ഷൂട്ടിംഗില്‍ മെഡല്‍ വേട്ട

ഗ്ലാസ്‌ഗോയിലെ ഷൂട്ടിംഗ് റേഞ്ചില്‍നിന്ന് ഇന്ത്യ ആറാം ദിനം രണ്ട് വെള്ളിയും മൂന്ന് വെങ്കലവും നേടി. 50 മീ എയര്‍റൈഫിള്‍ ത്രീ പൊസിഷനില്‍ സഞ്ജീവ് രാജ് പുത് വെള്ളി നേടിയപ്പോള്‍ സ്വര്‍ണ്ണപ്രതീക്ഷയുമായി ഇറങ്ങിയ ഗഗന്‍ നാരംഗിന് വെങ്കലത്തിലൊതുങ്ങേണ്ടിവന്നു. ഈയിനത്തില്‍ സ്വര്‍ണ്ണം ഇംഗ്ലണ്ടിന്റെ ഡാനിയല്‍ റിവേഴ്‌സിനാണ്. 25 മീറ്റര്‍ റാപ്പിഡ് ഫയര്‍ പിസ്റ്റളില്‍ ഹര്‍പ്രീത് സിംഗ് വെള്ളിനേടി. ട്രാപ്പില്‍ നവ്ജിത് സദ്ദു വെങ്കലം നേടി. ഈയിനത്തില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്ന വിജയ് കുമാറിന് ഫൈനല്‍ റൗണ്ടിലെത്താനാകാതെ പോയത് നിരാശയായി. ഒളിംപിക് വെള്ളിമെഡല്‍ ജേതാവായ വിജയ് കുമാറിന് യോഗ്യതാ റൗണ്ടില്‍ 555 പോയിന്റുമായി ഏഴാം സ്ഥാനത്തെത്താനെ കഴിഞ്ഞള്ളൂ. വനിതാ വിഭാഗം 50 മീ എയര്‍റൈഫിള്‍ ത്രീ പൊസിഷനില്‍ ലജ്ജാ ഗോസ്വാമി വെങ്കലം നേടി.