ഭൂമിയേറ്റെടുക്കല്‍ ബില്‍; ചര്‍ച്ചയ്ക്ക് തയ്യാറെന്ന് സര്‍ക്കാര്‍

 

narendra modi

പ്രതിപക്ഷ പാര്‍ട്ടികള്‍ക്കൊപ്പം സഖ്യകക്ഷികളും എതിര്‍ത്തതോടെ ഭൂമിയേറ്റെടുക്കല്‍ ഭേദഗതി ബില്ലിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ വെട്ടിലായി. ഘടകകക്ഷികളായ എല്‍.ജെ.പി., ശിവസേന, അകാലിദള്‍, ഷേത് കാരി സ്വാഭിമാനപക്ഷം തുടങ്ങിയവയാണ് ബല്ലിനെതിരെ രംഗത്തെത്തിയത്.
ഇതോടെ ഉരുണ്ടുകൂടിയ രാഷ്ടീയസാഹചര്യം ചര്‍ച്ചചെയ്യാന്‍ കേന്ദ്രമന്ത്രിമാരായ അരുണ്‍ ജെയ്റ്റ്‌ലി, നിതിന്‍ ഗഡ്കരി, സുഷമാസ്വരാജ് എന്നിവര്‍ ബുധനാഴ്ച പ്രധാനമന്ത്രിയെ കണ്ടു
സാമൂഹിക പ്രത്യാഘാതമടക്കമുള്ള വിവാദ വിഷയങ്ങളില്‍ ആരുമായും ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും നിര്‍ദിഷ്ട ബില്ലിന്റെ കാര്യത്തിലുള്ള ദുരൂഹത മാറ്റാന്‍ സര്‍ക്കാറിന് കഴിഞ്ഞിട്ടില്ല. അഭിപ്രായ വ്യത്യാസങ്ങള്‍ ചര്‍ച്ച ചെയ്ത് ബില്ലുമായി മുന്നോട്ട് പോയേക്കുമെന്നാണ് സൂചന. പ്രതിപക്ഷം രാഷ്ട്രീയലാക്കോടെയാണ് നീങ്ങുന്നതെന്നും ഓര്‍ഡിനന്‍സ് കര്‍ഷകര്‍ക്കനുകൂലമാണെന്നും ഗഡ്കരി വാര്‍ത്താലേഖകരോട് പറഞ്ഞു.
കര്‍ഷകരുടെ അനുമതിയില്ലാതെ തന്നെ ഭൂമിയേറ്റെടുക്കാനനുവദിക്കുന്നതടക്കം ബില്ലിലുള്ള പല നിബന്ധനകളിലും അഭിപ്രായ വ്യത്യാസമുണ്ടെന്ന് എല്‍.ജെ.പി. തലവനും കേന്ദ്രമന്ത്രിയുമായ രാംവിലാസ് പസ്വാന്‍ പറഞ്ഞു. പാര്‍ട്ടിയുടെ ആറ് എം.പി.മാരും പങ്കെടുത്ത യോഗത്തിന് ശേഷമാണ് പസ്വാന്‍ എതിര്‍പ്പറിയിച്ചത്.
പ്രതിപക്ഷത്തിന്റെയും സഖ്യകക്ഷികളുടെയും എതിര്‍പ്പിനുപുറമേയാണ് പൗരസമൂഹ പ്രതിനിധികളില്‍ നിന്നുള്ള സമ്മര്‍ദം. കഴിഞ്ഞ ദിവസം ഗാന്ധിയന്‍ സംഘടനയായ ഏക്താ പരിഷത് ഭൂരഹിതരുടെ പദയാത്ര സംഘടിപ്പിച്ചിരുന്നു. ഇടത് സംഘടനകളും കോണ്‍ഗ്രസ് കര്‍ഷക സംഘടനകളും ബില്ലിനെതിരെ സമരരംഗത്താണ്. പൊതുപ്രവര്‍ത്തകനായ അണ്ണ ഹസാരെ ബില്‍ പാസാക്കാന്‍ അനുവദിക്കില്ലെന്ന് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.
മോദിസര്‍ക്കാറിന്റെ വികസന മുന്നേറ്റങ്ങള്‍ക്ക് അടിത്തറയാകേണ്ട ഭൂമിയേറ്റെടുക്കല്‍ ബില്‍ പാസാക്കിയെടുക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ പിന്നോട്ടില്ലെന്നാണ് സൂചനകള്‍. കര്‍ഷക വിരുദ്ധ നിബന്ധനകളുണ്ടെങ്കില്‍ ചര്‍ച്ച ചെയ്യാമെന്ന് പറയുമ്പോഴും അറ്റകൈ പ്രയോഗമെന്ന നിലയില്‍ സഭാ സംയുക്തസമ്മേളനത്തിനുള്ള സാധ്യതയും തള്ളുന്നില്ല. ലോക്‌സഭയില്‍ ബില്ലിനെ എതിര്‍ക്കുന്ന സഖ്യകക്ഷികള്‍ മാറിനിന്നാലും ഒറ്റയ്ക്ക് 282 അംഗങ്ങളുള്ള സര്‍ക്കാറിന് പ്രതിബന്ധങ്ങള്‍ മറികടക്കാനാവും. ഭൂരിപക്ഷം കുറവുള്ള രാജ്യസഭയെ മറികടക്കാന്‍ സംയുക്ത സമ്മേളനത്തിനുള്ള സാധ്യതയും തള്ളാനാവില്ല. 6.5 ലക്ഷം കോടി രൂപ മുതല്‍മുടക്ക് വരുന്ന 160 വന്‍ പദ്ധതികള്‍ക്ക് പരിസ്ഥിതി അനുമതി നല്‍കുന്നതടക്കമുള്ള കാര്യങ്ങളില്‍ ഭൂമിയേറ്റെടുക്കല്‍ ഭേദഗതി ബില്‍ നിര്‍ണായകമാണ്.