വാഹനങ്ങളുടെ ഇന്‍ഷുറന്‍സ് പ്രീമിയം ഉയര്‍ത്തി

irda

വാഹനങ്ങളുടെ ഇന്‍ഷുറന്‍സ് പ്രീമിയം ഏപ്രില്‍ ഒന്നുമുതല്‍ കൂട്ടാന്‍ ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡവലപ്‌മെന്റ് അതോറിറ്റി (ഐ.ആര്‍.ഡി.എ.) ഉത്തരവിറക്കി. സ്വകാര്യ കാറുകളുടെ പ്രീമിയത്തില്‍ 20 ശതമാനം വര്‍ധനയുണ്ടാകും. മറ്റ് വാഹനങ്ങള്‍ക്ക് 10 ശതമാനം വര്‍ധനയാണ് നിര്‍ദേശിച്ചിരിക്കുന്നത്. 1000 സി.സി.വരെയുള്ള കാറുകളുടെ അടിസ്ഥാന പ്രീമിയം 1129 രൂപയായി ഉയരും.നിലവില്‍ 941 രൂപയായിരുന്നു. അടിസ്ഥാന പ്രീമിയത്തിനൊപ്പം 12.36 ശതമാനം നികുതി, ഡ്രൈവര്‍ കവറേജ്, തേര്‍ഡ് പാര്‍ട്ടി പ്രോപ്പര്‍ട്ടി ഡാമേജ് എന്നീ ഇനങ്ങളിലെ തുകകൂടി ചേര്‍ത്താണ് പ്രീമിയം നിശ്ചയിക്കുക. 1000 മുതല്‍ 1500 സി.സി.വരെയുള്ള കാറുകളുടെ അടിസ്ഥാന പ്രീമിയം 1332 രൂപയാകും. ഇതുവരെ 1110 രൂപയായിരുന്നു. 1500 സി.സി.യില്‍ കൂടുതലുള്ള കാറുകള്‍ക്ക് 4109 രൂപയാണ് അടിസ്ഥാന പ്രീമിയം (പഴയത് 3424). ഇരുചക്രവാഹനങ്ങളുടെ അടിസ്ഥാന പ്രീമിയം 75 സി.സി.വരെ 455 രൂപ (പഴയത് 414), 75 മുതല്‍ 150 സി.സി വരെ 464 (422), 150-350 സി.സി 462 രൂപ (420), 350 സി.സി.ക്ക് മുകളില്‍ 884 രൂപ (പഴയത് 804 രൂപ). ഗുഡ്‌സ് കാര്യേജ് (ലോറി): 7500 കിലോഗ്രാം വരെ 14390 രൂപ (13082), 7500-12000 കിലോഗ്രാം വരെ 15365 (13,968), 12000-20000 കിലോഗ്രാം വരെ 16360 (14873).ഗുഡ്‌സ് ഓട്ടോ: 4508 രൂപ (4098), ഓട്ടോറിക്ഷ 2962 രൂപ (2687) രൂപ.2011 മുതലാണ് ഐ.ആര്‍.ഡി.എ. എല്ലാവര്‍ഷവും ഇന്‍ഷുറന്‍സ് പ്രീമിയം ഉയര്‍ത്തുന്നത്. നാല് വര്‍ഷത്തിനിടെ അടിസ്ഥാന പ്രീമിയത്തില്‍ 50 ശതമാനത്തോളം വര്‍ധന വന്നുകഴിഞ്ഞു.