സംസ്ഥാനം ലോഡ്‌ഷെഡ്ഡിങ്ങിന്റെ വക്കില്‍-മന്ത്രി ആര്യാടന്‍

സംസ്ഥാനം ലോഡ് ഷെഡ്ഡിങ്ങിന്റെ വക്കിലാണെന്നും അമിത വിലയ്ക്ക് വൈദ്യുതി വാങ്ങി ലോഡ്‌ഷെഡ്ഡിങ് ഒഴിവാക്കുകയാണെന്നും വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. കഴിഞ്ഞവര്‍ഷം ആഗസ്ത് 25ന് സംഭരണികളില്‍ 94 ശതമാനം വെള്ളമുണ്ടായിരുന്നെങ്കില്‍ ഇക്കുറി അത് 62 ശതമാനം മാത്രമാണ്. സംഭരണികള്‍ നിറഞ്ഞാല്‍ തന്നെ 1700 മെഗാവാട്ട് വൈദ്യുതിയില്‍ കൂടുതല്‍ ഉത്പാദിപ്പിക്കാനാകില്ലെന്നും മന്ത്രി പറഞ്ഞു. അനെര്‍ട്ടിന്റെ സൗരോര്‍ജ റാന്തല്‍ വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്ര ഏജന്‍സികളടെ പഠനപ്രകാരം 2017-ല്‍ സംസ്ഥാനത്തിന് 4600 മെഗാവാട്ടും 2020ല്‍ 6100 മെഗാവാട്ട് വൈദ്യുതിയും വേണം. നിലവില്‍ 3700 മെഗാവാട്ടാണ് വേണ്ടത്. ഉത്പാദനം വര്‍ധിപ്പിക്കാന്‍ സൂര്യനെയും കാറ്റിനെയും ആശ്രയിക്കുകയേ വഴിയുള്ളൂ. മേല്‍ക്കൂരയില്‍ സോളാര്‍ പ്ലാന്റുകള്‍ സ്ഥാപിച്ച് രണ്ടു മെഗാവാട്ടിനുമേല്‍ വൈദ്യുതി ഉത്പാദിപ്പിക്കുന്നതിന് സബ്‌സിഡി നല്‍കുന്ന പദ്ധതിക്ക് കേന്ദ്രസര്‍ക്കാരിന്റെ അനുമതി തേടിയിട്ടുണ്ടെന്നും ആര്യാടന്‍ പറഞ്ഞു.

നിലവില്‍ ഒരു കിലോവാട്ട് വരെയുള്ള പദ്ധതികള്‍ക്ക് 92,000 രൂപ സബ്‌സിഡി നല്‍കുന്ന പദ്ധതി തുടരും. പതിനായിരം അപേക്ഷകളാണ് ഇതിന് പ്രതീക്ഷിച്ചത്. എന്നാല്‍ ആറായിരത്തില്‍പരം അപേക്ഷകളേ വന്നുള്ളൂവെന്നും ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. കേരളത്തിന്റെ സൗരോര്‍ജ പദ്ധതികള്‍ക്ക് എല്ലാ സഹായങ്ങളും നല്‍കുമെന്ന് എം.എന്‍.ആര്‍.ഇ ഡയറക്ടര്‍ ജി.ആര്‍.സിങ് പറഞ്ഞു. അനര്‍ട്ട് ടെക്‌നിക്കല്‍ ഡയറക്ടര്‍ പി. വല്‍സരാജ് അധ്യക്ഷനായി. ജെ.മനോഹരന്‍, എ.സജീബ് എന്നിവര്‍ പ്രസംഗിച്ചു. 2270 രൂപ വിലയുള്ള റാന്തലുകള്‍ക്ക് 750 രൂപ സബ്‌സിഡി നല്‍കിയാണ് അനര്‍ട്ട് വിതരണം ചെയ്യുന്നത്.

വൈദ്യുതി നിരക്കില്‍ സബ്‌സിഡി നല്‍കുന്ന കാര്യം ധനവകുപ്പിന്റെ പരിഗണനയിലാണെന്നും അവരുടെ റിപ്പോര്‍ട്ട് ലഭിച്ചതിനുശേഷം ഇക്കാര്യത്തില്‍ മന്ത്രിസഭ അന്തിമതീരുമാനമെടുക്കുമെന്നും മന്ത്രി ആര്യാടന്‍ മുഹമ്മദ് പിന്നീട് മാധ്യമങ്ങളെ അറിയിച്ചു.