മാര്‍ സിറിള്‍ അപ്രേം കുറീലോസ് പുതിയ പാത്രിയര്‍ക്കീസ് ബാവ

new bava 1

ആകമാന സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷനായി മാര്‍ സിറിള്‍ അപ്രേം കരീം കുറീലോസ് ബാവയെ തിരഞ്ഞെടുത്തു. ആഗോള സുറിയാനി സഭയുടെ വടക്കേ അമേരിക്കന്‍ ഭദ്രാസനാധിപനാണ് മാര്‍ സിറിള്‍ അപ്രേം കരീം ബാവ.

ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ അധ്യക്ഷതയില്‍ ബെയ്‌റൂട്ടില്‍ നടന്ന സിനഡിലാണ് കാലം ചെയ്ത ഇഗ്നാത്തിയോസ് സഖാ പ്രഥമന്റെ പിന്‍ഗാമിയായി മാര്‍ അപ്രേം ബാവയെ പുതിയ പാത്രിയര്‍ക്കീസ് ബാവയായി തിരഞ്ഞെടുത്തത്. മാര്‍ ഇഗ്നാത്തിയോസ് അപ്രേം രണ്ടാമന്‍ എന്ന സ്ഥാനപ്പേരാകും അദ്ദേഹം സ്വീകരിക്കുക. ലബനോണിലെ അറ്റാനിയിലെ താത്കാലിക പാത്രിയര്‍ക്കാ ആസ്ഥനമായ മാര്‍ യാക്കോബിന്റെ ദയറായില്‍ പ്രാര്‍ത്ഥനാ നിറവിലായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്.

തിരഞ്ഞെടുപ്പില്‍ ഏറ്റവുമധികം വോട്ട് ലഭിച്ച മാര്‍ സിറിള്‍ അപ്രേം ബാവയോട് കാതോലിക്ക പാത്രിയര്‍ക്കീസ് ആകാനുള്ള സമ്മതം ചോദിക്കുകയും അദ്ദേഹം സമ്മതം അറിയിക്കുകയും ചെയ്തതോടെ പരിശുദ്ധ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് ആ തിരഞ്ഞെടുപ്പിനെ അംഗീകരിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു.

യോഗത്തിലുള്ള എല്ലാ മെത്രാന്മാരും അദ്ദേഹത്തോടുള്ള വിധേയത്വത്തിന്റെയും ബഹുമതിയുടെയും ഭാഗമായി തങ്ങളുടെയും സീറ്റുകളില്‍ നിന്ന് എഴുന്നേറ്റ് നിന്ന് തിരഞ്ഞെടുക്കപ്പെട്ട പുതിയ പാത്രിയര്‍ക്കീസിനെ ആദരിച്ചു. തുടര്‍ന്ന് ശ്രേഷ്ഠ കാതോലിക്കാ ബാവയും കൈമഖാമും ചേര്‍ന്ന് ജനങ്ങളോട് തിരഞ്ഞെടുത്ത ആളുടെ പേര് അറിയിച്ചു. അതോടൊപ്പം ദേവാലയ മണികള്‍ മുഴക്കി അറിയിപ്പ് നല്‍കി.

ക്രിസ്തു ശിഷ്യനായ പത്രോസാണ് അന്ത്യോഖ്യ സിംഹാസനം സ്ഥാപിച്ചത്. ക്രിസ്തുവിന്റെ അനുയായികള്‍ക്ക് ക്രിസ്ത്യാനികള്‍ എന്ന പേര് ലഭിച്ചതും അന്ത്യോഖ്യയില്‍വച്ചാണ്. പത്രോസ് മുതല്‍ കണക്കാക്കിയാല്‍ 123-ാമത്തെ പാത്രിയാര്‍ക്കീസാണ് ഇന്ന് വാഴിക്കപ്പെട്ടത്.

പുതിയ പാത്രിയാര്‍ക്കീസിനെ തിരഞ്ഞെടുക്കുന്നതില്‍ കേരളത്തില്‍നിന്ന് ശ്രേഷ്ഠ കാതോലിക്കാ ബാവ, ക്‌നാനായ സമുദായത്തിന്റെ വലിയ മെത്രാപ്പോലീത്ത കുറിയാക്കോസ് മാര്‍ സേവേറിയോസ്, സിംഹാസന പള്ളികളുടെ മെത്രാപ്പോലീത്ത ഗീവര്‍ഗീസ് മാര്‍ അത്തനാസിയോസ്, പൗരസ്ത്യ സുവിശേഷ സമാജത്തിന്റെ മര്‍ക്കോസ് മാര്‍ ക്രിസോസ്റ്റമോസ് എന്നിവര്‍ക്ക് വോട്ടുണ്ടായിരുന്നു. അമേരിക്കന്‍ അതി ഭദ്രാസനത്തിന്റെ ആര്‍ച്ച് ബിഷപ്പ് മലയാളിയായ യല്‍ദോ മാര്‍ തീത്തോസിനും പാത്രിയാര്‍ക്കാ വാഴ്ചയില്‍ വോട്ടുണ്ടായിരുന്നു.