വീഞ്ഞ് വിവാദം ആസൂത്രിതം; വിട്ടുനില്‍ക്കാന്‍ സഭാ തീരുമാനം

വിവാദ മദ്യ നയത്തിനൊപ്പം വീഞ്ഞ് വിവാദവും കൂട്ടിക്കുഴച്ചത് ആസൂത്രിതമെന്ന് സഭാ വിലയിരുത്തല്‍. മദ്യ നയം അട്ടിമറിക്കാനുള്ള തന്ത്രപരമായ നീക്കത്തിന് തലവെച്ചുകൊടുേക്കണ്ട എന്നാണ് സഭാ തീരുമാനം.
കൊച്ചിന്‍ മാസ് വൈന്‍ റൂള്‍ പ്രകാരം ലൈസന്‍സെടുത്താണ് വിശുദ്ധ കുര്‍ബാനക്കായി സഭ വൈന്‍ തയ്യാറാക്കുന്നത്. സംസ്ഥാനത്ത് കുര്‍ബാന ആവശ്യത്തിന് വൈന്‍ നിര്‍മിക്കാന്‍ 22 ലൈസന്‍സുകള്‍ വിവിധ സഭാ സ്ഥാപനങ്ങള്‍ക്കുണ്ട്. ഇതില്‍ ഏറ്റവും കൂടുതല്‍ എറണാകുളത്താണ്. ഇവിടെ എട്ട് ലൈസന്‍സാണുള്ളത്. കോട്ടയത്ത് നാലും തൃശ്ശൂര്‍, കോഴിക്കോട് എന്നിവിടങ്ങളില്‍ രണ്ട് വീതവും ലൈസന്‍സുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ ഓരോ ലൈസന്‍സുമുണ്ട്.
ചട്ടപ്രകാരം ഉണക്കമുന്തിരിയില്‍ നിന്ന് പ്രത്യേകമായി തയ്യാറാക്കുന്ന കുര്‍ബാനയ്ക്കുള്ള വീഞ്ഞില്‍ പഞ്ചസാര ചേര്‍ക്കാന്‍ അനുവാദമില്ല. ഇതിന് മറ്റ് വീഞ്ഞു പോലെ ലഹരിയും ഇല്ല. എട്ട് ശതമാനത്തില്‍ താഴെ മാത്രമാണ് ഇതിലെ ലഹരി നിലയെന്നും സഭാധികാരികള്‍ പറയുന്നു. ഒരൗണ്‍സ് വീഞ്ഞാണ് നൂറുകണക്കിന് വിശ്വാസികള്‍ക്കായി പങ്കുവെക്കുന്നത്.
കാര്യങ്ങള്‍ ഇങ്ങനെയായിരിക്കെ മനപ്പൂര്‍വം സഭയെ പ്രശ്‌നത്തില്‍ പിടിച്ചിട്ട് തങ്ങളുടെ അജണ്ട നടപ്പാക്കാനാണ് ചിലര്‍ ശ്രമിക്കുന്നതെന്നും സഭ വിലയിരുത്തുന്നു.
ഇപ്പോള്‍ നടന്നുവരുന്ന സിറോ മലബാര്‍ സഭയുടെ സിനഡിലും അനൗപചാരികമായി വിഷയം ചര്‍ച്ച ചെയ്തു. വിഷയത്തില്‍ പൊതു പ്രസ്താവനകള്‍ വേണ്ടെന്ന നിലപാടാണ് സിനഡും കൈക്കൊണ്ടിരിക്കുന്നത്.
വീഞ്ഞിനുപകരം പഴയ രീതിയില്‍ ഉണക്കമുന്തിരി പിഴിഞ്ഞ് വീഞ്ഞെടുക്കണമെന്ന മാര്‍തോമ വലിയ മെത്രാപ്പോലീത്തയുടെ നിര്‍ദ്ദേശം പ്രായോഗികമല്ലെന്നാണ് കത്തോലിക്ക സഭാ നിലപാട്.