സ്പീക്കര്‍ ജി. കാര്‍ത്തികേയന്റെ രോഗനില ഗുരുതരം

g karthikeyan

കരളിലെ അര്‍ബുദത്തെത്തുടര്‍ന്ന് ബെംഗളൂരുവിലെ എച്ച്.സി.ജി. ആസ്പത്രിയില്‍ ചികിത്സയിലുള്ള കേരള നിയമസഭാ സ്പീക്കര്‍ ജി. കാര്‍ത്തികേയന്റെ നില ഗുരുതരമായി തുടരുന്നു.

സര്‍ജറി വിഭാഗത്തിലെ ഐ.സി.യു.വിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച വൈകിട്ട് ശസ്ത്രക്രിയ നടത്താമെന്ന് ഡോക്ടര്‍മാര്‍ ആദ്യം കരുതിയെങ്കിലും അതിനുള്ള ആരോഗ്യനില അദ്ദേഹത്തിനില്ലെന്നുകണ്ട് പകരം റേഡിയേഷന്‍ ചികിത്സയാണ് നടത്തുന്നത്.

കേരളമന്ത്രിമാരായ രമേശ് ചെന്നിത്തലയും കെ.സി. ജോസഫും വ്യാഴാഴ്ച വൈകിട്ട് ആസ്പത്രിയിലെത്തി അദ്ദേഹത്തെ കണ്ടിരുന്നു. സ്പീക്കറെ കൊച്ചിയിലെ അമൃത ആസ്പത്രിയിലേക്ക് മാറ്റാനാകുമോ എന്ന് മന്ത്രിമാര്‍ അന്വേഷിക്കുകയുണ്ടായി. എന്നാല്‍, രോഗനില ഗുരുതരമായതിനാല്‍ ഇപ്പോള്‍ അത് സാധ്യമല്ലെന്നറിഞ്ഞു.

കരളിന്റെ പ്രവര്‍ത്തനം തകരാറിലായതിനെത്തുടര്‍ന്ന് ഡല്‍ഹിയിലും അമേരിക്കയിലും കാര്‍ത്തികേയന് ചികിത്സ നടത്തിയിരുന്നു. നാട്ടിലേക്കുമടങ്ങിയെങ്കിലും വീണ്ടും ആരോഗ്യം മോശമായതിനാല്‍, തിരുവനന്തപുരത്തെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയുണ്ടായി. അവിടെനിന്ന് ഒരാഴ്ചമുമ്പ് ബെംഗളൂരുവിലെ ആസ്പത്രിയിലേക്കു കൊണ്ടുവരികയായിരുന്നു.