സഫിയ വധക്കേസ്: ഒന്നാം പ്രതി ഹംസയ്ക്ക് വധശിക്ഷ

safiya
കോളിളക്കം സൃഷ്ടിച്ച കാസര്‍ഗോട്ടെ സഫിയ വധക്കേസില്‍ ഒന്നാം പ്രതിയും ഗോവയിലെ കരാറുകാരനുമായ പൊവ്വല്‍ മാസ്തിക്കുണ്ടിലെ കെ.സി ഹംസയ്ക്ക് (52) വധശിക്ഷ. പത്ത് ലക്ഷം രൂപ പിഴയൊടുക്കാനും കാസര്‍കോഡ് സെഷന്‍സ് കോടതി വിധിച്ചു. ഇതില്‍ എട്ട് ലക്ഷം രൂപ സഫിയയുടെ കുടുംബത്തിന് നല്‍കണം. ഭാര്യയും മൂന്നാം പ്രതിയുമായ മൈമൂനയ്ക്ക് (37) മൂന്നു വര്‍ഷം തടവും നാലാം പ്രതിയും ഹംസയുടെ ഭാര്യാ സഹോദരനും ഗോവയിലെ കരാറുകാരനുമായ കുമ്പള ആരിക്കാടി സ്വദേശി എം. അബ്ദുല്ലയ്ക്ക് (58) മൂന്ന് വര്‍ഷം കഠിന തടവും വിധിച്ചു. തടവനുഭവിക്കുന്നതോടൊപ്പം ഇരുവരും 5,000 രൂപ വീതം പിഴയൊടുക്കുകയും വേണം.

ശിക്ഷ നല്‍കുന്നത് സംബന്ധിച്ച പ്രോസിക്യൂഷന്റേയും പ്രതിഭാഗത്തിന്റേയും വാദം കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു. എന്നാല്‍ സാങ്കേതികതകരാര്‍ കാരണം ശിക്ഷാപ്രഖ്യാപനം ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷനും ശിക്ഷയില്‍ ഇളവ് നല്‍കണമെന്ന് പ്രതിഭാഗം അഭിഭാഷകനും കോടതിയോട് അഭ്യര്‍ഥിച്ചു.

ഐ.പി.സി 302, 361, 201 വകുപ്പുകള്‍ പ്രകാരം കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, തെളിവുനശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് ഹംസയ്‌ക്കെതിരെ തെളിയിക്കപ്പെട്ടത്.

ഐ.പി.സി 361, 201 വകുപ്പുകളിലെ തട്ടിക്കൊണ്ടുപോകല്‍, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ മൈമൂനയ്‌ക്കെതിരെയും ഐ.പി.സി 201 വകുപ്പിലെ തെളിവ് നശിപ്പിച്ച കുറ്റം അബ്ദുല്ലക്കെതിരെയും തെളിയിക്കപ്പെട്ടിരുന്നു.
2006 ഡിസംബര്‍ 22നാണ് കര്‍ണ്ണാടക കുടക് ജില്ലയിലെ അയ്യങ്കേരി മൊയ്തുവിന്റെയും ആയിഷയുടെയും മകളായ സഫിയ ഗോവയില്‍ കൊല ചെയ്യപ്പെടുന്നത്. കൊല്ലപ്പെടുമ്പോള്‍ ഒന്നാംപ്രതി മാസ്തികുണ്ട് സ്വദേശിയും ഗോവയില്‍ കരാര്‍ ജോലികള്‍ ഏറ്റെടുത്ത് നടത്തുന്നയാളുമായ ഹംസയുടെ വീട്ടിലെ ജോലിക്കാരിയായിരുന്നു പന്ത്രണ്ടുകാരിയായ സഫിയ. ഹംസയും മൈമുനയും ചേര്‍ന്ന് സഫിയക്ക് നേരെ നടത്തിയ ക്രൂരമായ പീഢനങ്ങള്‍ക്കൊടുവിലായിരുന്നു മരണം. ഹംസയുടെ ഗോവയിലെ നഷ്വാം അപ്പാര്‍ട്ട്‌മെന്റിലെ അടുക്കളയില്‍ ജോലി ചെയ്തിരുന്ന സഫിയ പാചകം ചെയ്യുന്നതിനിടെ തിളച്ചവെള്ളം വീണ് ഗുരുതരമായി പൊള്ളലേറ്റു. ചികിത്സ ലഭ്യമാക്കാതെ പ്രതികള്‍ സഫിയയുടെ ശരീരം മൂന്നായി മുറിച്ച് മല്ലോം മഹാദേവ ക്ഷേത്രത്തിനടുത്തുള്ള അണക്കട്ട് നിര്‍മാണ സ്ഥലത്ത് മണ്ണുമാന്തികൊണ്ട് കുഴിയെടുത്ത് മൂടുകയായിരുന്നു. ശരീരം മുറിക്കുന്ന സമയത്തും സഫിയക്ക് ജീവനുണ്ടായിരുന്നതായാണ്‌ ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. കൃത്യമായ ഫോറന്‍സിക് പരിശോധനകളിലൂടെയായിരുന്നു ഇത്.

2006 ഡിസംബറില്‍ സഫിയ കൊല്ലപ്പെട്ടതിന്റെ പിറ്റേന്ന് കാസര്‍ഗോഡ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് പ്രകാരം സഫിയയെ കാണാനില്ലെന്നായിരുന്നു വിവരം. സഫിയ മരിച്ചതിന് ശേഷവും ഹംസയെയും ഭാര്യ മൈമുനയെയും ചോദ്യം ചെയ്തപ്പോള്‍ ഗോവയില്‍ നിന്നും കാസര്‍ഗോട്ടേക്ക് തങ്ങള്‍ക്കൊപ്പം സഫിയ വന്നിരുന്നുവെന്നും പിന്നീട് സംഭവിച്ചതിനെക്കുറിച്ച് അറിയില്ലെന്നുമാണ് പ്രതികള്‍ ലോക്കല്‍ പൊലീസിന് മൊഴി നല്‍കിയത്. ലോക്കല്‍ പൊലീസിന്റെ അന്വേഷണത്തില്‍ സത്യം അട്ടിമറിക്കപ്പെടുന്നതാണ് പിന്നീട് കണ്ടത്. രണ്ടുവര്‍ഷം നീണ്ട ലോക്കല്‍ പൊലീസിന്റെ അന്വേഷണത്തില്‍ സഫിയയെ കാണാതായി എന്നും പിന്നീട് എന്ത് സംഭവിച്ചുവെന്നതിനെക്കുറിച്ച് പ്രതികള്‍ക്ക് അറിയില്ലെന്നുമുള്ള നിഗമനത്തിലാണ് ലോക്കല്‍ പൊലീസ് എത്തിയത്. ലോക്കല്‍ പൊലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്ന് കാണിച്ച് സഫിയയുടെ മാതാപിതാക്കള്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ ഉപവാസ സമരം തുടങ്ങി. നാട്ടുകാരും ഇവര്‍ക്ക് പിന്നില്‍ ഉറച്ചുനിന്നതോടെ ആഭ്യന്തര വകുപ്പ് സഫിയ വധക്കേസ് അന്വേഷണം കണ്ണൂര്‍ സി.ബി.സി.ഐ.ഡിക്ക് കൈമാറി. ഡി.വൈ.എസ്.പി കെ.വി. സന്തോഷിന്റെ നേതൃത്വത്തില്‍ എസ്.ഐമാരായ വി.എം. ധന്‍രാജ്, കെ. ജനാര്‍ദ്ദനന്‍, വിജയഗോപാലന്‍, മുസ്തഫ, പൊലീസുകാരായ സജീവന്‍, മധുസൂദനന്‍ എന്നിവരാണ് ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

ലോക്കല്‍ പൊലീസ് രണ്ടുവര്‍ഷമെടുത്ത് ഊരാക്കുടുക്കാക്കിയ കേസ് ക്രൈംബ്രാഞ്ച് സംഘം രണ്ടുമാസം കൊണ്ടാണ് അന്വേഷിച്ച് സത്യം പുറത്തുകൊണ്ടുവന്നത്. ഗോവയില്‍ നിന്നും സഫിയയെ മുസ്തഫയും മൈമുനയും കൊണ്ടുവന്നിട്ടില്ലെന്നും ഗോവയില്‍ വെച്ചുതന്നെ സഫിയ ഇവരുടെ കൈകളാല്‍ മരണപ്പെട്ടെന്നും ക്രൈംബ്രാഞ്ച് സംഘം ശാസ്ത്രീയമായ ചോദ്യം ചെയ്യലിന്റെയും കുറ്റാന്വേഷണ രീതികളുടെയും പിന്‍ബലത്തോടെ തെളിയിച്ചു. സമര്‍ത്ഥമായി പഠിച്ചുവെച്ച മൊഴി ക്രൈംബ്രാഞ്ചിനോട് ആവര്‍ത്തിച്ചപ്പോള്‍ വന്ന പിഴവുകളാണ് പ്രതികളെ കുടുക്കിയത്. ഗോവയില്‍ നിന്നും മടങ്ങുംവഴി ഉപ്പളയിലെ ഒരു ഹോട്ടലില്‍ നിന്നും ആഹാരം കഴിച്ചുവെന്ന് പ്രതികള്‍ പറഞ്ഞിരുന്നു. എന്നാല്‍ ദൃശ്യം സിനിമയില്‍ ഉപയോഗിക്കും പോലെ പ്രതികളെ ഒറ്റയ്ക്കാക്കി ചോദ്യം ചെയ്തപ്പോള്‍ മൊഴികളില്‍ വൈരുദ്ധ്യമുണ്ടായി. പ്രതികള്‍ പൊലീസിന് നല്‍കേണ്ട മൊഴി പറഞ്ഞുപഠിക്കുന്ന സംഭാഷണം മൊബൈല്‍ ഫോണില്‍ റെക്കോര്‍ഡ് ചെയ്തതും ക്രൈംബ്രാഞ്ച് എസ്.ഐ ആയിരുന്ന ധന്‍രാജിന് ലഭിച്ചു. ധര്‍രാജിന്റെ സമര്‍ത്ഥവും ബുദ്ധിപൂര്‍വവുമായ ഇടപെടലാണ് കേസ് തെളിയാന്‍ ഇടയാക്കിയത്. നിരവധി ഭീഷണികളും പ്രലോഭനങ്ങളും ഉണ്ടായിട്ടും അവയെ നേരിട്ട് കേസ് തെളിയിച്ച ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തെ കോടതി അഭിനന്ദിച്ചിരുന്നു.