്കാര്‍ക്ക് എബോളയില്ലെന്ന് ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു. എല്ലാവരെയും വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയതായും മന്ത്രാലയം അറിയിച്ചു.
ലൈബീരിയയിലെ ആഫ്‌കോണ്‍സ് കമ്പനിയില്‍ ജോലിചെയ്യുന്നവരാണ് ചൊവ്വാഴ്ച ഡല്‍ഹിയിലെത്തിയത്. എബോള സംശയിച്ച് ഇവരെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുകയായിരുന്നു. ഇവര്‍ ലൈബീരിയയില്‍നിന്ന് പുറപ്പെടുംമുമ്പ് നടത്തിയ പരിശോധനയിലും കുഴപ്പമുണ്ടായിരുന്നില്ല.
എബോള ബാധിത രാജ്യങ്ങളില്‍ നിന്നെത്തുന്നവരെ കര്‍ശനമായി നിരീക്ഷിക്കാന്‍ സംസ്ഥാനസര്‍ക്കാറുകള്‍ക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദേശം നല്‍കി. പ്രതിദിനമെന്നോണം നിരീക്ഷിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
ഇന്ത്യയില്‍ ഇതുവരെ എബോള കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
വായുവിലൂടെ പകരുന്ന അസുഖമല്ല എബോള. രോഗിയുടെ രക്തം വഴിയും ശരീരസ്രവങ്ങള്‍ വഴിയുംമാത്രമേ അസുഖം പകരൂവെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു.