സതാംപ്റ്റന്‍ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 266 റണ്‍സ് തോല്‍വി

ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 266 റണ്‍സിന്റെ തോല്‍വി. 445 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ അഞ്ചാം ദിനമായ ഇന്ന് 178 റണ്‍സിന് എല്ലാവരും പുറത്തായി. സ്‌കോര്‍ ഇംഗ്ലണ്ട്: 569/7 ഡിക്ലയേര്‍ഡ്, 205/4 ഡിക്ലയേര്‍ഡ്. ഇന്ത്യ: 330, 178 (66.4 ഓവര്‍) ന് പുറത്ത്. 52 റണ്‍സുമായി അജങ്ക്യ രഹാനെ പുറത്താകാതെ നിന്നു.

ആറു വിക്കറ്റ് വീഴ്ത്തിയ മോയീന്‍ അലിയാണ് ഇന്ത്യയുടെ തകര്‍ച്ചയില്‍ നിര്‍ണായക പങ്കു വഹിച്ചത്. ഇതോടെ അഞ്ചു പരമ്പരകളുടെ പരമ്പരയില്‍ ഇരുടീമുകളും ഒപ്പത്തിനൊപ്പമെത്തി. (1-1). 20.4 ഓവറില്‍ 67 റണ്‍സ് മാത്രം വഴങ്ങിയാണ് അലി ആറ് വിക്കറ്റ് വീഴ്ത്തിയത്.

നാലിന് 112 എന്ന നിലയിലാണ് ഇന്ത്യ ഇന്ന് ബാറ്റിങ് ആരംഭിച്ചത്. ഇതേ സ്‌കോറില്‍ വച്ച് തന്നെ ഇന്നലെ ക്രീസിലുണ്ടായിരുന്ന രോഹിത് ശര്‍മ(ആറ്) പുറത്തായി. പിന്നീട് ബാറ്റ്‌സ്മാന്‍മാരുടെ പവലിയനിലേക്കുള്ള ഘോഷയാത്രയായിരുന്നു.

ക്യാപ്റ്റന്‍ ധോണി (ആറ്), ജഡേജ (15), ഭുവനേശ്വര്‍ കുമാര്‍ (പൂജ്യം) മുഹമ്മദ് ഷാമി (പൂജ്യം) പങ്കജ് സിങ് (ഒന്‍പത്) എന്നിങ്ങനെയാണ് ഇന്ന് പുറത്തായ മറ്റ് ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാരുടെ സ്‌കോറുകള്‍.