ഭൂമി ഏറ്റെടുക്കല്‍ ഒാര്‍ഡിനന്‍സ്: ജയില്‍നിറയ്ക്കല്‍ സമരം നടത്തുമെന്ന് അണ്ണാ ഹസാരെ

anna hazare

കേന്ദ്രസര്‍ക്കാരിന്‍റെ ഭൂമി ഏറ്റെടുക്കല്‍ ഓര്‍ഡിനന്‍സിനെതിരെ കൈകോര്‍ത്ത് അണ്ണാ ഹസാരെയും അരവിന്ദ് കേജ്‍രിവാളും ഇടതുസംഘടനകളും. ഭൂമി ഏറ്റെടുക്കല്‍ ഓര്‍ഡിനന്‍സ് പിന്‍വലിച്ചില്ലെങ്കില്‍ രാജ്യമെങ്ങും ജയില്‍ നിറയ്ക്കല്‍ പ്രക്ഷോഭം നടത്തുമെന്ന് അണ്ണാ ഹസാരെ മുന്നറിയിപ്പു നല്‍കി. വ്യവസായികള്‍ക്കു വേണ്ടി കേന്ദ്രസര്‍ക്കാര്‍ റിയല്‍ എസ്റ്റേറ്റ് ഇടപാട് നടത്തുകയാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാള്‍ ആരോപിച്ചു.

ദേശീയ രാഷ്ട്രീയത്തില്‍ വഴിത്തിരിവായ അഴിമതിവിരുദ്ധ സമരത്തില്‍ തോളോടുതോള്‍ ചേര്‍ന്നു പോരാടിയ അണ്ണാഹസാരെയും അരവിന്ദ് കേജ്‍രിവാളും മോദി സര്‍ക്കാരിന്‍റെ ഭൂമി ഏറ്റെടുക്കല്‍ ഓര്‍ഡിനന്‍സിനെതിരെ വീണ്ടും കൈകോര്‍ത്തപ്പോള്‍, ജന്തര്‍ മന്തര്‍ വീണ്ടും ജനസാഗരമായി. കിസാന്‍ സഭയും ഏകതാ പരിഷത്തുമടക്കമുള്ള കര്‍ഷക സംഘടനകളും സമരത്തില്‍ അണിചേര്‍ന്നു. വോട്ടുചെയ്ത് വിജയിപ്പിച്ച ജനങ്ങളെ പ്രധാനമന്ത്രി നരേന്ദ്രമോദി മറക്കരുതെന്നും, കര്‍ഷകവിരുദ്ധ ഓര്‍ഡിനന്‍സ് പിന്‍വലിച്ചില്ലെങ്കില്‍ പ്രക്ഷോഭത്തിന്‍റെ രൂപം മാറുമെന്നും അണ്ണാ ഹസാരെ പറഞ്ഞു.

സാധാരണക്കാരെ ദ്രോഹിക്കുന്ന നിയമം നിര്‍മിക്കുന്നവരെ ജനം പാഠം പഠിപ്പിക്കുമെന്ന് അരവിന്ദ് കേജ്‍രിവാള്‍ പറഞ്ഞു. പരിസ്ഥിതി പ്രവര്‍ത്തക മേധാ പട്കര്‍, മുന്‍ സുപ്രീംകോടതി ജഡ്ജ് രാജേന്ദ്ര സച്ചാര്‍, എം.ഡി.എം.കെ. നേതാവ് വൈകോ തുടങ്ങിയവരും സമരത്തിന് പിന്തുണയുമായെത്തി. പ്രധാനമന്ത്രി നരേന്ദ്രമോദി അധികാരമേറ്റ ശേഷം രാജ്യതലസ്ഥാനത്ത് നടക്കുന്ന ഏറ്റവും ജനപങ്കാളിത്തമുള്ള സമരം കൂടിയായി ഇത് മാറി.

Write a Comment

view all comments

Or
Your e-mail address will not be published. Also other data will not be shared with third person. Required fields marked as *