കടുവകളെ മെരുക്കി സിംഹള വീര്യം.

wc sl ban

മെല്‍ബണ്‍: സിംഹള വീര്യത്തിന് മുന്നില്‍ ബംഗ്ലാ കടുവകള്‍ക്ക് പിടിച്ചു നില്‍ക്കാനായില്ല.ലോകകപ്പിലെ രണ്ടാം ജയം ആഘോഷിച്ച ശ്രീലങ്ക ബംഗ്ലാദേശിനെ 92 റണ്‍സിന് തോല്‍പ്പിച്ചു. ശ്രീലങ്ക ഉയര്‍ത്തിയ 332 റണ്‍സിന് മറുപടിയായി 47 ഓവറില്‍ 240 റണ്‍സിന് ഓള്‍ഔട്ടായി. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ശ്രീങ്കയ്ക്ക് മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ ദില്‍ഷനും തിരമന്നയും ചേര്‍ന്ന് നല്‍കിയത്. ഇരുവരും ചേര്‍ന്ന് വിക്കറ്റ് നഷ്ടപ്പെടാതെ 122 ല്‍ എത്തിച്ചു. 52 റണ്‍സെടുത്ത തിരിമന്നെ പുറത്തായതോടെ ദില്‍ഷന് കൂട്ടായി സംഗക്കാര വന്നു. ബംഗ്ലാദേശ് ബൗളര്‍മാരെ സമര്‍ത്ഥമായി നേരിട്ട ഇരുവരും സ്‌കോര്‍ അതിവേഗം ഉയര്‍ത്തി.55 പന്തില്‍ അര്‍ധ ശതകം തികച്ച ദില്‍ഷന്‍ 115ാം പന്തില്‍ സെഞ്ച്വറിയിലെത്തി. എന്നാല്‍ അതിന് ശേഷം നേരിട്ട 31 പന്തില്‍ 61 റണ്‍സാണ് ദില്‍ഷന്‍ അടിച്ചെടുത്തത്. 22 ബൗണ്ടറികള്‍ സഹിതമാണ് ദില്‍ഷന്‍ തന്റെ അജയ്യമായ ഇന്നിംഗസ് പടുത്തുയര്‍ത്തിയത്. സെഞ്ച്വറി തികച്ച ശേഷമാണ് ദില്‍ഷന്‍ തുടങ്ങിയതെങ്കില്‍ സങ്കക്കാര നേരത്തെ തന്നെ വെടിക്കെട്ട് തുടങ്ങിയിരുന്നു. 45 പന്തില്‍ 50 കടന്ന സംഗക്കാരയ്ക്ക് സെഞ്ച്വറിയിലെത്താന്‍ പിന്നെ വേണ്ടിവന്നത് 28 പന്തുകള്‍കൂടി. 76 പന്തില്‍ 105 റണ്‍സുമായി സംഗക്കാരയും പുറത്താകാതെ നിന്നു. 210 റണ്‍സാണ് രണ്ടാം വിക്കറ്റില്‍ ദില്‍ഷനും സംഗക്കാരയും ചേര്‍ന്ന് കൂട്ടിച്ചേര്‍ത്തത്. മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശിനെ രണ്ടാം പന്തില്‍ തന്നെ മലിംഗ വിറപ്പിച്ചു. റണ്‍സെടുക്കാതെ തമിം ഇഖ്ബാല്‍ പുറത്ത്. 50 കടക്കും മുമ്പെ സൗമ്യ സര്‍ക്കാരും മുമൈനുല്‍ ഹഖും കൂടി കരയ്‌ക്കെത്തിയതോടെ ബംഗ്ലാദേശ് പ്രതിരോധത്തിലായി. നന്നായി കളിച്ചുവന്ന ഷാക്കിബുല്‍ ഹസന്‍ 46 റണ്‍സിന് പുറത്തായി. ഷാക്കിബിനെ ദില്‍ഷന്‍ മലിംഗയുടെ കയ്യിലെത്തിക്കുകയായിരുന്നു. മുഷ്ഫിക്കര്‍ റഹിമും സാബിര്‍ റഹ്മാനും വാലറ്റത്ത് ചെറുത്ത് നില്‍പിന് ശ്രമിച്ചെങ്കിലും ലക്ഷ്യം ഏറെ അകലെയായിരുന്നു. മുഷ്ഫിക്കര്‍ 36 ഉം സാബിര്‍ റഹ്മാന്‍ 53 ഉം റണ്‍സെടുത്തു. ശ്രീലങ്കയ്ക്കായി മലിംഗ മൂന്നും ദില്‍ഷനും സുരംഗ ലക്മലും 2 ഉം വിക്കറ്റെടുത്തു