വിമാനത്തിന്റേതെന്ന് കരുതുന്ന ഉപഗ്രഹചിത്രം ചൈന പുറത്തുവിട്ടു

malasian airlines china

കാണാതായ മലേഷ്യന്‍ വിമാനത്തിന്റെ ഭാഗമെന്ന് കരുതുന്ന വസ്തുവിന്റെ ഉപഗ്രഹചിത്രം ശനിയാഴ്ച ചൈന പുറത്തുവിട്ടു. കഴിഞ്ഞദിവസം ഓസ്‌ട്രേലിയ പുറത്തുവിട്ട ഉപഗ്രഹചിത്രത്തിലെ വസ്തു കാണപ്പെട്ടതില്‍നിന്ന് ഏതാണ്ട് 120 കി.മി. അകലെനിന്നാണ് പുതിയ ചിത്രം പകര്‍ത്തിയത്.

ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ തെക്ക് ഭാഗത്ത് ഉള്‍ക്കടലിലാണ് 22.5 മീറ്റര്‍ നീളവും 13 മീറ്റര്‍ വീതിയുമുള്ള വസ്തു ചൈനീസ് ഉപഗ്രഹത്തിന്റെ ദൃഷ്ടിയില്‍ പെട്ടത്. മാര്‍ച്ച് 18-നാണ് ഉപഗ്രഹം ഈ ചിത്രം പകര്‍ത്തിയത്. ഓസ്‌ട്രേലിയന്‍ ഉപഗ്രഹം ഈ മാസം 16-നാണ് ചിത്രം പകര്‍ത്തിയത്. എന്നാല്‍, ഈ ചിത്രത്തിന്റെ അടിസ്ഥാനത്തിലുള്ള തിരച്ചിലുകള്‍ മൂന്നാം ദിവസവും ഫലം കണ്ടില്ല.

തങ്ങള്‍ പുറത്തുവിട്ട ഉപഗ്രഹചിത്രത്തിലെ വസ്തു കപ്പലുകളില്‍നിന്ന് നഷ്ടപ്പെട്ട കണ്ടെയ്‌നര്‍ ആവാനുള്ള സാധ്യതയുണ്ടെന്ന് ഓസ്‌ട്രേലിയ സൂചിപ്പിച്ചു. മുങ്ങിക്കപ്പലുകള്‍ കണ്ടെത്താന്‍ ശേഷിയുള്ള നിരീക്ഷണ സംവിധാനങ്ങളുള്ള നാലെണ്ണമുള്‍പ്പടെ ആറ് വിമാനങ്ങളാണ് ശനിയാഴ്ച തിരച്ചിലില്‍ പങ്കെടുത്തത്. ചൈന, ബ്രിട്ടന്‍, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളുടെ പടക്കപ്പലുകളും തിരച്ചിലില്‍ പങ്കെടുക്കുന്നുണ്ട്. എന്നാല്‍, പ്രത്യേകിച്ചൊന്നും കണ്ടെത്താനായില്ല.

മാര്‍ച്ച് എട്ടിന് രാത്രി ജീവനക്കാരടക്കം 239 പേരുമായി കൊലാലംപുരില്‍നിന്ന് ബെയ്ജിങ്ങിലേക്ക് പുറപ്പെട്ട മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനമാണ് അന്ന് പുലര്‍ച്ചയോടെ റഡാറില്‍ നിന്ന് അപ്രത്യക്ഷമായത്. പതിവ് സഞ്ചാരപാതയായ തെക്കന്‍ ചൈനാ കടലിലും പിന്നീട് അന്തമാന്‍ ദ്വീപുകള്‍ക്ക് സമീപവും വ്യാപകമായ തിരച്ചില്‍ നടത്തിയെങ്കിലും വിമാനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായില്ല. ഇതിനിടെയാണ് വിമാനത്തിന്റേതെന്ന് സംശയിക്കുന്ന ഭാഗങ്ങള്‍ ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ തെക്ക് ഭാഗത്ത് ഉപഗ്രഹങ്ങള്‍ പകര്‍ത്തിയത്.
അതിനിടെ, തങ്ങളുടെ വ്യോമപരിധിയില്‍ മലേഷ്യന്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്താനായിട്ടില്ലെന്ന് ഇന്ത്യ ഔദ്യോഗികമായി മലേഷ്യയെ അറിയിച്ചു. നാവികസേന നടത്തിയ തിരച്ചിലിന്റെയും ഇന്ത്യയുടെ റഡാര്‍ സംവിധാനങ്ങളില്‍ നിന്നുള്ള വിവരങ്ങളുടെയും അടിസ്ഥാനത്തിലാണിത്.

ലോകം ഇതുവരെ കണ്ടിട്ടുള്ള ഏറ്റവും വ്യാപകമായ തിരച്ചിലാണ് മലേഷ്യന്‍ വിമാനത്തിനുവേണ്ടി നടക്കുന്നത്. 26 രാജ്യങ്ങള്‍ തിരച്ചിലിന്റെ വിവിധ ഘട്ടങ്ങളില്‍ പങ്കെടുത്തു. എന്നാല്‍, രണ്ടാഴ്ചയ്ക്കുശേഷവും തങ്ങളുടെ ഉറ്റവരെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കാത്തത് യാത്രക്കാരുടെ ബന്ധുക്കളെ രോഷാകുലരാക്കിയിട്ടുണ്ട്. മലേഷ്യന്‍ സര്‍ക്കാര്‍ സത്യം പറയുന്നില്ലെന്ന് അവര്‍ കുറ്റപ്പെടുത്തി. ബെയ്ജിങ്ങില്‍ രോഷാകുലരായ ബന്ധുക്കള്‍ മലേഷ്യന്‍ ഉദ്യോഗസ്ഥര്‍ക്ക് നേരേ പൊട്ടിത്തെറിച്ചു. പോലീസ് ഇടപെട്ടാണ് അവരെ സമാധാനിപ്പിച്ചത്