വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു, ഗാസയില്‍ വീണ്ടും പോരാട്ടം

ഗാസയില്‍ ഇസ്രായേല്‍ ’24 മണിക്കൂര്‍’ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. ഹമാസ് റോക്കറ്റാക്രമണം നടത്തി എന്നാരോപിച്ചാണ് ഇസ്രായേല്‍ ആക്രമണം പുനഃരാരംഭിച്ചത്. കരമാര്‍ഗവും കടല്‍മാര്‍ഗവും ആകാശമാര്‍ഗവും യുദ്ധം തുടരുമെന്നാണ് പ്രഖ്യാപനം.

വെടിനിര്‍ത്തല്‍ നിലനിന്ന സമയത്ത് രക്ഷാസംഘം ആക്രമണത്തില്‍ തകര്‍ന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളില്‍ തിരച്ചില്‍ നടത്തിയിരുന്നു. ഒമ്പതുമണിക്കൂറിനിടെ 100 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇതോടെ മൂന്നാഴ്ചയ്ക്കിടെ കൊല്ലപ്പെട്ട പലസ്തീന്‍ പൗരന്‍മാരുടെ എണ്ണം 1000 കടന്നു.

തകര്‍ന്ന കെട്ടിടങ്ങള്‍ക്കുള്ളില്‍ നൂറുകണക്കിന് മൃതദേഹങ്ങള്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. അമേരിക്കയുടെ മധ്യസ്ഥതയില്‍ പാരീസില്‍ ഇരുകക്ഷികളും ചര്‍ച്ച തുടരുകയാണ്. യു.എസ്. വിദേശകാര്യസെക്രട്ടറി ജോണ്‍ കെറിയുടെ നേതൃത്വത്തിലാണ് സംഘര്‍ഷം പരിഹരിക്കുന്നതിന് ചര്‍ച്ച നടക്കുന്നത്.

ശനിയാഴ്ച ജോണ്‍ കെറി ഫ്രഞ്ച് വിദേശകാര്യമന്ത്രി ലോറന്റ് ഫാബിയസ്സുമായി കൂടിക്കാഴ്ച നടത്തി. ബ്രിട്ടന്‍, ജര്‍മനി, ഇറ്റലി, ഖത്തര്‍, തുര്‍ക്കി എന്നീ രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരുമായും അദ്ദേഹം ചര്‍ച്ച നടത്തി.