വീണ്ടും അപകടം; ഡ്രൈവറുടെ മനസ്സാന്നിധ്യത്തില്‍ വന്‍ദുരന്തം ഒഴിവായി

കൊടുംവളവില്‍ ബ്രേക്ക് നഷ്ടപ്പെട്ട കെ.എസ്.ആര്‍.ടി. സി. ബസ് മണ്‍തിട്ടയില്‍ ഇടിച്ചുനിര്‍ത്തി. ഡ്രൈവറുടെ അവസരോചിതമായ ഇടപെടലാണ് വലിയൊരു ദുരന്തം ഒഴിവാക്കിയതെന്ന് യാത്രക്കാര്‍ പറഞ്ഞു. അമ്പതോളം യാത്രക്കാര്‍ നിയന്ത്രണംവിട്ട ബസ്സില്‍ ഉണ്ടായിരുന്നെങ്കിലും ആര്‍ക്കും പരിക്കുകളൊന്നുമില്ല. രാജാക്കാട്ടുനിന്ന് തൊടുപുഴയിലേക്ക് വരികയായിരുന്ന തൊടുപുഴ ഡിപ്പോയിലെതന്നെ കെ. എസ്.ആര്‍.ടി.സി.ബസ് ആണ് ചൊവ്വാഴ്ച പകല്‍ പതിനൊന്ന് മണിയോടുകൂടി പെരിങ്ങാശ്ശേരിക്കും ഉപ്പുകുന്നിനും ഇടയ്ക്കുള്ള മൂലക്കാട്ടുവച്ച് കുത്തനെ ഇറക്കത്തില്‍ ബ്രേക്ക് നഷ്ടപ്പെട്ട് അപകടത്തില്‍പെട്ടത്.

ഇറക്കത്തിന്റെ മുകളില്‍ വച്ചുതന്നെ ബ്രേക്ക് നഷ്ടപ്പെട്ട വിവരം മനസ്സിലാക്കിയ ഡ്രൈവര്‍ ബസ് നിര്‍ത്താനുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും നൂറ് മീറ്ററോളം ബ്രേക്ക് ഇല്ലാതെ ബസ് ഇറക്കം ഇറങ്ങി വരികയായിരുന്നു. തൊട്ടുമുന്നില്‍ കൊടുംവളവ് എത്തിയതോടെ വലിയൊരപകടം മുന്നില്‍ കണ്ട ഡ്രൈവര്‍ റോഡിന്റെ ഇടതുവശത്തെ മണ്‍തിട്ടയില്‍ ഇടിച്ചുനിര്‍ത്തി.

അറുപതടിയോളം താഴ്ചയുള്ള കൊക്കയാണ് മുന്നിലുണ്ടായിരുന്നത്. നാല് വര്‍ഷംമുമ്പ് ഗ്യാസ് സിലിന്‍ഡറുകളുമായി വന്ന ലോറി താഴേക്ക് മറിഞ്ഞ് വലിയൊരപകടം നടന്നത് ഇതേ വളവില്‍വച്ചുതന്നെയാണ്. വണ്ണപ്പുറം കമ്പകക്കാനത്ത് ബ്രേക്ക് നഷ്ടപ്പെട്ട കെ.എസ്. ആര്‍.ടി.സി. ബസ് അപകടത്തില്‍പ്പെട്ട് നാല്പതോളം പേര്‍ക്ക് പരിക്ക് പറ്റിയത് ഇക്കഴിഞ്ഞ ഞായറാഴ്ചയാണ്. അപകടത്തില്‍പ്പെട്ട പലരും ഇപ്പോഴും ആസ്​പത്രിയില്‍ തന്നെ തുടരുകയാണ്.അവിടെയും ഡ്രൈവറുടെ മനസ്സാന്നിധ്യമാണ് ജീവനുകള്‍ രക്ഷിച്ചത്.

[follow id=”@dnnewsonline” ]