യാത്ര നിരക്ക് കൂടില്ല; ചരക്കുകൂലിയില്‍ നേരിയ വര്‍ധന

rail budget

യാത്ര നിരക്കില്‍ വര്‍ധനവരുത്താതെ റെയില്‍മന്ത്രി സുരേഷ് പ്രഭു അവതരിപ്പിച്ച ആദ്യ ബജറ്റില്‍ റെയില്‍വയെ സ്വയംപര്യാപ്തമാക്കുന്നതിനുള്ള കര്‍മ്മപദ്ധതികള്‍ക്ക് ഊന്നല്‍. സ്വച്ഛ് റെയില്‍വെ സ്വച്ഛ് ഭാരത് എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിക്കുന്ന ബജറ്റ് അഞ്ച് വര്‍ഷങ്ങള്‍, നാല് ലക്ഷ്യങ്ങള്‍ എന്നാണ് ഉദ്‌ഘോഷിക്കുന്നത്. സുരക്ഷ, സുഖയാത്ര, നവീകരണം, സാമ്പത്തിക സ്വയംപര്യാപ്തത എന്നിവയാണ് അഞ്ച് വര്‍ഷത്തെ ലക്ഷ്യങ്ങളായി ബജറ്റ് വിഭാവനം ചെയ്യുന്നത്. പാതഇരട്ടിപ്പിക്കലിനും വൈദ്യുതീകരണത്തിനും ഊന്നല്‍ നല്‍കി വേഗത്തില്‍ സമയബന്ധിതമായി ട്രെയിന്‍ ഓടിക്കുകയാണ് ലക്ഷ്യമെന്നും സുരേഷ് പ്രഭു പറഞ്ഞു.

മുന്‍ബജറ്റുകളില്‍ നിന്ന് വിഭിന്നമായി ബജറ്റില്‍ ഒരു പുതിയ തീവണ്ടിയോ പാതയോ പ്രഖ്യാപിച്ചില്ല. പുതിയ ട്രെയിനുകള്‍ക്കായി നിരവധി ആവശ്യങ്ങള്‍ മുന്നിലുണ്ടെങ്കിലും ഇതുസംബന്ധിച്ച് പഠനം നടന്നുകൊണ്ടിരിക്കുകയാണ്. അതിന് ശേഷം ഈ പാര്‍ലമെന്റ് സമ്മേളനത്തില്‍ തന്നെ പുതിയ തീവണ്ടികളുടെ പ്രഖ്യാപനം നടത്തുമെന്ന് പറഞ്ഞാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്.

പാത ഇരട്ടിപ്പിക്കലിനും ട്രാക്കുകള്‍ കൂട്ടുന്നതിനും ഗേജ് മാറ്റത്തിനും പുതിയ പദ്ധതികള്‍ക്കുമായി ആകെ 96,182 കോടി രൂപ ബജറ്റില്‍ നീക്കിവെച്ചിട്ടുണ്ട്. 120 ദിവസം മുമ്പ് മുന്‍കൂട്ടി ടിക്കറ്റ് റിസര്‍വ് ചെയ്യും. ഇന്ത്യന്‍ റെയില്‍വെയെ നവീകരിക്കുന്നതിന് അഞ്ച് വര്‍ഷത്തെ കര്‍മ്മപദ്ധതി തയാറാക്കുമെന്ന് അദ്ദേഹംപറഞ്ഞു. ബജറ്റിന് പിന്നാലെ കര്‍മ്മപദ്ധതി പ്രഖ്യാപിക്കും. പൊതുസ്വകാര്യ മേഖലകളുമായി സഹകരിച്ച് പദ്ധതികള്‍ നടപ്പാക്കും.

മുതിര്‍ന്ന പൗരന്മാര്‍ക്കും ഗര്‍ഭിണികള്‍ക്കുമായി ട്രെയിനുകളില്‍ ലോവര്‍ബര്‍ത്ത് ക്വാട്ട ഏര്‍പ്പെടുത്തും. പ്രധാന ട്രെയിനുകളില്‍ ജനറല്‍ കോച്ചുകളുടെ എണ്ണം കൂട്ടും. ഐ.ആര്‍.സി.ടി.സി വഴി പിക് ആന്‍ഡ് ഡ്രോപ് സംവിധാനം ഏര്‍പ്പെടുത്തി. തിരഞ്ഞെടുത്ത 108 ട്രെയിനുകളില്‍ ഇഷ്ട ഭക്ഷണം ഐ.ആര്‍.സി.ടി.സി വഴി ലഭ്യമാക്കും.

അഞ്ചുവര്‍ഷം കൊണ്ട് ആളില്ലാ ലെവല്‍ക്രോസുകള്‍ ഒഴിവാക്കുമെന്ന് ബജറ്റ് പറയുന്നു. ജനശതാബ്ദി ട്രെയിനുകളുടെ വേഗം കൂട്ടും. സോളാര്‍ പാനലുകള്‍ സ്ഥാപിച്ച് 1000 മെഗാവാട്ട് വൈദ്യുതി ഉത്പാദിക്കും. രണ്ട് വര്‍ഷത്തിനുള്ളില്‍ യാത്രാസമയം 20 ശതമാനം കുറയ്ക്കാന്‍ ലക്ഷ്യമിടുന്നത്.

യാത്രക്കാരുടെ സുരക്ഷ കൂട്ടുന്നതിന് മുന്‍ഗണന നല്‍കും. സ്ത്രീസുരക്ഷയ്ക്കായി പ്രത്യേക സംവിധാനം. 182 നമ്പറില്‍ വിളിച്ച് സ്ത്രീ സുരക്ഷപ്രശ്‌നങ്ങള്‍ അറിയിക്കാം