വി.എസ് തെറ്റുതിരുത്തണമെന്ന് ദേശാഭിമാനി ലേഖനം

vs achuthananthan1

വി.എസ് താന്‍പ്രമാണിത്തം ഉപേക്ഷിച്ച് തെറ്റുതിരുത്തണമെന്ന് ദേശാഭിമാനിയില്‍ ലേഖനം. സംഘടനാപരമായി മാത്രമല്ല രാഷ്ട്രീയമായും മറുകണ്ടം ചാടലാണ് വി.എസ്സിന്റെ ‘ബദല്‍രേഖ’യും അതേത്തുടര്‍ന്നുള്ള നിലപാടുകളുമെന്നും ‘അടിതെറ്റിയ ആകാശക്കോട്ടകള്‍’ എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച ലേഖനം പറയുന്നു.

സെക്രട്ടറിയറ്റ് പ്രമേയത്തെ പുച്ഛിച്ചുതള്ളിയ വി എസിന്റെ നടപടിയും അദ്ദേഹം വാങ്മൂലം നടത്തിയ പരസ്യവിശദീകരണവും സാധാരണനിലയില്‍ ഒരുപാര്‍ടി അംഗത്തിന്റെ അച്ചടക്കത്തിന് നിരക്കുന്നതല്ല. പാര്‍ടിയുടെ ശത്രുക്കള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന ആയുധമാണ് വി എസിന്റെ ‘ബദല്‍രേഖ’യെന്ന് കെപിസിസി യോഗം ചൊവ്വാഴ്ച കൈക്കൊണ്ട തീരുമാനം വ്യക്തമാക്കുന്നു.

ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും സുധീരനും വച്ച കെണിയില്‍ വീണിരിക്കുകയാണ് ‘ബദല്‍രേഖ’. ഇതൊക്കെയാണെങ്കിലും തന്‍പ്രമാണിത്തം ഉപേക്ഷിച്ചും തെറ്റുതിരുത്തിയും അച്ചടക്കത്തോടെ പാര്‍ടിയോടൊപ്പം നില്‍ക്കാനാണ് പാര്‍ടി ജനറല്‍സെക്രട്ടറി പ്രകാശ് കാരാട്ടിന്റെയും പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള പിബി അംഗങ്ങളുടെയും അഭ്യര്‍ഥന. തികച്ചും ക്ഷമാശീലത്തോടെയാണ് വി.എസ്സിന്റെ കാര്യത്തില്‍ പാര്‍ട്ടി നേതൃത്വം ഇടപെടുന്നത്.

വിരട്ടലും വിലപേശലും വേണ്ടെന്ന വ്യക്തമായ മുന്നറിയിപ്പ് നല്‍കിക്കൊണ്ട് പിണറായി വിജയന്‍ നടത്തി പ്രസംഗത്തിലെ രക്തസാക്ഷിത്വത്തേക്കാള്‍ വലുതായി ഒരു ത്യാഗവുമില്ലെന്ന ഓര്‍മ്മപെടുത്തല്‍ ദേശാഭിമാനി ലേഖനത്തിലും ആവര്‍ത്തിക്കുന്നുണ്ട്. രക്തസാക്ഷിത്വത്തേക്കാള്‍ വലുതായി ഒരു ത്യാഗവുമില്ലെന്ന് ചൂണ്ടിക്കാട്ടുകയും ജീവരക്തംകൊണ്ട് ലോക്കപ്പ് മുറിയിലെ ഭിത്തിയില്‍ ചുവപ്പുപരത്തിയ ഒഞ്ചിയം രക്തസാക്ഷി മണ്ടോടി കണ്ണന്റെ ധീരസ്മരണ അയവിറക്കുകയും ചെയ്തത് വര്‍ത്തമാനകാല രാഷ്ട്രീയ അവസ്ഥകളോടുള്ള പ്രതികരണമായിരുന്നുവെന്ന് ദേശാഭിമാനി പറയുന്നു. സെക്രട്ടറി സ്ഥാനത്തേക്ക് പിണറായി വിജയന്‍ ഇ പി ജയരാജന്റെ പേര് നിര്‍ദേശിച്ചതായും അത് നിരാകരിച്ച് കോടിയേരിയെ സെക്രട്ടറിയാക്കാന്‍ പിബി നിര്‍ദേശിച്ചെന്നുമുള്ള വാര്‍ത്തകള്‍ കെട്ടുകഥയാണെന്നും ദേശാഭിമാനി പറയുന്നു.

വ്യക്തി എത്ര മഹാനാണെങ്കിലും അല്ലെങ്കിലും ആ വ്യക്തിയുടെ പേരിലല്ല കമ്യൂണിസ്റ്റ് പ്രസ്ഥാനം നിലകൊള്ളുന്നതെന്ന് ആലപ്പുഴ റാലി വിളംബരംചെയ്തു. ‘വ്യക്തിമഹാത്മ്യ സിദ്ധാന്തം’ നിരാകരിച്ച റാലിയിലെ നേതാക്കളുടെ പ്രസംഗമാണ് ശ്രദ്ധേയമായ മറ്റൊരു വസ്തുത. സിപിഐ എം ഏതെങ്കിലും വ്യക്തികളുടെയോ സംഘങ്ങളുടെയോ അല്ല ജനങ്ങളുടെ പൊതുസ്വത്താണെന്ന് പാര്‍ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ഓര്‍മിപ്പിച്ചത് എന്നിങ്ങനെ പോകുന്നു ലേഖനം