സിക്‌സറുകളുടെ ആവേശത്തില്‍ യുവി വരുന്നു

indian-cricket-player-yuvraj-singh-wallpaper--660x330

ഗാലറിയിലേക്ക് പറന്ന ആറു സിക്‌സറുകളുടെ ആവേശം ഇന്നും യുവരാജ് സിങ്ങിന്റെ സിരകളിലുണ്ട്. 2007-ലെ പ്രഥമ ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ചത് ആ ആവേശംതന്നെയായിരുന്നു. ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ ക്രിസ് ബോര്‍ഡിന്റെ ഓവറില്‍ യുവരാജ് നേടിയ ആറു സിക്‌സറുകള്‍ ഇന്ത്യയെ പുതിയൊരു ടീമാക്കി മാറ്റുകയായിരുന്നു. അതുവരെ കളിച്ച മൂന്നു മത്സരങ്ങളില്‍ ഒന്നുമാത്രമായിരുന്നു ഇന്ത്യ ജയിച്ചിരുന്നത്. എന്നാല്‍ യുവിയുടെ ഇന്നിങ്‌സ് ടീമിനെ അപ്പാടെ മാറ്റിമറിക്കുകയായിരുന്നു. പിന്നീടങ്ങോട്ട് ശക്തരായ പ്രതിയോഗികളെ ഒന്നൊന്നായി കീഴടക്കി ഇന്ത്യ മുന്നോട്ട് കുതിച്ചു. ആ കുതിപ്പ് അവസാനിച്ചതാവട്ടെ ലോക കിരീടത്തിലും.

എന്നാല്‍ ഇപ്പോള്‍ ബംഗ്ലാദേശില്‍ നടക്കുന്ന അഞ്ചാം ട്വന്റി 20 ലോകകപ്പിലൂടെ ഇന്ത്യന്‍ ടീമിലേക്ക് ഒരു തിരിച്ചുവരവിന് ഒരുങ്ങുന്ന യുവി ആ പഴയ ബാറ്റ്‌സ്മാനല്ല. ടെസ്റ്റ്, ഏകദിന ടീമില്‍ ഇപ്പോള്‍ യുവരാജിന് സ്ഥാനമില്ല. കാന്‍സര്‍ രോഗബാധിതനായി ഏറെക്കാലം ചികിത്സയ്ക്കായി ക്രിക്കറ്റില്‍നിന്ന് വിട്ടുനില്‍ക്കേണ്ടി വന്ന യുവിക്ക് പിന്നീടൊരിക്കലും ആ പഴയ ഫോം വീണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ തനിക്കിനിയും ചിലത് തെളിയിക്കാനുണ്ടെന്ന വാശിയിലാണ് യുവരാജ്. 2011-ലെ ഏകദിന ലോകകപ്പിലെ പോലെ ഒരു ഓള്‍റൗണ്ടറെന്ന നിലിയില്‍ ടീമിന് മുതല്‍ക്കൂട്ടാവുകയാണ് യുവിയുടെ ലക്ഷ്യം. 2011-ലെ ലോകകപ്പില്‍ ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചത് യുവിയുടെ ഓള്‍റൗണ്ട് പ്രകടനമായിരുന്നു. ടൂര്‍ണമെന്റില്‍ 362 റണ്‍സും 15 വിക്കറ്റും നേടിയ യുവി ആയിരുന്നു മാന്‍ ഓഫ് ദ ടൂര്‍ണമെന്റ്.

തന്റെ ബൗളിങ് മെച്ചപ്പെടുത്താനുള്ള കഠിനാധ്വാനത്തിലാണ് താനെന്നും ഈ ട്വന്റി 20 ലോകകപ്പില്‍ ബൗളറെന്ന നിലയില്‍ ടീമിന് കാര്യമായ സംഭാവനകള്‍ നല്കാനാവുമെന്നുമാണ് യുവി പറയുന്നത്. ലോകകപ്പ് ജയിക്കാന്‍ ഏറ്റവും സാധ്യതയുള്ള ടീമുകളില്‍ ഒന്നാണ് ഇന്ത്യയെന്ന് യുവരാജ് വിശ്വസിക്കുന്നു. ‘ അവസാന ഓവറുകളില്‍ റണ്ണടിച്ചുകൂട്ടാന്‍ കെല്‍പ്പുള്ള നാലോ അഞ്ചോ കളിക്കാര്‍ നമുക്കുണ്ട്. എനിക്കു പുറമെ റെയ്‌ന, ധോനി, കോലി , രോഹിത് ശര്‍മ – ഇവരെല്ലാവരും അതിനു മിടുക്കുള്ളവരാണ്.” ടൂര്‍ണമെന്റിന്റെ തുടക്കം പാകിസ്താനെതിരായ മത്സരത്തോടെയാണെന്നത് ആവേശകരമാണെന്നും യുവി അഭിപ്രായപ്പെട്ടു.