ജമ്മു കശ്മീരില്‍ പി.ഡി.പി.-ബി.ജെ.പി. സര്‍ക്കാര്‍

 

 

ജമ്മു കശ്മീരില്‍ പി.ഡി.പി.യും ബി.ജെ.പി.യും സഖ്യസര്‍ക്കാര്‍ രൂപവത്കരിക്കുമെന്ന് ഇരുപാര്‍ട്ടികളുടെയും നേതാക്കള്‍ സംയുക്തമായി പ്രഖ്യാപിച്ചു. പി.ഡി.പി. അധ്യക്ഷ മെഹബൂബ മുഫ്തിയും ബി.ജെ.പി. അധ്യക്ഷന്‍ അമിത് ഷായും ന്യൂഡല്‍ഹിയില്‍ നടത്തിയ ചര്‍ച്ചകള്‍ക്കു ശേഷമായിരുന്നു പ്രഖ്യാപനം.
ചര്‍ച്ചയില്‍ പൊതുമിനിമം പരിപാടിക്ക് (സി.എം.പി.) അന്തിമരൂപം നല്‍കി. ഭരണഘടനയിലെ 370-ാം അനുച്ഛേദത്തെയും സൈനികരുടെ പ്രത്യേകാധികാരനിയമത്തെയും ചൊല്ലിയുള്ള ഭിന്നതകള്‍ പരിഹരിച്ചതായി പി.ഡി.പി. രക്ഷാധികാരി മുഫ്തി മുഹമ്മദ് സയീദ് ജമ്മു കശ്മീരില്‍ പറഞ്ഞു. ഈ സാഹചര്യത്തില്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായി സയീദ് മാര്‍ച്ച് ഒന്നിന് സത്യപ്രതിജ്ഞ ചെയ്‌തേക്കും.
സയീദും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബുധനാഴ്ച കൂടിക്കാഴ്ച നടത്തും. അതിനുശേഷം സി.എം.പി.യിലെ കാര്യങ്ങള്‍ പുറത്തുവിടും.
മെഹബൂബയും അമിത് ഷായും തമ്മില്‍ അദ്ദേഹത്തിന്റെ വസതിയില്‍ നടന്ന ചര്‍ച്ച 45 മിനിറ്റ് നീണ്ടു. അതിനുശേഷമാണ് രണ്ടുപേരും ചേര്‍ന്ന് മാധ്യമങ്ങളെക്കണ്ട് സര്‍ക്കാര്‍ രൂപവത്കരണപ്രഖ്യാപനം അറിയിച്ചത്. മോദിയും സയീദും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കുശേഷം സത്യപ്രതിജ്ഞാ തീയതിയും സമയവും അറിയിക്കുമെന്ന് ഷാ പറഞ്ഞു.
‘ഭാഗ്യവശാല്‍’ ഇരുപാര്‍ട്ടികളും നിര്‍ണായകവിഷയങ്ങളില്‍ അഭിപ്രായൈക്യത്തിലെത്തിയെന്നാണ് മെഹബൂബ പറഞ്ഞത്. സംസ്ഥാനത്തെ ജനങ്ങളുടെ താത്പര്യവും ദേശീയതാത്പര്യവും കണക്കിലെടുത്ത് രൂപവത്കരിക്കുന്ന ആദ്യസര്‍ക്കാറാണ് പി.ഡി.പി.-ബി.ജെ.പി. സഖ്യസര്‍ക്കാറെന്ന് അവര്‍ അവകാശപ്പെട്ടു.