സി.പി.എമ്മിന്റെ പ്രസക്തി നഷ്ടമായെന്ന് രാഹുല്‍

rahulllllllllllllllll

ദേശീയരാഷ്ട്രീയത്തില്‍ സി.പി.എമ്മിന് പ്രസക്തി നഷ്ടമായെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ദേശീയതലത്തില്‍ സി.പി.എമ്മിന് ഒരു പങ്കും വഹിക്കാനുണ്ടാവില്ല. അതുമാത്രമല്ല കാസര്‍കോടിന്റെ രാഷ്ട്രീയത്തിലും സി.പി.എം പ്രധാനപ്പെട്ട പങ്ക് വഹിക്കാന്‍ പോകുന്നില്ലെന്നും രാഹുല്‍ പറഞ്ഞു. കാസര്‍കോട്ട് യു.ഡി.എഫ് സ്ഥാനാര്‍ഥി ടി.സിദ്ദിഖിന്റെ തിരഞ്ഞെടുപ്പ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. ടി. സിദ്ദിഖ് ഇവിടെ നിന്ന് ജയിച്ച് പാര്‍ലമെന്റിലേക്ക് എത്തി അവിടെ സവിശേഷമായ സ്ഥാനം വഹിക്കേണ്ടയാളാണെന്നും രാഹുല്‍ പറഞ്ഞു.

കാസര്‍കോട് വഴിയുണ്ട്, സ്ഥലമുണ്ട് പ്രാപ്തരായ ജനതയുണ്ട്. കാസര്‍കോട്ട് വ്യവസായം വന്നാല്‍ അതിന്റെ ഗുണം ജനത്തിന് കിട്ടണം. ഇന്ന് നമ്മള്‍ ഉപയോഗിക്കുന്ന നിത്യോപയോഗസാധനങ്ങള്‍ പലതും ചൈനയിലുണ്ടാക്കുന്നവയാണ്. നാളെ ഇതൊക്കെ കാസര്‍കോട് ഉത്പാദിക്കുന്ന സാഹചര്യമാണ് ലക്ഷ്യമിടുന്നത്. 15 കോടിയിലധികം ദരിദ്രരെ മധ്യവര്‍ഗത്തിലേക്ക് ഉയര്‍ത്താനായതാണ് യു.പി.എ ഭരണത്തിന്റെ ഏറ്റവും വലിയ നേട്ടം. 70 കോടി ജനങ്ങള്‍ ഇപ്പോഴും രാജ്യത്ത് ദാരിദ്രം അനുഭവിക്കുന്നു. വീണ്ടം അധികാരത്തിലെത്തിയാല്‍ അവരെ രാജ്യത്തിന്റെ മധ്യവര്‍ഗത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നതെന്നും രാഹുല്‍ പറഞ്ഞു.

കേരളത്തിന്റെ രാഷ്ട്രീയം രാജ്യത്തിന്റെ മറ്റുഭാഗങ്ങള്‍ക്ക് മാതൃകയാണ്. കേരളത്തിലെ കോണ്‍ഗ്രസില്‍ നിന്ന് തന്നെ പാര്‍ട്ടിക്ക് ഏറെ പഠിക്കാനുണ്ട്. അക്രമം കേരള രാഷ്ട്രീയത്തിലുണ്ടാകരുത്. രാജ്യത്തിന് മാതൃകാപരമായ രാഷ്ട്രീബോധം കേരളം നല്‍കുന്നുണ്ട്. കേരളത്തിലെ പഞ്ചായത്ത് അംഗങ്ങള്‍ക്കുള്ള അറിവ് അത്ഭുതപ്പെടുത്തുന്നതാണ്. തൃശൂര്‍ ജില്ലയിലെ അടാട്ട് പഞ്ചായത്തിലെ പ്രവര്‍ത്തനം നേരിട്ട് കണ്ട് അത്ഭുതപ്പെട്ടു. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയാണ്. പക്ഷേ കേരളത്തെ നയിക്കുന്നത് ഒരു വ്യക്തിയല്ല; ദശലക്ഷക്കണക്കിന് ആളുകളാണ് കേരളത്തെ നയിക്കുന്നത്.

ജനങ്ങള്‍ക്ക് കൂടുതല്‍ അധികാരങ്ങളും അവകാശങ്ങളും നല്‍കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. ഓരോ ഇന്ത്യക്കാരനെയും രാജ്യത്തിന്റെ കാവല്‍ക്കാരനാക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. അധികാരവും സമ്പത്തും ചിലരില്‍ കേന്ദ്രീകരിക്കാനാണ് കോണ്‍ഗ്രസിനെ എതിര്‍ക്കുന്നവര്‍ ശ്രമിക്കുന്നത്. ജനങ്ങള്‍ക്കിടയിലെ വിദ്വേഷം വര്‍ധിപ്പിക്കാനാണ് ബി.ജെ.പി. ശ്രമിക്കുന്നത്.ജനങ്ങള്‍ക്കിടയിലെ രോഷം ഇല്ലാതാക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. വികസനം ഒരു മത വിഭാഗത്തിന് മാത്രം അവകാശപ്പെട്ടതാകരുത് രാജ്യത്തിന്റെ വളര്‍ച്ചയില്‍ എല്ലാവര്‍ക്കും പങ്കുണ്ടെന്ന തിരിച്ചറിവ് ഉണ്ടാവണം. എല്ലാ മതവിഭാഗങ്ങളെയും എല്ലാ സംസ്ഥാനങ്ങളെയും ഒന്നിപ്പിച്ചുകൊണ്ടാണ് യു.പി.എ വിജയം കൈവരിച്ചത് പണക്കാരെയും പാവപ്പെട്ടവരെയും ഒന്നിച്ചുകൊണ്ടുപോയ വികസനപ്രവര്‍ത്തനമാണ് യു.പി. എ നടത്തിയത്.എല്ലാവിഭാഗം ജനങ്ങളെയും ഉള്‍ക്കൊള്ളുന്നതാണ് കോണ്‍ഗ്രസിന്റെ സംസ്‌കാരം. എല്ലാവരുടെയും കൂട്ടായ്മയും സഹകരണവുമാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നത്. വനിതകളുടെ പങ്കാളിത്തില്‍ കേരളം മുന്നിലാണ്. അവശരായവരെ സംരക്ഷിക്കുന്നതില്‍ സ്ത്രീകള്‍ വഹിച്ച പങ്കും സേവനങ്ങളും പ്രശംസനീയമാണ്. പാര്‍ലമെന്റിലേക്ക് 33 ശതമാനം വനിതാസംവരണം ഉറപ്പാക്കും. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിരുടെ കഷ്ടപ്പാടുകളെ പരാമര്‍ശിച്ചുകൊണ്ടാണ് രാഹുല്‍ പ്രസംഗം അവസാനിപ്പിച്ചത്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിരുടെ പുനരധിവാസം ഉറപ്പാക്കുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കി.

photo :mathrubhumi